തിരുവനന്തപുരം:  ഇന്നും ഇന്നലെയും തുടങ്ങിയതല്ല ചന്ദ്രനെ കീഴ്‍പ്പെടുത്താനുള്ള മനുഷ്യന്‍റെയും ശാസ്ത്രത്തിന്‍റെയും ശ്രമങ്ങൾ. ശീതയുദ്ധം കൊടുമ്പിരികൊണ്ട കാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും ആ ശ്രമങ്ങളെ അടുത്ത ഘട്ടത്തിലേക്ക് നയിച്ചു. ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം.

ഒന്ന് തൊടാൻ മനുഷ്യൻ ഇത്രയേറെ കൊതിച്ച മറ്റൊരു ആകാശഗോളമില്ല. മിത്തും കഥയും സാഹിത്യവും ഒക്കെ വാഴ്ത്തിയ അമ്പിളി അമ്മാവൻ. ആ മടിത്തട്ടിലെ രഹസ്യങ്ങളറിയൻ കൊതിച്ച എത്രയോ തലമുറകൾ. അവിടെ വെള്ളമുണ്ടോ ജീവനുണ്ടോ, ചോദ്യങ്ങൾ നീളുന്നു.

ചന്ദ്രനെ തൊടാനുള്ള ആധുനിക ശാസ്ത്രലോകത്തിന്‍റെ ആദ്യ ശ്രമമായി അമേരിക്കയുടെ പയനിയറിനെ കണക്കാക്കാം. ചന്ദ്രനെ ചുറ്റി വരാൻ പുറപ്പെട്ട പയനിയർ പരാജയമായിരുന്നു. ചന്ദ്രനിൽ ഇടിച്ചിറങ്ങാൻ യുഎസ്എസ്ആർ വിക്ഷേപിച്ച Luna E-1 No.1 ഉം പരാജയപ്പെട്ടു. ശ്രമങ്ങൾ തുടരുക തന്നെ ചെയ്തു.

1959, സെപ്റ്റംമ്പർ മാസം പന്ത്രണ്ട്. മനുഷ്യൻ അത് സാധിച്ചെടുത്തു. ഒരു മനുഷ്യ നിർമ്മിത വസ്തു ചന്ദ്രനെ തൊട്ടു. 390 കിലോഗ്രാം ഭാരമുള്ള സോവിയറ്റ് യൂണിയന്‍റെ ലൂണ- 2 ചന്ദ്രനിൽ ഇടിച്ചിറങ്ങി. ആറ് വർഷവും നാല് മാസവും 19 ദിവസങ്ങൾക്കുമിപ്പുറം 1966 ജനുവരി 31ന് ലൂണ 9 ചന്ദ്രനിലെ ആദ്യ സോഫ്റ്റ് ലാൻഡിംഗ് നടത്തി.

ശീതയുദ്ധത്തിന്റെ പാരമ്യത്തിലാണ് അമേരിക്ക അത് സാധിച്ചെടുത്തത്. 1969 ജൂലൈ 20ന് മനുഷ്യൻ ചന്ദ്രനെ തൊട്ടു. ആംസ്ട്രോങ്ങിനും ആൽഡ്രിനിനും ശേഷം 10 പേർകൂടി ചന്ദ്രോപരിതലത്തിലൂടെ നടന്നു. 1972 ഡിസംബർ 11ന് ചന്ദ്രനിലിറങ്ങിയ യുജീൻ സെർനാനും, ഹാരിസൺ ജാക്ക് ഷിമിറ്റും 3 ദിവസത്തിന് ശേഷം മടങ്ങിയതിൽ പിന്നെ മനുഷ്യന്‍ ചന്ദ്രനിലേക്ക് പോയിട്ടില്ല.