ഭൂമിക്ക് ഭീഷണിയാകുന്ന ഛിന്നഗ്രഹങ്ങളെ കണ്ടെത്താനും അവയുടെ പാത മാറ്റാനുമായി സ്വകാര്യ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിൻ 'നിയോ ഹണ്ടർ' എന്ന പുതിയ ദൗത്യം പ്രഖ്യാപിച്ചു. നാസയുടെ സഹകരണത്തോടെയുള്ള ഈ ദൗത്യം, അയൺ ബീം സാങ്കേതികവിദ്യയും ആവശ്യമെങ്കിൽ ശക്തമായ കൂട്ടിയിടി സംവിധാനവും ഉപയോഗിച്ച് ഭൂമിയെ ബഹിരാകാശ ഭീഷണികളിൽ നിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിടുന്നു.

കെന്‍റ്: ഭൂമിക്ക് ഭീഷണിയാവുന്ന ഛിന്നഗ്രഹങ്ങളെ കണ്ടെത്തുകയും അവയുടെ പാത മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്വകാര്യ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിൻ ‘നിയോ ഹണ്ടർ’ എന്ന പുതിയ ദൗത്യം പ്രഖ്യാപിച്ചു. നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോറട്ടറിയും കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും (കാല്‍ടെക്) ചേർന്നാണ് ഈ ദൗത്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബഹിരാകാശ ഭീഷണികളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നതിൽ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം വർധിക്കുന്നതിന്റെ സൂചനയായി ഈ പദ്ധതി വിലയിരുത്തപ്പെടുന്നു.

എന്താണ് നിയോ ഹണ്ടർ ദൗത്യം?

ബ്ലൂ ഒറിജിന്‍റെ ‘ബ്ലു റിംഗ്’ ബഹിരാകാശ പേടകത്തെ അടിസ്ഥാനമാക്കിയുള്ള ഈ ദൗത്യം രണ്ട് ഘട്ടങ്ങളിലായാണ് പ്രവർത്തിക്കുക. ആദ്യഘട്ടത്തിൽ, ഭൂമിയുടെ അടുത്തുകൂടി സഞ്ചരിക്കുന്ന അപകടകാരിയായ വസ്‍തുക്കളെ (Near-Earth Objects) കണ്ടെത്തുകയും അവയുടെ സ്വഭാവം വിലയിരുത്തുകയും ചെയ്യും. ഇതിനായി ചെറു ഉപഗ്രഹങ്ങളായ ക്യൂബ്‌സാറ്റുകൾ വിന്യസിക്കും. ഇവ ആസ്റ്ററോയിഡുകളിലേക്ക് എത്തി അവയുടെ ഘടന, ഭാരം, സാന്ദ്രത തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും. ഇങ്ങനെ ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് ഏറ്റവും അനുയോജ്യമായ ദിശമാറ്റ മാർഗം തീരുമാനിക്കാനാകും.

ഛിന്നഗ്രഹം കണ്ടെത്തിയ ശേഷം, നിയോ ഹണ്ടർ അയൺ ബീം സാങ്കേതിക വിദ്യ ഉപയോഗിച്ച് അതിന്‍റെ ഭ്രമണപഥം പതുക്കെ മാറ്റാൻ ശ്രമിക്കും. ചാർജ് ചെയ്ത കണങ്ങളുടെ പ്രവാഹം ഉപയോഗിച്ച്, ഛിന്നഗ്രഹങ്ങളെ നേരിട്ട് സ്‍പർശിക്കാതെ തന്നെ സുരക്ഷിതമായ വഴിയിലേക്ക് തിരിച്ചു വിടുന്നതാണ് ഈ രീതി. ഇത് കുറഞ്ഞ അപകടസാധ്യതയുള്ള ഒരു മുൻകരുതൽ നടപടിയായാണ് കണക്കാക്കുന്നത്.

ഛിന്നഗ്രഹങ്ങളെ എങ്ങനെ ഇടിച്ച് ദിശമാറ്റും? 

എന്നാൽ, ഛിന്നഗ്രഹം വളരെ വലുതോ അതിവേഗത്തിലോ സഞ്ചരിക്കുന്നതുകൊണ്ട് ഈ മാർഗം ഫലപ്രദമാകാത്ത സാഹചര്യത്തിൽ, ദൗത്യത്തിന്‍റെ രണ്ടാംഘട്ടമായ ‘റോബസ്റ്റ് കൈനറ്റിക്ക് ഡിസ്‍റപ്‍ഷൻ’ പ്രയോഗിക്കും. ഇതിൽ, വലിയ ഭാരം കൂടിയ ബഹിരാകാശ പേടകം ആസ്റ്ററോയിഡുമായി നേരിട്ട് കൂട്ടിയിടിപ്പിച്ച് അതിന്‍റെ ദിശ മാറ്റും. 2022-ൽ നാസ നടത്തിയ ഡാർട്ട് ദൗത്യത്തേക്കാൾ ഏറെ ശക്തിയുള്ള ഈ സംവിധാനത്തിന്, ഉയർന്ന വേഗതയിൽ സഞ്ചരിക്കുന്ന ഛിന്നഗ്രഹങ്ങളെയും വഴിതിരിച്ചുവിടാൻ കഴിയുമെന്നാണ് അവകാശവാദം. കൂട്ടിയിടിക്ക് മുമ്പ് ‘സ്ലാംകാം’ എന്ന ചെറിയ ഉപഗ്രഹം സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി തത്സമയം ഭൂമിയിലേക്ക് കൈമാറും. ഇതിലൂടെ ദൗത്യത്തിന്‍റെ വിജയം ഉടൻ സ്ഥിരീകരിക്കാൻ സാധിക്കും. ഭാവിയിൽ ഭൂമിയെ ബഹിരാകാശ ഭീഷണികളിൽ നിന്ന് സംരക്ഷിക്കാൻ ഇത്തരം ദൗത്യങ്ങൾ നിർണായകമാകുമെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming