Asianet News MalayalamAsianet News Malayalam

യുഎഇയില്‍ പരസ്യം കണ്ട് മസാജിന് പോയ യുവാവിനെ മുറിയില്‍ കെട്ടിയിട്ട് പണം കൊള്ളയടിച്ചു

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം കൈവശമുണ്ടായിരുന്ന 1550 ദിര്‍ഹവും ഡെബിറ്റ് കാര്‍ഡും  കൈക്കലാക്കി. സംഘത്തിലൊരാള്‍ ഡെബിറ്റ് കാര്‍ഡുമായി പണം പിന്‍വലിക്കാന്‍ പുറത്തേക്ക് പോയെങ്കിലും അക്കൌണ്ടില്‍ പണമുണ്ടായിരുന്നില്ല.

youth robbed in dubai after a woman lured him to an apartment for massage
Author
Dubai - United Arab Emirates, First Published Jul 30, 2021, 9:23 PM IST

ദുബൈ: മസാജിനെന്ന പേരില്‍ വിളിച്ചുവരുത്തിയ യുവാവിനെ കെട്ടിയിട്ട് പണം കൊള്ളയടിച്ച കേസില്‍ നാല് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം വീതം ജയില്‍ ശിക്ഷ. പ്രവാസികളായ രണ്ട് സ്‍ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘത്തിന് ദുബൈ പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്.

ദുബൈയിലെ അല്‍ ബര്‍ഷയില്‍ ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റ് വാടകയ്‍ക്ക് എടുത്താണ് തട്ടിപ്പിന് കളമൊരുക്കിയത്. പരസ്യം കണ്ട് വാട്സ്ആപ് വഴി ബന്ധപ്പെട്ട യുവാവിനെ മസാജിനായി അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മുറിയില്‍ കയറിയ ഇയാളോട് ബെഡില്‍ കിടക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ സംഘത്തിലെ മറ്റുള്ളവരും സ്ഥലത്തെത്തി.

മുറിയ്ക്കുള്ളില്‍ കെട്ടിയിട്ട ശേഷം മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ചോദിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം കൈവശമുണ്ടായിരുന്ന 1550 ദിര്‍ഹവും ഡെബിറ്റ് കാര്‍ഡും  കൈക്കലാക്കി. സംഘത്തിലൊരാള്‍ ഡെബിറ്റ് കാര്‍ഡുമായി പണം പിന്‍വലിക്കാന്‍ പുറത്തേക്ക് പോയെങ്കിലും അക്കൌണ്ടില്‍ പണമുണ്ടായിരുന്നില്ല.

അതേസമയം അപ്പാര്‍ട്ട്മെന്റ് വാടകയ്‍ക്ക് എടുത്ത സ്‍ത്രീയെക്കുറിച്ച് ഹോട്ടല്‍ മാനേജര്‍ക്ക് സംശയം തോന്നിയതിനാല്‍ അദ്ദേഹം പൊലീസിനെ വിവരമറിയിച്ചു. ഉടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘം സ്ഥലത്തെത്തി. സംഭവം ശ്രദ്ധയില്‍പെട്ടതോടെ നാല് പേരെയും അറസ്റ്റ് ചെയ്‍തു. 25നും 31നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികളെല്ലാവരും. മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്ന യുവാവിനെ പൊലീസ് സംഘം മോചിപ്പിച്ചു. ഇയാളുടെ പണവും തിരികെ വാങ്ങി നല്‍കി.

മോഷണം, തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios