പ്യൂര്‍ട്ടോറിക്കോയിലെ അരേസിബോ ഒബ്‌സര്‍വേറ്ററിയിലെ 305 മീറ്റര്‍ ടെലിസ്‌കോപ്പ് ഇന്‍സ്ട്രുമെന്റ് പ്ലാറ്റ്‌ഫോം തകര്‍ന്നു. തകര്‍ച്ചയുടെ വക്കിലായിരുന്നുവെങ്കിലും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകവേയാണ് തകര്‍ന്നത്. ആധുനിക ശാസ്ത്രത്തിന് ഏറെ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയതാണ് പ്യൂര്‍ട്ടോ റിക്കോയിലെ അരേസിബോ ഒബ്‌സര്‍വേറ്ററി. അമേരിക്കയിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ ആണ് ഇതിന്റെ ഉടമസ്ഥര്‍. കഴിഞ്ഞ അരനൂറ്റാണ്ടായി നിരവധി ബഹിരാകാശ കണ്ടെത്തലുകള്‍ക്ക് സഹായിക്കുകയും ചുഴലിക്കാറ്റുകള്‍, ഭൂകമ്പങ്ങള്‍, ഉഷ്ണമേഖലാ കൊടുങ്കാറ്റുകള്‍ എന്നിവയെ നേരിടുകയും ചെയ്ത ഭൂമിയിലെ ഏറ്റവും ശക്തമായ ദൂരദര്‍ശിനികളിലൊന്നായിരുന്നു ഇത്. ഇതിന്റെ മൂന്ന് സപ്പോര്‍ട്ടിങ് ടവറുകളും പൊട്ടിത്തെറിച്ചു, 900 ടണ്‍ ഭാരമുള്ള പ്ലാറ്റ്‌ഫോം തകര്‍ന്ന് കേബിളുകള്‍ക്കും നിരീക്ഷണാലയത്തിന്റെ പഠന കേന്ദ്രത്തിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ഈ വര്‍ഷം ആദ്യം ടെലിസ്‌കോപ്പ് പൊളിച്ചുനീക്കാമെന്നും പുതിയതിനു ശ്രമങ്ങള്‍ നടത്താമെന്നും കരുതിയിരിക്കവേയാണ് ഇപ്പോള്‍ അപ്രതീക്ഷിതമായി തകര്‍ന്നത്.

ഗോളാകൃതിയിലുള്ള റേഡിയോ / റഡാര്‍ ടെലിസ്‌കോപ്പില്‍ 1,000 അടി കുറുകെ ഒരു റേഡിയോ ടവറും 900 ടണ്‍ ഉപകരണ പ്ലാറ്റ്‌ഫോം 450 അടി മുകളിലായി സ്ഥാപിച്ചിരുന്നു. മൂന്ന് ടവറുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന കേബിളുകളിലാണ് ടെലിസ്‌കോപ്പ് സ്ഥാപിച്ചിരുന്നത്. ഓഗസ്റ്റില്‍ ഒരു ഗോപുരത്തിലെ സോക്കറ്റില്‍ നിന്ന് വലിയ കേബിള്‍ അഴിച്ചുമാറ്റിയിരുന്നു. നവംബര്‍ ആറിന് ടവറിലെ മറ്റൊരു പ്രധാന കേബിള്‍ തകര്‍ന്നിരുന്നു. ഇതിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിനുള്ള പദ്ധതി എഞ്ചിനീയര്‍മാര്‍ വിലയിരുത്തിക്കൊണ്ടിരിക്കവേയാണ് തകര്‍ച്ച. തുടര്‍ന്ന് എഞ്ചിനീയര്‍മാര്‍ ശേഷിച്ച കേബിളുകള്‍ പരിശോധിക്കുകയും ടവറുകളിലെ ചില സോക്കറ്റുകളില്‍ നിന്നുള്ള സ്ലിപ്പുകളും കണ്ടെത്തുകയും ചെയ്തു. ഒന്നിലധികം എഞ്ചിനീയറിംഗ് കമ്പനികള്‍ നാശനഷ്ടങ്ങള്‍ അവലോകനം ചെയ്തു. ദൂരദര്‍ശിനി തകരാന്‍ സാധ്യതയുണ്ടെന്ന് അവര്‍ നവംബര്‍ ആദ്യം നിര്‍ണ്ണയിച്ചിരുന്നു. കേബിളുകള്‍ പ്രതീക്ഷിച്ചതിലും ദുര്‍ബലമായി കണ്ടെത്തിയിതനെ തുടര്‍ന്ന് ഇത് അതിജീവിക്കില്ലെന്ന് ഉറപ്പായിരുന്നു.

ലൈറ്റ് ഡിറ്റക്ഷന്‍ ആന്റ് റേഞ്ചിംഗ്, അല്ലെങ്കില്‍ ലിഡാര്‍, റേഡിയോ ജ്യോതിശാസ്ത്ര ഗവേഷണത്തിനായി ഉപയോഗിക്കുന്ന 12 മീറ്റര്‍ ദൂരദര്‍ശിനി എന്നിവ പോലുള്ള ഗവേഷണ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളും ഇതോടെ അനിശ്ചിതാവസ്ഥയിലായി. ഭാവിയില്‍ ഗവേഷണവിദ്യാഭ്യാസ കേന്ദ്രമായി പ്രവര്‍ത്തിക്കാനുള്ള സൗകര്യം അനുവദിക്കുന്നതിനൊപ്പം നിരീക്ഷണാലയത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും കഴിയുന്നത്ര നിരീക്ഷണ കേന്ദ്രം സംരക്ഷിക്കാന്‍ എന്‍എസ്എഫ് പദ്ധതിയിട്ടിരുന്നു. ഈ തകര്‍ച്ച ആ പദ്ധതികളെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചോ അല്ലെങ്കില്‍ ദൂരദര്‍ശിനി ശേഖരിച്ച എല്ലാ ആര്‍ക്കൈവല്‍ ഡാറ്റകളെയും ഓഫ്‌സൈറ്റ് സെര്‍വറുകളിലേക്ക് മൈഗ്രേറ്റ് ചെയ്യാന്‍ ഫൗണ്ടേഷന് കഴിഞ്ഞോ എന്നതിന് ഇതുവരെ ഒരു ഉറപ്പുമില്ല. 

കാലങ്ങളായി, ഭൂമിയുടെ അയണോസ്ഫിയര്‍, സൗരയൂഥം, അതിനപ്പുറമുള്ള ലോകങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങള്‍ അരേസിബോ ഒബ്‌സര്‍വേറ്ററി വെളിപ്പെടുത്തിയിരുന്നു. റേഡിയോ ജ്യോതിശാസ്ത്രത്തിലെ പ്രധാന കണ്ടെത്തലുകള്‍ക്കും ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഗ്രഹ, സൗരയൂഥ ഗവേഷണത്തിനും ദൂരദര്‍ശിനി പിന്തുണ നല്‍കുകയും സംഭാവന നല്‍കുകയും ചെയ്തിട്ടുണ്ട്. 1963 ല്‍ പൂര്‍ത്തീകരിച്ച അരേസിബോ ടെലിസ്‌കോപ്പ് 57 വര്‍ഷമായി ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ അപ്പര്‍ച്ചര്‍ ടെലിസ്‌കോപ്പായിരുന്നു, 2016 ജൂലൈയില്‍ ചൈനയിലെ അഞ്ഞൂറ് മീറ്റര്‍ അപ്പേര്‍ച്ചര്‍ സ്‌ഫെറിക്കല്‍ ടെലിസ്‌കോപ്പ് (ഫാസ്റ്റ്) വന്നതോടെയാണ് ഇതിന്റെ പ്രതാപം അസ്തമിച്ചത്. ദൂരദര്‍ശിനിയുടെ തകര്‍ച്ചയില്‍ നിന്നുള്ള നാശനഷ്ടങ്ങള്‍ വിലയിരുത്തിയ ശേഷം പ്രവര്‍ത്തനം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പ്യൂര്‍ട്ടോറിക്കന്‍ ബഹിരാകാശശാസ്ത്ര വ്യവസായത്തിന്റെ ഒരു ഐക്കണായിരുന്നു നിരീക്ഷണാലയം.