ചൈന പറക്കും റോബോട്ടുമായി ചന്ദ്രനിലേക്ക്; ദക്ഷിണധ്രുവത്തിലെ ഗര്‍ത്തങ്ങളില്‍ ഐസ് കണ്ടെത്തുക ലക്ഷ്യം

ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലെ ഗര്‍ത്തങ്ങളില്‍ ഐസ് തിരയാന്‍ പറക്കും റോബോട്ടിനെ അയക്കാന്‍ ചൈന

China plans to send a flying robot to the far side of the moon next year to search for the frozen water

ബെയ്ജിങ്: ചാന്ദ്ര ഗവേഷണത്തില്‍ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാന്‍ ചൈന. ചന്ദ്രന്‍റെ വിദൂര വശത്ത് നിന്ന് ഐസ് പാളികള്‍ കണ്ടെത്താന്‍ 'പറക്കും റോബോട്ടിനെ' അയക്കാനൊരുങ്ങുകയാണ് ചൈന എന്ന് രാജ്യത്തെ ഔദ്യോഗിക മാധ്യമങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ 2026ലെ Chang'e-7 ചാന്ദ്ര ദൗത്യത്തിന്‍റെ ഭാഗമായാവും ഈ റോബോട്ടിന്‍റെ യാത്ര. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലെ, സൂര്യപ്രകാശം കടന്നുചെല്ലാത്ത ഇരുണ്ട ഗര്‍ത്തങ്ങളില്‍ ഐസ് ഉണ്ടാകും എന്ന കണക്കുകൂട്ടലിലാണ് ചൈനീസ് ശാസ്ത്രജ്ഞര്‍. 

അടുത്ത വര്‍ഷം ചന്ദ്രന്‍റെ വിദൂര വശത്ത് നിന്ന് തണുത്തുറഞ്ഞ ജലം കണ്ടെത്താന്‍ ചൈനയുടെ പറക്കും റോബോട്ട് യാത്രതിരിക്കും. ചൈനയുടെ ബഹിരാകാശ പദ്ധതികളിലെ പ്രധാന ദൗത്യങ്ങളിലൊന്നാണിത്. ചൈനയുടെ ചാങ്ഇ-7 ദൗത്യത്തിന്‍റെ ഭാഗമായി ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലാണ് റോബോട്ട് ഇറങ്ങുക. അഞ്ച് വര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ ആളുകളെ ഇറക്കാനും രാജ്യം പദ്ധതിയിടുന്നതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബഹിരാകാശ രംഗത്ത് അമേരിക്കയ്ക്ക് ശക്തമായ മത്സരം നല്‍കാന്‍ ലക്ഷ്യമിട്ട് വമ്പന്‍ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് ചൈന. 2030ല്‍ ചന്ദ്രനില്‍ ആളെയിറക്കുകയാണ് ചൈനയുടെ ലക്ഷ്യം. 

ചന്ദ്രനില്‍ ജലം കണ്ടെത്തുക പുതിയ സംഭവമല്ല. കഴിഞ്ഞ വര്‍ഷത്തെ ചാങ്ഇ-5 ദൗത്യം ശേഖരിച്ച ചന്ദ്രനിലെ മണ്ണ് സാമ്പിളുകളില്‍ ജല സാന്നിധ്യം ചൈനീസ് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ചന്ദ്രന്‍റെ ഉപരിതലത്തില്‍ ജല സാന്നിധ്യമുണ്ടെന്ന് നാസയും ഐഎസ്ആര്‍ഒയും ഇതിനകം സൂചനകള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ചന്ദ്രന്‍റെ വിദൂര വശത്തുള്ള ഗർത്തങ്ങളിൽ തണുത്തുറഞ്ഞ ജലത്തിന്‍റെ സാന്നിധ്യമുണ്ടെങ്കില്‍ അത് ഭാവി ബഹിരാകാശയാത്രികരുടെ ജലസ്രോതസ്സായി മാറുമെന്ന കണക്കുകൂട്ടലിലാണ് ചൈന വിശദ പഠനത്തിനായി പറക്കും റോബോട്ടിനെ അങ്ങോട്ടേക്കയയ്ക്കാന്‍ തയ്യാറെടുക്കുന്നത്. 

മാത്രമല്ല, ചന്ദ്രന്‍ ദക്ഷിണധ്രുവത്തില്‍ സ്വന്തം ബേസ് ക്യാംപ് സ്ഥാപിക്കാനുള്ള ചൈനീസ് പദ്ധതികളുടെ ഭാഗമായി കൂടിയാണ് ജലപര്യവേഷണം. ചന്ദ്രന്‍റെ സൗത്ത് പോളില്‍ ജലം കണ്ടെത്താനായാല്‍ അവിടെ ഒരുനാള്‍ മനുഷ്യവാസം സാധ്യമാകുമെന്ന് ചൈനീസ് ഗവേഷകര്‍ കണക്കുകൂട്ടുന്നു. ഈ ജലം ചാന്ദ്ര പര്യവേഷണങ്ങളുടെ ചിലവ് കുറയ്ക്കാന്‍ സഹായകമാവുകയും ചെയ്യും. കൂടാതെ, അന്യഗ്രഹ ജീവനെ കുറിച്ചുള്ള പഠനത്തിന് സഹായകമാവുകയും ചെയ്യുന്ന ദൗത്യമാകും ചന്ദ്രനിലെ ചൈനയുടെ ജല മിഷന്‍. 

2026ലെ Chang'e-7 ദൗത്യം ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തെ കുറിച്ചുള്ള ഏറ്റവും വിശദമായ പഠനമായി മാറും. ഓര്‍ബിറ്റര്‍, ഒരു ലാന്‍ഡര്‍, ഒരു റോവര്‍, എന്നിവയ്ക്ക് പുറമെയാണ് പറക്കും റോബോട്ടും ചൈനയുടെ ചാങ്ഇ-7 ദൗത്യത്തില്‍ ചന്ദ്രന്‍റെ സൗത്ത് പോളിലിറങ്ങും. മനുഷ്യനെ പോലെ പേടകത്തില്‍ നിന്ന് കാലുകള്‍ മടക്കി ചാടിയിറങ്ങുന്ന രീതിയിലുള്ള റോബോട്ടോണ് ചൈന ഇതിനായി തയ്യാറാക്കുന്നത്. എന്നാല്‍ അതിശൈത്യമുള്ള ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലെ ഗര്‍ത്തങ്ങളെ ദീര്‍ഘനാള്‍ അതിജീവിക്കുക റോബോട്ടിന് വലിയ വെല്ലുവിളിയാകുമെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ സമ്മതിക്കുന്നു. 

Read more: 'ബ്ലൂ മാര്‍ബിള്‍' തന്നെ; കിറുകൃത്യം വീഡിയോ പകര്‍ത്തി ബ്ലൂ ഗോസ്റ്റ്, ഭൂമി പരന്നതാണെന്ന് ഇനിയുമെങ്ങനെ പറയും!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios