Asianet News MalayalamAsianet News Malayalam

ഡിആര്‍എസ് എന്നാല്‍ ധോണി റിവ്യൂ സിസ്റ്റം, 'തല'യുടെ കൃത്യതയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി റെയ്‌ന

ഡിആര്‍എസിനെ ധോണി റിവ്യൂ സിസ്റ്റം എന്നാണ് ആരാധകര്‍ വിളിക്കുന്നത് എന്ന് ധോണിക്ക് അറിയാമെന്ന് റെയ്‌ന

SA20 2023 Suresh Raina and Pragyan Ojha hail MS Dhoni DRS call
Author
First Published Jan 19, 2023, 3:40 PM IST

കേപ്‌ടൗണ്‍: ക്രിക്കറ്റില്‍ ഡിആര്‍എസിന് ധോണി റിവ്യൂ സിസ്റ്റം എന്നൊരു പേര് തന്നെയുണ്ട്. ധോണി ഡിആര്‍എസ് വിളിച്ചാല്‍ അത് വിക്കറ്റാണ് എന്നുറപ്പിക്കാം എന്നാണ് പൊതു് വിലയിരുത്തല്‍. ഐസിസി ടൂര്‍ണമെന്‍റുകളിലടക്കം തന്‍റെ ഡിആര്‍എസ് മികവ് കൊണ്ട് ധോണി ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇതേ പ്രശംസയാണ് ഡിആര്‍എസിന്‍റെ കാര്യത്തില്‍ ധോണിക്ക് മുന്‍ സഹതാരങ്ങളായ സുരേഷ് റെയ്‌നയും പ്രഗ്യാന്‍ ഓജയും നല്‍കുന്നത്. 

'ഡിആര്‍എസിനെ ധോണി റിവ്യൂ സിസ്റ്റം എന്നാണ് ആരാധകര്‍ വിളിക്കുന്നത് എന്ന് ധോണിക്ക് അറിയാം. എനിക്കും ഡിആര്‍എസ് ധോണി റിവ്യൂ സിസ്റ്റം തന്നെയാണ്. ധോണി എപ്പോഴും അവസാന നിമിഷമാണ് ഡിആര്‍എസ് എടുക്കാറ്. വിക്കറ്റാണ് അത് എന്ന് ബൗളര്‍ എപ്പോഴും കരുതുമെങ്കിലും മൂന്ന് സ്റ്റംപുകളും വിക്കറ്റിന് പിന്നില്‍ നിന്ന് കാണുന്ന ധോണിക്കാണ് ഇക്കാര്യത്തില്‍ ഏറ്റവും കൃത്യമായ തീരുമാനമെടുക്കാന്‍ കഴിയുക' എന്നും റെയ്‌ന ദക്ഷിണാഫ്രിക്കന്‍ ട്വന്‍റി 20 ലീഗിന്‍റെ ഭാഗമായി വയാംകോം 18ന്‍റെ ചര്‍ച്ചയില്‍ പറഞ്ഞു. ധോണിയുടെ ഡിആര്‍എസ് മികവിനെ പ്രഗ്യാന്‍ ഓജയും പ്രശംസിച്ചു. ധോണി വിക്കറ്റിനായി അപ്പീല്‍ ചെയ്‌താലും ഡിആര്‍എസ് എടുത്താലും അത് ഔട്ടാണ് എന്ന് ഉറപ്പിക്കാം എന്നാണ് പ്രഗ്യാന്‍ ഓജയുടെ വാക്കുകള്‍. 

ഇന്ത്യന്‍ ടീമില്‍ എം എസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ കളിച്ച താരങ്ങളാണ് സുരേഷ് റെയ്‌നയും പ്രഗ്യാന്‍ ഓജയും. റെയ്‌ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലും ധോണിക്ക് കീഴില്‍ കളിച്ചിട്ടുണ്ട്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ എം എസ് ധോണി കൂള്‍ ക്യാപ്റ്റന്‍ എന്നാണ് അറിയപ്പെടുന്നത്. ഡിആര്‍എസ് കൃത്യമായി ഉപയോഗപ്പെടുത്തുന്നതിലൂടെ അംപയര്‍മാരുടെ തീരുമാനം ഏറെത്തവണ തിരുത്താന്‍ ധോണിക്കായിട്ടുണ്ട്. ഈ കൃത്യതയെ സൂചിപ്പിക്കാനാണ് ഡിആര്‍എസിനെ ധോണി റിവ്യൂ സിസ്റ്റം എന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. 

ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്‌സിനെ എറിഞ്ഞൊതുക്കി; പാള്‍ റോയല്‍സിന് ജയം

Follow Us:
Download App:
  • android
  • ios