മൗറീഷ്യസില്‍ ഇന്ധനടാങ്കര്‍ മുങ്ങിയതോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂക്ഷമായ മലിനീകരണപ്രതിസന്ധി. കടല്‍ജലത്തില്‍ കറുത്ത നിറത്തില്‍ ഇന്ധനം പരക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. മൗറീഷ്യസില്‍ 'പാരിസ്ഥിതിക അടിയന്തരാവസ്ഥ' പ്രഖ്യാപിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ലഗൂണുകളിലിടിച്ച് തകര്‍ന്ന യെമനില്‍ നിന്നുള്ള ടാങ്കര്‍ കപ്പലില്‍ നിന്നാണ് ഇപ്പോള്‍ വലിയതോതില്‍ എണ്ണ ചോരുന്നത്. ഇത് തീരത്തേക്കും ലഗൂണുകള്‍ക്കുള്ളിലേക്കുമാണ് വ്യാപിക്കുന്നത്. പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകളും പരിസ്ഥിതി പ്രചാരകരും പറയുന്നതനുസരിച്ച് ജൂലൈ അവസാനത്തോടെയാണ് കപ്പലില്‍ നിന്നുള്ള ഇന്ധനചോര്‍ച്ച ആരംഭിച്ചത്. ദ്വീപ് രാജ്യത്തിന്റെ കിഴക്ക് ഭാഗത്തുള്ള പോയിന്റ് ഡി എസ്‌നിയിലാണ് കപ്പല്‍ തകര്‍ന്നത്. ഇത് ബ്ലൂ ബേ മറൈന്‍ പാര്‍ക്ക് റിസര്‍വിനും നിരവധി പ്രശസ്ത ടൂറിസ്റ്റ് ബീച്ചുകള്‍ക്കും സമീപമാണ്.

മുങ്ങി തുടങ്ങിയ കപ്പലില്‍ നിന്നുള്ള ഇന്ധനമാണ് സമീപത്തെ ജലത്തിലെല്ലാം വലിയതോതില്‍ വ്യാപിച്ചിരിക്കുന്നത്. ഇത് മൗറീഷ്യസിലെ ലഗൂണുകള്‍ക്ക് വന്‍നാശനഷ്ടമുണ്ടാക്കും. മൗറീഷ്യസ് ദ്വീപിനെ നിലനിര്‍ത്തുന്നതു തന്നെ അതിനു ചുറ്റുമുള്ള പവിഴപ്പുറ്റുകളാണ്. കപ്പലില്‍ നിന്നുള്ള മലിനീകരണ മാലിന്യങ്ങളും ടാങ്കില്‍ അവശേഷിക്കുന്ന ഇന്ധനവും ചുറ്റുമുള്ള പ്രദേശത്തേക്ക് ഒഴുകി ഇറങ്ങുന്നത്, സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി പ്രവീന്ദ് ജുഗ്‌നൗത്ത് പരിസ്ഥിതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഫ്രഞ്ച് ദ്വീപായ റീയൂണിയന് തൊട്ടടുത്താണ് മൗറീഷ്യസ് സ്ഥിതിചെയ്യുന്നത്. ജഗ്‌നാത്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോടും ട്വിറ്ററില്‍ സഹായം അഭ്യര്‍ത്ഥിച്ചു. ഇങ്ങനെ അപകടത്തില്‍പ്പെടുന്ന കപ്പലുകളെ രക്ഷിക്കാനുള്ള വൈദഗ്ധ്യം രാജ്യത്തിനില്ലെന്ന് മൗറീഷ്യന്‍ പ്രധാനമന്ത്രി പറഞ്ഞു.

യെമനില്‍ നിന്നുള്ള ഇന്ധന ടാങ്കറില്‍ നിന്ന് എണ്ണ ചോര്‍ച്ച തടയുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്ന്, യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫ്രാന്‍സ് റീയൂണിയന്‍ ദ്വീപില്‍ നിന്ന് ടീമുകളെയും ഉപകരണങ്ങളെയും വിന്യസിക്കുകയാണെന്ന് മാക്രോണ്‍ പറഞ്ഞു. ഈ ബള്‍ക്ക് കാരിയര്‍ ടണ്‍ കണക്കിന് ഡീസലും എണ്ണയും സമുദ്രത്തിലേക്ക് ഒഴുക്കുകയാണെന്നും പ്രദേശത്തെ വന്യജീവികളെ പോലും ഇത് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഗ്രീന്‍പീസ് ആഫ്രിക്കയിലെ മുതിര്‍ന്ന കാലാവസ്ഥാ ഊര്‍ജ്ജ പ്രചാരണ മാനേജര്‍ ഹാപ്പി ഖംബുലെ മുന്നറിയിപ്പ് നല്‍കി.

ബ്ലൂ ബേ, പോയിന്റ് ഡി എസ്‌നി, മഹേബര്‍ഗ് എന്നിവിടങ്ങളിലെ തടാകങ്ങള്‍ക്ക് ചുറ്റുമുള്ള ആയിരക്കണക്കിന് ജീവജാലങ്ങള്‍ ചത്തൊടുങ്ങാനുള്ള സാധ്യതയുണ്ട്, ഇത് മൗറീഷ്യസിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും ആരോഗ്യത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു, ഖംബുലെ വെള്ളിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. ഇന്ധന ചോര്‍ച്ച നേരിടാന്‍ മൗറീഷ്യന്‍ അധികാരികള്‍ക്ക് ഫ്രാന്‍സ് പിന്തുണ നല്‍കുന്നുണ്ടെന്ന് ഫ്രാന്‍സിന്റെ പരിസ്ഥിതി മന്ത്രി ബാര്‍ബറ പോംപിലി ശനിയാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്.