ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ പാതിവഴിയില്‍ വച്ച് ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആശങ്കയിലായ അപ്പോളോ 13 ദൗത്യത്തിന്‍റെ കമാന്‍ഡറായിരുന്നു ജിം ലോവല്‍

ചിക്കാഗോ: നാസയുടെ അപ്പോളോ 13 ബഹിരാകാശ ദൗത്യത്തിന്‍റെ കമാന്‍ഡറായിരുന്ന ജിം ലോവല്‍ അന്തരിച്ചു. ചിക്കാഗോയില്‍ 97-ാം വയസില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അദേഹത്തിന്‍റെ അന്ത്യമെന്ന് നാസ അറിയിച്ചു. ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആശങ്കയിലായ അപ്പോളോ 13 പേടകത്തെ പസഫിക് സമുദ്രത്തില്‍ സാഹസികമായി ഇറക്കി ലോകത്തെ വിസ്‌മയിപ്പിച്ച ബഹിരാകാശ സഞ്ചാരിയായിരുന്നു ജിം ലോവല്‍. ഏറ്റവും കൂടുതല്‍ ബഹിരാകാശ യാത്ര നടത്തിയ സഞ്ചാരികളില്‍ ഒരാള്‍ കൂടിയാണ് ജിം ലോവല്‍. 

യുഎസ് നേവിയില്‍ ക്യാപ്റ്റനായിരിക്കേയാണ് ജിം ലോവല്‍ നാസയിലേക്ക് അപേക്ഷിച്ചത്. ചന്ദ്രനില്‍ മനുഷ്യരെ ഇറക്കുക ലക്ഷ്യമിട്ട് നാസ 1970 ഏപ്രില്‍ 11ന് അയച്ച അപ്പോളോ 13 എന്ന ചരിത്ര ദൗത്യത്തിന്‍റെ കമാന്‍ഡര്‍ എന്ന നിലയിലാണ് ലോവല്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. ജാക്ക് സ്വിഗര്‍ട്ട്, ഫ്രെഡ് ഹൈസ് എന്നിവരായിരുന്നു മറ്റ് ദൗത്യസംഘാംഗങ്ങള്‍. ജിം ലോവലിന്‍റെ 42-ാം വയസിലായിരുന്നു അപ്പോളോ 13 യാത്ര.

എന്നാല്‍ അപ്പോളോ ദൗത്യത്തിന് ചന്ദ്രനില്‍ ഇറങ്ങാനായില്ല. വിക്ഷേപണത്തിന് 56 മണിക്കൂറിന് ശേഷമുണ്ടായ ഓക്സിജന്‍ ടാങ്ക് സ്ഫോടനം അപ്പോളോ 13 പേടകത്തിന്‍റെ യാത്ര പാതിവഴിയില്‍ വച്ച് പ്രതിസന്ധിയിലാക്കി. ഇതോടെ വലിയ ആശങ്കയിലായ ദൗത്യം എന്നാല്‍ ജിം ലോവലിന്‍റെയും സംഘത്തിന്‍റെയും നിശ്ചയദാര്‍ഢ്യം കൊണ്ട് വലിയൊരു അപകടത്തില്‍ അവസാനിച്ചില്ല. ലോവല്‍ അപ്പോളോ പേടകത്തെ 1970 ഏപ്രില്‍ 17ന് പസഫിക്കില്‍ ശാന്തമായി ഇറക്കി. അപ്പോളോ 13 പേടകത്തിന്‍റെ സ്‌പ്ലാഷ്‌ഡൗണ്‍ ടെലിവിഷന്‍ സംപ്രേഷണത്തിലൂടെ ലോകം കണ്ടു. അപ്പോളോ 13ന് പുറമെ ജെമിനി 7, ജെമിനി 12, അപ്പോളോ 8, അപ്പോളോ 13 ബഹിരാകാശ ദൗത്യങ്ങളിലും ജിം ലോവല്‍ ഭാഗമായിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News