ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിലൂടെ ലോകത്തെ അനീതികള്‍ക്ക് കുറവ് വരുത്താന്‍ താന്‍ ശ്രമിക്കുന്നുവെന്ന് അശോക് ഗാഡ്ഗില്‍

വാഷിങ്ടണ്‍: രണ്ട് ഇന്ത്യൻ - അമേരിക്കൻ ശാസ്ത്രജ്ഞരെ പരമോന്നത ശാസ്ത്ര പുരസ്കാരം നല്‍കി അമേരിക്ക ആദരിച്ചു. അശോക് ഗാഡ്ഗിലിനും സുബ്ര സുരേഷിനുമാണ് 'നാഷണൽ മെഡൽ ഓഫ് ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ' പുരസ്‌കാരം ലഭിച്ചത്. വൈറ്റ് ഹൗസിൽ വെച്ച് പ്രസിഡന്‍റ് ജോ ബൈഡനാണ് ഇരുവര്‍ക്കും പുരസ്കാരം സമ്മാനിച്ചത്.

ബെർക്ക്‌ലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ സിവിൽ, എൻവയോൺമെന്‍റൽ എഞ്ചിനിയറിംഗിലെ പ്രൊഫസറാണ് അശോക് ഗാഡ്ഗില്‍. ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗിലെ പ്രൊഫസറാണ് സുബ്ര സുരേഷ്. 12 പേര്‍ക്കാണ് ഇത്തവണ നാഷണൽ മെഡൽ ഓഫ് ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ നല്‍കിയത്.

എഞ്ചിനീയറിംഗ്, ഫിസിക്കൽ സയൻസ്, ലൈഫ് സയൻസ് മേഖലകളിലെ ഗവേഷണങ്ങള്‍ക്കാണ് സുബ്ര സുരേഷിന് പുരസ്കാരം ലഭിച്ചത്. ശുദ്ധമായ കുടിവെള്ളം, ഊര്‍ജ കാര്യക്ഷമത എന്നിങ്ങനെ വികസ്വര രാജ്യങ്ങളിലെ പ്രശ്നങ്ങള്‍ക്ക് ചെലവ് കുറഞ്ഞ പരിഹാരങ്ങൾ വികസിപ്പിച്ചെടുത്ത ഗവേഷകനാണ് അശോക് ഗാഡ്ഗില്‍. അദ്ദേഹത്തിന്റെ പദ്ധതികൾ കോടിക്കണക്കിന് ആളുകള്‍ക്ക് സഹായകരമായെന്ന് വൈറ്റ് ഹൌസ് അറിയിച്ചു. ഈ ലോകം എല്ലാവര്‍ക്കും നീതിപൂര്‍വ്വമായ ഇടമല്ല. ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിലൂടെ അനീതിക്ക് കുറവ് വരുത്താന്‍ താന്‍ ശ്രമിക്കുന്നു എന്നാണ് അശോക് ഗാഡ്ഗിലിന്‍റെ പ്രതികരണം. 

വേണ്ടെന്നുവെച്ചത് ഐഎസ്ആര്‍ഒയിലെ സുരക്ഷിത ജോലി; രണ്ട് യുവാക്കളുടെ ധൈര്യവും വിജയവും ചരിത്രമായി മാറുന്നത് ഇങ്ങനെ

മുംബൈയില്‍ ജനിച്ച അശോക് ഗാഡ്ഗില്‍ ബോംബെ സർവകലാശാലയിലെയും കാൺപൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും പഠനത്തിന് ശേഷം കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നാണ് പിഎച്ച്ഡി നേടിയത്. ഇന്ത്യയില്‍ ജനിച്ച സുബ്ര സുരേഷ് മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ് ഗവേഷണം നടത്തിയത്. രണ്ട് വര്‍ഷം കൊണ്ട് പിഎച്ച്ഡി നേടി. നാഷണൽ സയൻസ് ഫൗണ്ടേഷന്റെ (എൻഎസ്എഫ്) മുൻ മേധാവിയാണ് അദ്ദേഹം.

അമേരിക്കയിലെ പരമോന്നത ശാസ്ത്ര ബഹുമതിയാണ് നാഷണൽ മെഡൽ ഓഫ് സയൻസ്. 1959 ൽ യുഎസ് കോൺഗ്രസാണ് ഈ ബഹുമതി പ്രഖ്യാപിച്ചത്. യുഎസ് നാഷണൽ സയൻസ് ഫൗണ്ടേഷനാണ് ബഹുമതിക്ക് അര്‍ഹരെ കണ്ടെത്തുന്നത്. ബയോളജി, കമ്പ്യൂട്ടർ സയൻസ്, എജ്യുക്കേഷൻ സയൻസ്, എഞ്ചിനീയറിംഗ്, ജിയോസയൻസ്, മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, സോഷ്യൽ, ബിഹേവിയറൽ, ഇക്കണോമിക് സയൻസ് തുടങ്ങിയ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നവരെയാണ് പുരസ്കാരത്തിന് പരിഗണിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം