ചന്ദ്രനിലേക്ക് കുതിക്കുമ്പോൾ

നീണ്ട കാത്തിരിപ്പിനൊടുവിൽ ആ ദിവസം പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയുടെ എക്കാലത്തെയും അഭിമാന ദൗത്യമായ ചാന്ദ്രയാനിന്റെ രണ്ടാം ഘട്ടം ജൂലൈയിൽ വിക്ഷേപിക്കാൻ പോകുകയാണ്. ജൂലൈ 15ന് പുല‌ർച്ചെ 2 51 ന് വിക്ഷേപിക്കപ്പെടുന്ന ചാന്ദ്രയാൻ രണ്ട്. സെപ്റ്റംബ‌ർ ആറിന് ചന്ദ്രനിലെത്തുമെന്നാണ് ഇപ്പോഴത്തെ കണക്ക് കൂട്ടൽ. രാജ്യവും ശാസ്ത്രലോകവും ഈ രണ്ടാം പതിപ്പിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി.2008ലെ ആ ശിശുദിനം

ഓർമ്മയുണ്ടോ ചന്ദ്രയാൻ ഒന്നിനെ, ലോകത്തെ ആകെ അത്ഭുതപ്പെടുത്തിയ ഐഎസ്ആർഓയുടെ ഇന്ത്യൻ ശാസ്ത്ര സമൂഹത്തിന്‍റെയും പേര് ചന്ദ്രനോളമുയർത്തിയ ആ ദൗത്യത്തെ. 2008 ഒക്ടോബ‌ർ 22ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് കുതിച്ചുയർന്ന ആ ദൗത്യം. നവമ്പർ 28ന് ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തി. നവമ്പർ 14ന് ജവർഹർലാൽ നെഹറുവിന്‍റെ ജന്മദിനത്തിൽ മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രനിൽ ഇടിച്ചിറങ്ങി. എംഐബി ചന്ദ്രോപരിതലത്തിൽ സൃഷ്ടിച്ച ആ സ്ഫോടനം അന്നോളമുണ്ടായിരുന്ന ധാരണകളെക്കൂടിയാണ് തകർത്ത് കളഞ്ഞത്.

ചന്ദ്രനിൽ ജലമുണ്ട്.

ചന്ദ്രയാൻ ദൗത്യത്തിന്‍റെ എറ്റവും വലിയ നേട്ടവും വിജയവും ആ കണ്ടെത്തലായിരുന്നു.  ചന്ദ്രനിൽ ജലസാന്നിധ്യമുണ്ടെന്ന കണ്ടെത്തൽ. മൂൺ ഇംപാക്ട് പ്രോബിൽ ഉണ്ടായിരുന്ന നാസയുടെ മൂൺ മിനറോളജി മാപ്പർ നൽകിയ വിവരങ്ങളിൽ നിന്നാണ് ആ അനുമാനത്തിലേക്ക് ശാസ്ത്രലോകം എത്തിയത്. 2009ൽ നാസ ആ കണ്ടെത്തൽ ലോകത്തിന് മുന്നിൽ വച്ചു. അന്ന് മുതൽ തുടങ്ങിയതാണ് ചന്ദ്രയാൻ രണ്ടിനായുള്ള കാത്തിരിപ്പ്. പല പല കാരണങ്ങൾ കൊണ്ട് വൈകിയ ചന്ദ്രയാൻ രണ്ട് ഒടുവിൽ ഇതാ വിക്ഷേപണത്തിനായി തയ്യാറെടുക്കുന്നു.

ഒന്നാമന്‍റെ അകാല മൃത്യു

മൂവായിരത്തി നാനൂറ് തവണ ചന്ദ്രനെ വലം വച്ച ചന്ദ്രയാൻ ഒന്നുമായുള്ള ബന്ധം 2009 ഓഗസ്റ്റ് 29ന് നഷ്ടമായി. 312 ദിവസത്തെ ദൗത്യം പൂർത്തിയാക്കിയ പേടകവുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ വിഫലമായി. ആയിരം ദിനങ്ങൾ കൂടി ചന്ദ്രനെ വലം വച്ച് 2012ൽ ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങേണ്ടിയിരുന്ന ഉപഗ്രഹമാണ് പ്രതീക്ഷിച്ചതിലും നേരത്തെ ഉപേക്ഷിക്കേണ്ടി വന്നത്. പ്രതീക്ഷിച്ച രണ്ട് വർഷത്തെ പ്രവർത്തനത്തിന് പകരം പത്ത് മാസം മാത്രം നീണ്ട് നിന്ന ദൗത്യം പക്ഷേ വിജയകരമായി തന്നെയാണ് കണക്കാക്കപ്പെടുന്നത്. 

രണ്ടാമന്‍റെ കർത്തവ്യം

ഇവിടെ നിന്നാണ് ചന്ദ്രയാൻ രണ്ടിന്‍റെ ദൗത്യം ആരംഭിക്കുന്നത്. അകാല മൃത്യു വരിച്ച മുൻഗാമിയേക്കാളേറെ ചെയ്യുവാനുണ്ട് ഈ പിൻഗാമിക്ക്. മൂന്ന് ഘടകങ്ങളടങ്ങിയതാണ് ചന്ദ്രയാൻ രണ്ട് ദൗത്യം. ചന്ദ്രന്‍റെ പ്രതലത്തിൽ സഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കുന്ന പ്രഗ്യാൻ എന്ന് പേരുളള റോവർ, ഇതിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനുളള വിക്രം എന്ന ലാൻഡർ, ചന്ദ്രന്‍റെ ഭ്രമണം ചെയ്യുന്ന ഓർബിറ്റർ എന്നിവയാണ് അവ. ചന്ദ്രോപരിതലത്തിന്‍റെ ഘടന, ചന്ദ്രനിലെ മൂലകങ്ങളുടെ സാന്നിധ്യം, ചന്ദ്രനിലെ ജല സാന്നിധ്യം എന്നിവയെക്കുറിച്ച് കൂടുതൽ പഠനം നടത്തുകയാണ് ചാന്ദ്രയാൻ രണ്ടിന്‍റെ  പ്രവർത്ത ദൗത്യങ്ങൾ. 

വലിയ നേട്ടങ്ങളാണ് ചന്ദ്രയാൻ രണ്ടിലൂടെ ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുക എന്നത് ചെറിയ കാര്യമല്ല. ഇതിന് മുമ്പ് റഷ്യക്കും അമേരിക്കക്കും ചൈനക്കും മാത്രം സാധിച്ചിട്ടുള്ള  കാര്യമാണിത്. പ്രഗ്യാൻ റോവറിനെ സുരക്ഷിതമായ ചന്ദ്രനിൽ ഇറക്കാൻ കഴിഞ്ഞാൽ തന്നെ അത് വലിയ വിജയമാണ്. 


വെല്ലുവിളികൾ ചെറുതല്ല

ഇതു വരെ ഒരു ചന്ദ്ര ദൗത്യവും കടന്നു ചെല്ലാത്ത ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലേക്കാണ് ചന്ദ്രയാൻ രണ്ട് ഇറങ്ങാൻ പോകുന്നത്. ദക്ഷിണ ധ്രുവത്തിൽ കൂടുതൽ വെള്ളത്തിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നതിനാലാണ് ഇവിടേക്ക് തന്നെ പേടകത്തെ അയക്കുന്നത്. ചന്ദ്രോപരിതലത്തിൽ ലാൻഡറിനെയും റോവറിനെയും സുരക്ഷിതമായി ഇറക്കുകയെന്നത് ഐഎസ്ആർഒ ഇതു വരെ ചെയ്തിട്ടുള്ളതിൽ വച്ച് എറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണ്. ഡോ കെ ശിവന്‍റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ചന്ദ്രന്‍റെ ഉപരിതലത്തിലേക്ക് വിക്രം ലാൻഡറും റോവറും ഇറങ്ങുന്ന പതിനഞ്ചി മിനുട്ടുകൾ എല്ലാ അ‌ർത്ഥത്തിലും പേടിപ്പിക്കുന്നതായിരിക്കും.  

ഇന്ത്യൻ പാദമുദ്ര

ശാസ്ത്രത്തിനും ഗവേഷണത്തിനുമപ്പുറമുള്ള ഒരു ദൗത്യം കൂടി ചന്ദ്രയാൻ രണ്ടിനുണ്ട്. അശോക ചക്രത്തിന്‍റെയും ഐഎസ്ആറോയുടെയും ചിഹ്നം ചന്ദ്രയാൻ രണ്ട് ചന്ദ്രനിൽ എത്തിക്കും. പ്രഗ്യാൻ റോവറിന്‍റെ ചക്രങ്ങളിലാണ് അശോക ചക്രവും ഐഎസ്ആർഒയുടെ മുദ്രയും ആലേഖനം ചെയ്തിട്ടുള്ളത്. ചന്ദ്രോപരിതലത്തിലൂടെ റോവർ മുന്നോട്ട് നീങ്ങുമ്പോൾ അശോക ചക്രവും ഇസ്രോയുടെ മുദ്രയും ആ മണ്ണിൽ പതിക്കും. 

ജിഎസ്എൽവി മാർക്ക് ത്രീ , ഇന്ത്യയുടെ ബാഹുബലി

നിർണ്ണായക ദൗത്യത്തെ ബഹിരാകാശത്തെത്തിക്കേണ്ട ചുമതല ഇന്ത്യ ഇന്ന് നിർമ്മിച്ചിട്ടുള്ളതിൽ വച്ചേറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ ഫാറ്റ് ബോയ് എന്നും വിളിപ്പേരുള്ള  ജിഎസ്എൽവി മാർക്ക് ത്രീക്കാണ്. ഡോ കെ ശിവൻ  പത്ര സമ്മേളനത്തിൽ ജിഎസ്എൽവി മാ‌ർക്ക് ത്രിയെ വിശേഷിപ്പിച്ചത് ബാഹുബലിയെന്നാണ്.  1990കളിലാണ് ജിഎസ്എൽവിയുടെ ജനനം.  ഭൂമിയിൽ നിന്ന് 35,000 കിലോമീറ്റ‌ർ അകലെ ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കാൻ കെൽപ്പുള്ള ഒരു വിക്ഷേപണ വാഹനം വേണമെന്ന ആവശ്യത്തിൽ നിന്നാണ് ജിഎസ്എൽവി ഉണ്ടാകുന്നത്. പത്ത് വ‌‌ർഷങ്ങൾക്ക് ശേഷം രണ്ടായിരത്തിന്റെ തുടക്കത്തിലാണ് ജിഎസ്എൽവി മാ‌ർക്ക് ത്രീ ക്കായുള്ള പ്രവ‌ർത്തനങ്ങൾ ആരംഭിക്കുന്നത്. 

2014 ഡിസംബർ പതിനെട്ടിനായിരുന്നു മാർക്ക് ത്രിയുടെ ആദ്യ സബ് ഓർബിറ്റൽ ടെസ്റ്റ് ഫ്ലൈറ്റ്. 2017 ജൂൺ അഞ്ചിന് ആദ്യ ഓ‌ർബിറ്റൽ ടെസ്റ്റ് ലോഞ്ച് നടത്തി. 2018 നവംമ്പർ 14 ന് ജിസാറ്റ് 29നെ ഭ്രമണപഥത്തിലെത്തിച്ച ജിഎസ്എൽവി മാർക്ക് ത്രീ ചരിത്രം കുറിച്ചു.