ചന്ദ്രയാൻ രണ്ട് പൂർണപരാജയമാണെന്ന് പറയാനാകില്ലെന്നും, പ്രതീക്ഷിച്ചതിൽ 90 ശതമാനം ലക്ഷ്യം കൈവരിച്ചുവെന്നും നേരത്തേ ഐഎസ്ആർഒ മേധാവി നേരത്തേ വ്യക്തമാക്കിയിരുന്നു. 

ബെംഗളുരു: ചന്ദ്രയാൻ - 3 പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയെന്ന് ഐഎസ്ആർഒ മേധാവി കെ ശിവൻ. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞെന്നും കെ ശിവൻ അറിയിച്ചു. ഇന്ത്യയുടെ വ്യോമസേനയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാല് പേരെ ഗഗൻയാൻ പദ്ധതിയുടെ പരിശീലനത്തിനായി റഷ്യയിലേക്ക് വിടുമെന്നും കെ ശിവൻ വ്യക്തമാക്കി. 2020-ൽ തന്നെ, ചന്ദ്രയാൻ 3 വിക്ഷേപിക്കപ്പെടുമെന്ന് നേരത്തേ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പ്രഖ്യാപിച്ചിരുന്നു. 

Scroll to load tweet…

ചന്ദ്രയാൻ - 2-ന് പ്രതീക്ഷിച്ച ലക്ഷ്യത്തിൽ എത്താനായില്ലെങ്കിലും പദ്ധതി പൂർണപരാജയമാണെന്ന് പറയാനാകില്ലെന്ന് കെ ശിവൻ ആവർത്തിച്ചു. കൃത്യമായി ലാൻഡറിന് ലാൻഡ് ചെയ്യാനായില്ല എന്നത് മാത്രമേയുള്ളൂ. പദ്ധതിയിലെ ഓർബിറ്റർ ഇപ്പോഴും പ്രവർത്തനക്ഷമമാണ്. അടുത്ത ഏഴ് വർഷം ചന്ദ്രോപരിതലത്തിന് ചുറ്റും കറങ്ങി ചിത്രങ്ങളെടുക്കാൻ ചന്ദ്രയാൻ - 2ന്‍റെ ഓർബിറ്ററിന് കഴിയുമെന്നും കെ ശിവൻ ആവർത്തിച്ചു. 

14 മുതൽ 16 മാസങ്ങളുടെ കാലാവധിയിൽ ചന്ദ്രയാൻ - 3 ദൗത്യം പൂർത്തിയാകും. ചന്ദ്രയാൻ - 2 ഓർബിറ്റർ ഇപ്പോഴും ചന്ദ്രോപരിതലത്തിൽ ഭ്രമണം തുടരുന്നതിനാൽ, അതിന് പാകത്തിലുള്ള, ലാൻഡറും റോവറും തന്നെയാകും ചന്ദ്രയാൻ - 3 ദൗത്യത്തിലുമുണ്ടാവുക എന്നും, കെ ശിവൻ അറിയിക്കുന്നു.

ചന്ദ്രോപരിതലത്തിലേക്ക് സോഫ്റ്റ് ലാൻഡിംഗ് ലക്ഷ്യമിട്ട് ഇന്ത്യ വിക്ഷേപിച്ച ആദ്യ പദ്ധതിയായിരുന്നു ചന്ദ്രയാൻ - 2. എന്നാൽ, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്നതിനിടെ, വിക്രം എന്ന് പേരിട്ട ലാൻഡർ നിയന്ത്രണം വിട്ട് ഉപരിതലത്തിൽ പതിക്കുകയായിരുന്നു. 

Scroll to load tweet…

അഭിമാനമാകാൻ 'ഗഗൻയാൻ'

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ സ്വപ്ന പദ്ധതിക്കായി ഇന്ത്യൻ വ്യോമസേനയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാല് പേരുടെ പരിശീലനം ഈ വർഷം തുടങ്ങുമെന്ന് കെ ശിവൻ വ്യക്തമാക്കി. ജനുവരി മൂന്നാം വാരം നാല് പേരുടെയും പരിശീലനം റഷ്യയിൽ നടക്കും. എന്നാൽ ആരൊക്കെയാകും ഈ പദ്ധതിയുടെ ഭാഗമാവുക എന്നതടക്കമുള്ള പേരുവിവരങ്ങൾ ഇതുവരെ ഐഎസ്ആർഒയോ കേന്ദ്രസർക്കാരോ വ്യോമസേനയോ പുറത്തുവിട്ടിട്ടില്ല.

അതേസമയം, തൂത്തുക്കുടിയിൽ തുറമുഖത്തിനടുത്ത്, സ്പേസ് പോർട്ട് നിർമിക്കാനുള്ള പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് തുടങ്ങിക്കഴിഞ്ഞതായും കെ ശിവൻ വ്യക്തമാക്കുന്നു. 

ശ്രീഹരിക്കോട്ടയിലെ നിലവിലുള്ള സ്പേസ് പോർട്ടിനെ വിപുലമായ ഒരു സയൻസ് ഗ്യാലറിയാക്കി മാറ്റുമെന്നും കെ ശിവൻ വ്യക്തമാക്കി. 

Scroll to load tweet…

2020 ബഹിരാകാശ ശാസ്ത്ര രംഗത്ത് ഇന്ത്യയുടെ വർഷമായിരിക്കുമെന്നും, ചന്ദ്രയാൻ - 3 ഭീമൻ പണച്ചെലവുള്ള പദ്ധതിയാകില്ലെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കിയിരുന്നതാണ്. 

ഐഎസ്ആർഒ കഴിഞ്ഞ വർഷമുണ്ടായ മികച്ച നേട്ടങ്ങളോരോന്ന് എണ്ണിപ്പറഞ്ഞായിരുന്നു കെ ശിവന്‍റെ വാർത്താ സമ്മേളനം. 319 വിദേശസാറ്റലൈറ്റുകൾ വിക്ഷേപിച്ചതിലൂടെ ഐഎസ്ആർഒ നേടിയത് മികച്ച സാമ്പത്തിക നേട്ടമാണ്. യങ് സയന്‍റിസ്റ്റ് പരിപാടിയിലൂടെ മികച്ച ശാസ്ത്രപ്രതിഭകളെ കണ്ടെത്താനുള്ള പരിപാടി അടക്കമുള്ള വിവിധ പദ്ധതികളെക്കുറിച്ചും ശിവൻ വിശദീകരിച്ചു.