C/2025 R2 (SWAN) എന്ന വാൽനക്ഷത്രം ഒക്ടോബർ 21-ന് ഭൂമിയുടെ തൊട്ടരികിലൂടെ കടന്നുപോകും. ഈ അപൂര്‍വ കോമറ്റിനെ ഇന്ത്യയില്‍ നിന്നും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാകും എന്ന് പ്രതീക്ഷ. 

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള വാനനിരീക്ഷകർക്ക് നഗ്നനേത്രങ്ങൾ കൊണ്ട് പോലും ദൃശ്യമാകുന്ന ഒരു വാൽനക്ഷത്രത്തെ കാണാനുള്ള അപൂർവ അവസരം ഒരുങ്ങുന്നു. പുതുതായി കണ്ടെത്തിയ C/2025 R2 (SWAN) എന്ന വാൽനക്ഷത്രം ഒക്‌ടോബര്‍ 21-ന് ഭൂമിയുടെ തൊട്ടരികിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മാസം ഒരു യുക്രെനിയൻ അമേച്വർ ജ്യോതിശാസ്ത്രജ്ഞൻ കണ്ടെത്തിയ ഈ വാൽനക്ഷത്രം സൂര്യനോട് അടുക്കുന്നതോടെ അതിവേഗം തിളങ്ങുകയാണ്. ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജ്യോതിശാസ്ത്ര സംഭവങ്ങളിലൊന്നാണ് സ്വാന്‍ വാല്‍നക്ഷത്രത്തിന്‍റെ ആഗമനം.

സ്വാന്‍ വാൽനക്ഷത്രത്തെ കണ്ടെത്തിയ കഥ

സ്വാന്‍ വാൽനക്ഷത്രത്തെ ആദ്യമായി തിരിച്ചറിഞ്ഞത് സെപ്റ്റംബർ 10-ന് യുക്രെനിയൻ ജ്യോതിശാസ്ത്രജ്ഞനായ വ്‌ളാഡിമിർ ബെസുഗ്ലിയാണ്. അതിന്‍റെ അസാധാരണമായ തെളിച്ചവും ഭൂമിയോടുള്ള സാമീപ്യവും കാരണം സി/2025 ആര്‍2 (സ്വാന്‍) വാൽനക്ഷത്രം ജ്യോതിശാസ്‍ത്രജ്ഞരുടെയും ആകാശ നിരീക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റി. വാൽനക്ഷത്രം സൂര്യനോട് അടുക്കുമ്പോൾ, സൗരോർജ്ജത്തിന്‍റെ ഫലമായി അതിന്‍റെ മഞ്ഞുമൂടിയ ന്യൂക്ലിയസ് സപ്ലിമേഷന് വിധേയമാകുന്നു. തണുത്തുറഞ്ഞ വാതകങ്ങൾ നേരിട്ട് നീരാവിയായി മാറുന്ന ഒരു പ്രക്രിയ ആണിത്. ഇത് വാതകത്തിന്‍റെയും പൊടിയുടെയും ഒരു തിളക്കമുള്ള ഷെൽ സൃഷ്‍ടിക്കുന്നു. വാൽനക്ഷത്രത്തിന്‍റെ നീളമുള്ളതും തിളങ്ങുന്നതുമായ വാൽ രൂപപ്പെടുന്നത് ഇങ്ങനെയാണ്. ഈ വാലാണ് വാൽനക്ഷത്രത്തെ തിരിച്ചറിയാൻ നമ്മളെ സഹായിക്കുന്നത്. സെപ്റ്റംബർ 12-ന് സ്വാന്‍ വാൽനക്ഷത്രം സൂര്യനോട് ഏറ്റവും അടുത്തെത്തി. ഏകദേശം 47 ദശലക്ഷം മൈൽ അകലെ ആയിരുന്നു അപ്പോൾ അത്. ഈ സമയത്ത് അതിന്‍റെ തെളിച്ചം 5.6 മാഗ്നിറ്റ്യൂഡ് ആയിരുന്നു. ഇതിനർഥം ആകാശം പൂർണ്ണമായും ഇരുണ്ടതും വ്യക്തവുമാണെങ്കിൽ ഒരു ഉപകരണവുമില്ലാതെ പോലും നഗ്നനേത്രങ്ങള്‍ കൊണ്ട് ഈ വാല്‍നക്ഷ‌ത്രത്തെ മങ്ങിയതായെങ്കിലും തിരിച്ചറിയാം എന്നാണ്.

സ്വാന്‍ വാൽനക്ഷത്രം ഇന്ത്യയില്‍ എപ്പോൾ, എവിടെ കാണാം?

ഒക്‌ടോബര്‍ 21-ന് സ്വാന്‍ വാൽനക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്ത് എത്തും. വൈകുന്നേരത്തെ ആകാശത്ത്, പ്രത്യേകിച്ച് സൂര്യാസ്‌തമയത്തിനു തൊട്ടുപിന്നാലെയുള്ള മണിക്കൂറുകളിൽ ഈ വാൽനക്ഷത്രം ദൃശ്യമാകും. പ്രകാശം കുറവുള്ള ഇരുണ്ട ഗ്രാമപ്രദേശങ്ങളിലെ ആകാശനിരീക്ഷകർക്ക് ഒപ്റ്റിക്കൽ സഹായമില്ലാതെ തന്നെ ഇത് കാണാനുള്ള ഏറ്റവും മികച്ച അവസരമാണിത്. ഒക്‌ടോബര്‍ അവസാനത്തോടെ, തെക്കൻ ചക്രവാളത്തിൽ സഡാൽമെലിക്, സഡാൽസുഡ് നക്ഷത്രങ്ങൾക്കിടയിൽ ഇത് ദൃശ്യമാകും. വാൽനക്ഷത്രത്തിന്‍റെ സ്ഥാനം തത്സമയം കണ്ടെത്താൻ സഹായിക്കുന്നതിന് സ്റ്റെല്ലേറിയം അല്ലെങ്കിൽ സ്കൈ ഗൈഡ് പോലുള്ള നക്ഷത്ര നിരീക്ഷണ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ വിദഗ്‌ധർ ശുപാർശ ചെയ്യുന്നു.

സ്വാൻ വാൽനക്ഷത്രത്തിന്‍റെ തിളക്കം എത്രയായിരിക്കും?

ജ്യോതിശാസ്ത്രജ്ഞർ ഒരു വാൽനക്ഷത്രത്തിന്‍റെ പ്രകാശം അതിന്‍റെ കാന്തികമാനം കൊണ്ടാണ് അളക്കുന്നത്. കാന്തിമാനം കുറയുന്തോറും അത് കൂടുതൽ പ്രകാശിക്കും. ഉദാഹരണത്തിന്, ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങൾക്ക് +1 കാന്തിമാനം ഉണ്ടായിരിക്കും. അതേസമയം പൂർണ്ണചന്ദ്രനും സൂര്യനും യഥാക്രമം -13 ഉം, -27 ഉം കാന്തിമാനങ്ങളുണ്ട്. അന്തരീക്ഷത്തിന്‍റെയും പ്രകാശത്തിന്‍റെയും ഇടപെടൽ വളരെ കുറവാണെങ്കിൽ, മനുഷ്യന്‍റെ കണ്ണിന് +6 കാന്തിമാനം വരെയുള്ള ആകാശ വസ്‌തുക്കളെ കണ്ടെത്താൻ കഴിയും. സ്ലോവേനിയയിലെ Crni Vrh ഒബ്‌സർവേറ്ററിയുടെ വാൽനക്ഷത്ര നിരീക്ഷണ ഡാറ്റാബേസിൽ (COBS) നിന്നുള്ള സമീപകാല റീഡിംഗുകൾ സൂചിപ്പിക്കുന്നത് സി/2025 ആര്‍2 (സ്വാന്‍) വാൽനക്ഷത്രത്തിന് നിലവിൽ 5.6 എന്ന കാന്തിമാനം ഉണ്ടെന്നാണ്. അതായത്, അനുയോജ്യമായ ഇരുണ്ട ആകാശ സാഹചര്യങ്ങളിൽ ഈ വാൽനക്ഷത്രം നഗ്നനേത്രങ്ങൾക്ക് മങ്ങിയെങ്കിലും ദൃശ്യമായേക്കാം. ദൂരദർശിനി ഇല്ലാതെ തന്നെ സ്വാന്‍ വാൽനക്ഷത്രത്തെ കാണാൻ കഴിയുമെങ്കിലും അതിന്‍റെ പൂർണ്ണ വലിപ്പത്തിന്‍റെയും വാൽ നീളത്തിന്‍റെയും മികച്ച കാഴ്‌ച ലഭിക്കണമെങ്കിൽ ഒരു ദൂരദർശിനിയോ ബൈനോക്കുലറോ ഉപയോഗിക്കുക. ഇത് വാൽനക്ഷത്രത്തിന്‍റെ തെളിച്ചവും നിറങ്ങളും കൂടുതൽ ദൃശ്യമാക്കും.

ലോകമെമ്പാടുമുള്ള നക്ഷത്രനിരീക്ഷകർക്ക് ഒരു അപൂർവ സമ്മാനം

2025-ൽ സൂപ്പർമൂണുകളും ഗ്രഹവിന്യാസങ്ങളും ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ ആകാശ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും, സി/2025 ആര്‍2 (സ്വാന്‍) എന്ന വാൽനക്ഷത്രത്തിന്‍റെ ദൃശ്യം ഒരു അപൂർവ കാഴ‌്‌ചയായി വേറിട്ടുനിൽക്കുന്നു. ഒക്ടോബർ മാസത്തിൽ സൂര്യനും ഭൂമിക്കും ഇടയിലായിവരുന്ന സ്വാന്‍ വാൽനക്ഷത്രത്തിന്‍റെ സാമീപ്യം അമച്വർ, പ്രൊഫഷണൽ ജ്യോതിശാസ്ത്രജ്ഞർക്ക് ചലനാത്മകമായി പരിണമിക്കുന്ന ഒരു വാൽനക്ഷത്രത്തെ തത്സമയം നിരീക്ഷിക്കാൻ അസാധാരണമായ അവസരം നൽകും.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്