പെന്‍സില്‍വാനിയ: ആര്‍ഫിഷല്‍ ഇന്‍റലിജന്‍സ് സംവിധാനം ഉപയോഗിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഒരാള്‍ക്ക് മരണം സംഭവിക്കുമോ എന്ന് പ്രവചിക്കാന്‍ സാധിക്കുമെന്ന് പഠനം. അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ ജെയ്‌സിഞ്ചര്‍  ഹെല്‍ത്ത് സിസ്റ്റത്തിലെ ഗവേഷകരാണ് ഒരു വര്‍ഷം എടുത്തു നടത്തിയ പഠനത്തിലൂടെ ഇത്തരം ഒരു സിസ്റ്റം വികസിപ്പിച്ചെടുത്തത്.  

 നാല് ലക്ഷത്തോളം രോഗികളുടെ 17.7 ലക്ഷം ഇസിജി ഫലങ്ങള്‍ വിശകലനം ചെയ്താണ് പെന്‍സിന്‍വാനിയയിലെ ജെയ്‌സിഞ്ചര്‍ ഹെല്‍ത്ത് സിസ്റ്റത്തിലെ ഗവേഷകരാണ് മരണം പ്രവചിക്കാന്‍ കഴിയുന്ന നിര്‍മിത ബുദ്ധി എന്ന കണ്ടെത്തലില്‍ എത്തിചേര്‍ന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ രോഗി മരിക്കാനുള്ള സാധ്യത എത്രത്തോളം ഉണ്ടെന്നായിരിക്കും എഐ പ്രവചിക്കുക. 

പല ഡോക്ടര്‍മാരും പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലെന്ന് വിലയിരുത്തിയ രോഗികളുടെ മരണം പോലും കൃത്യമായി പ്രവചിക്കാന്‍ ഈ നിര്‍മിത ബുദ്ധിക്ക് കഴിഞ്ഞുവെന്നാണ് പഠനം പറയുന്നത്. മൂന്ന് ഹൃദ്രോഗ വിദഗ്ധര്‍ പരിശോധിച്ചിട്ടും കുഴപ്പം കണ്ടെത്താനാകാത്ത ഇസിജിയാണ് നിര്‍മിത ബുദ്ധി കണ്ട് മരണം പ്രവചിച്ചത്. 

ഇതുതന്നെയാണ് ഈ പഠനത്തിലെ ഏറ്റവും പ്രധാന കാര്യം. ഇത് ഒരു പ്രധാനപ്പെട്ട കണ്ടെത്തലാണ്  ഇസിജി വിലയിരുത്തുന്ന ഇപ്പോഴത്തെ ആരോഗ്യ രംഗത്തിന്‍റെ രീതി തന്നെ ഈ എഐയുടെ കടന്നുവരവോടെ മാറിയേക്കും ജെയ്‌സിഞ്ചര്‍  ഹെല്‍ത്ത് സിസ്റ്റത്തിലെ ഇമേജിംഗ് സയന്‍സ് ആന്‍റ് ഇനവേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിലെ ശാസ്ത്രകാരന്‍ ബ്രണ്ടന്‍ ഫോണ്‍വൈറ്റ് പറയുന്നു.

കഴിഞ്ഞ മൂന്ന് ദശകത്തിനിടയില്‍ ലോകത്ത് വിവിധ ഭാഗങ്ങളില്‍ നിന്നും എടുക്കപ്പെട്ട ഇസിജികളാണ് പഠനത്തിന് ഉപയോഗിച്ചത്. നവംബര്‍ 16-18വരെ അമേരിക്കയിലെ ഫിലാഡല്‍ഫിയില്‍ നടക്കുന്ന അമേരിക്കന്‍ ഹെര്‍ട്ട് അസോസിയേഷന്‍ സൈന്‍റിഫിക്ക് സെഷന്‍ 2019ല്‍ ഈ പഠനം അവതരിപ്പിക്കും.