സ്റ്റാന്‍ഫോര്‍ഡ്: സാമ്പത്തിക ശാസ്ത്രത്തിനുളള നോബേൽ പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ വിവരം ജേതാവിനെ അറിയിക്കാൻ പെടാപ്പാട് പെട്ടു നോബേൽ കമ്മിറ്റി. സ്റ്റോക്ക്ഹോമിൽ പുരസ്കാരം പ്രഖ്യാപിക്കുമ്പോള്‍ കാലിഫോർണിയയിലെ തന്‍റെ വീട്ടിൽ ഉറക്കത്തിലായിരുന്നു ജേതാക്കളിലൊരാളായ പോൾ മിൽഗ്രം. ഇദ്ദേഹത്തെ പുരസ്കാര വിവരം അറിയിക്കുന്നതിന്‍റെ രസകരമായ ദൃശ്യങ്ങൾ സ്റ്റാൻഡ് ഫോർഡ് യൂണിവേഴ്സിറ്റി ട്വീറ്റ് ചെയ്തതിന് പിന്നാലെ വൈറലായിരിക്കുകയാണ്

ഈ ചരിത്ര പ്രഖ്യാപനം നടക്കുമ്പോള്‍ പുരസ്കാര ജേതാക്കളിലൊരാളായ പോൾ മിൽഗ്രം കാലിഫോർണിയയിലെ തന്‍റെ വീട്ടിൽ സുഖ നിദ്രിലായിരുന്നു. പുരസ്കാര വിവരം അറിയിക്കാൻ പഠിച്ച പണി പതനെട്ടും നോക്കി നോബേൽ അധികൃതർ.

ഫോണിൽ വിളിച്ചിട്ടും രക്ഷയില്ലാതായപ്പോൾ ഒടുക്കം അറ്റകൈ പ്രയോഗം. മിൽഗ്രമിനോടൊപ്പം പുരസ്കാരം പങ്കിട്ട റോബർട്ട് വിൽസൻ തന്നെ വിവരം അറിയിക്കാൻ മിൽഗ്രമിന്‍റെ വീട്ടിലേക്ക് പോകേണ്ടി വന്നു. അതും അർധ രാത്രി.

അങ്ങനെ ഉറക്കത്തിൽ നിന്ന് എഉുന്നേൽപ്പിച്ച് നോബേൽ പുര്സകാര വിവരം അറിഞ്ഞ പോൾ മിൽഗ്രം നോബേലിന്‍റെ ചരിത്രത്തോടൊപ്പം പിന്നാമ്പുറത്തെ രസകരമായ കഥകളുടെ ചരിത്രത്തിലേക്കും തന്‍റെ ഒരു ഏട് തുന്നിചേർത്തു.

തക്ക സമയത്ത് ഫ്ലാറ്റിലെ സിസിടിവി ക്യാമറകൾ കണ്ണിമ വെട്ടാത്തത് കൊണ്ട് നാളെ വാമൊഴിയായി പറഞ്ഞേക്കാവുന്ന കഥയ്ക്ക് ആധികാരിക ദൃശ്യങ്ങളും കിട്ടി.സ്റ്റോക്ക് ഹോമിൽ തന്നെ ഉണ്ടായിരുന്ന പ്രിയതമയും പുരസ്കാര വിവരം അറിഞ്ഞത് നട്ട പാതിരയ്ക്ക തന്നെ. അതും ആ സിസിടിവി ദൃശ്യങ്ങളുടെ നോട്ടിഫിക്കേഷൻ തന്‍റെ ഫോണിൽ വന്നതിന് പിന്നാലെ മാത്രം.