ദില്ലി: ആറുപതിറ്റാണ്ടിനിടെ ലോകരാഷ്‌ട്രങ്ങള്‍ നടത്തിയ ചാന്ദ്രദൗത്യങ്ങള്‍ വിജയം കണ്ടത്‌ 60 ശതമാനം മാത്രമെന്ന് റിപ്പോര്‍ട്ട്. ഈ കാലഘട്ടത്തില്‍ പരീക്ഷിച്ച 109 ചാന്ദ്രദൗത്യങ്ങളില്‍ 61 എണ്ണം വിജയിച്ചെന്നും 48 എണ്ണം പരാജയപ്പെട്ടെന്നും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ "മൂണ്‍ ഫാക്‌ട്‌ ഷീറ്റ്‌" പറയുന്നു. ഏറ്റവും ഒടുവില്‍ ഇസ്രയേലിന്റെ ചാന്ദ്രദൗത്യം ബെയര്‍ഷീറ്റ്‌ കഴിഞ്ഞ ഏപ്രിലില്‍ പരാജയപ്പെട്ടിരുന്നു.    

1958നും 2019നും ഇടയില്‍ ഇന്ത്യയെക്കൂടാതെ യു.എസ്‌., യു.എസ്‌.എസ്‌.ആര്‍.(ഇപ്പോള്‍ റഷ്യ), ജപ്പാന്‍, ചൈന, ഇസ്രയേല്‍ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും വിവിധ തരത്തിലുള്ള ചാന്ദ്രദൗത്യപരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌. 1958 ഓഗസ്‌റ്റ്‌ 17ന്‌ അമേരിക്ക നടത്തിയ ആദ്യ ചന്ദ്ര ദൗത്യം പയനീര്‍  പരാജയമായിരുന്നു. വിജയകരമായ ആദ്യ ചാന്ദ്രദൗത്യം യു.എസ്‌.എസ്‌. ആറിന്‍റെ ലൂണ ഒന്നായിരുന്നു, 1959 ജനുവരി നാലിന്‌. എന്നാല്‍ ഇതു വിജയമായത്‌ ആറാം ശ്രമത്തിലായിരുന്നു. 

1958 ഓഗസ്‌റ്റ്‌ മുതല്‍ 1959 നവംബര്‍ വരെയുള്ള ഒരുവര്‍ഷസമയം കൊണ്ട്‌ അമേരിക്കയും യു.എസ്‌.എസ്‌.ആറും നടത്തിയത്‌ 14 ചാന്ദ്രദൗത്യങ്ങളാണ്‌. ഇതില്‍ വിജയിച്ചത്‌ മൂന്നെണ്ണം മാത്രം ലൂണ-1, ലൂണ -2, ലൂണ-3. മൂന്നും യു.എസ്‌.എസ്‌.ആറിന്റേത്‌. 1964 ജൂലൈയില്‍ യു.എസ്‌. നടത്തിയ റേഞ്ചര്‍ 7 ദൗത്യമാണ്‌ ചന്ദ്രന്റെ ആദ്യക്ലോസപ്പ്‌ ചിത്രങ്ങളെടുക്കുന്നത്‌. രണ്ടുവര്‍ഷം കഴിഞ്ഞ്‌ 1966ല്‍ യു.എസ്‌.എസ്‌.ആറിന്‍റെ ലൂണ ഒന്‍പതാണ്‌ ചന്ദ്രോപരിതലത്തില്‍ ആദ്യ സോഫ്‌റ്റ്‌ ലാന്‍ഡിങ്‌ നടത്തുകയും ഉപരിതലത്തിന്‍റെ ചിത്രങ്ങളെടുക്കുകയും ചെയ്‌തത്‌. 
അഞ്ചുമാസങ്ങള്‍ക്കുശേഷം സര്‍വേയര്‍ ഒന്നിലൂടെ അമേരിക്ക സമാനമായ വിജയദൗത്യം സ്വന്തമാക്കി. പിന്നീട്‌ ചന്ദ്രോപരിതലത്തില്‍ നീല്‍ ആംസ്‌ട്രോങ്ങിന്റെ നേതൃത്വത്തില്‍ മനുഷ്യനെ ഇറക്കിയ അമേരിക്കയുടെ അപ്പോളോ-2 മാനവരാശിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി.

1958നും 79നും ഇടയില്‍ അമേരിക്കയും യു.എസ്‌.എസ്‌.ആറും മാത്രമാണ്‌ ചാന്ദ്രദൗത്യങ്ങള്‍ നടത്തിയത്‌. ഈ 21 വര്‍ഷം കൊണ്ട്‌ 90 ദൗത്യങ്ങളാണ്‌ ഇരുരാജ്യങ്ങളും ചേര്‍ന്നു സൃഷ്‌ടിച്ചത്‌. 80-89 കാലഘട്ടത്തില്‍ ഒരു ചാന്ദ്രദൗത്യം പോലുമുണ്ടായില്ല. ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍, ചൈന, ഇന്ത്യ, ഇസ്രയേല്‍ എന്നിവര്‍ പിന്നീടാണ്‌ ചാന്ദ്രപര്യവേഷത്തിലേക്കു തിരിയുന്നത്‌.

ജപ്പാന്റെ ആദ്യചാന്ദ്രദൗത്യമായ ഹൈടെന്‍ 1990 ജനുവരിയിലാണു വിക്ഷേപിക്കുന്നത്‌. പിന്നീട്‌ 2007 സെപ്‌റ്റംബറില്‍ രണ്ടാം ദൗത്യമായ സെലീന്‍ ജപ്പാന്‍ വിക്ഷേപിച്ചു. 
2000-2009 കാലഘട്ടത്തില്‍ ആറു ചന്ദ്രദൗത്യങ്ങളാണുണ്ടായിരുന്നത്‌.