ഇറാനിലെ ആണവ സമ്പുഷ്‌ടീകരണ കേന്ദ്രങ്ങളില്‍ വലിയ നാശനഷ്ടങ്ങളുണ്ടാക്കാന്‍ ഇസ്രയേല്‍ സേനയ്ക്കായില്ലെന്ന് വിദഗ്‌ധരെ ഉദ്ദരിച്ച് റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ട്
ടെഹ്‌റാന്‍: ഇറാനിലെ പ്രധാന ആണവ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചെങ്കിലും കനത്ത നാശം സംഭവിച്ചിട്ടില്ലെന്ന് ന്യൂക്ലിയര്‍ വിദഗ്‌ധരെ ഉദ്ദരിച്ച് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഇറാന്‍റെ ആണവ സമ്പുഷ്‌ടീകരണ പദ്ധതികളിലെ പ്രധാന നിലയമായ 'നഥാന്‍സ്' വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ ആക്രമിച്ചിരുന്നു. ഇതിന് ശേഷം നടന്ന തുടര്‍ വ്യോമാക്രമണങ്ങളില്‍ 'ഇസ്‌ഫഹാന്‍', 'ഫോര്‍ഡോ' എന്നീ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളും ഇസ്രയേല്‍ ലക്ഷ്യമിട്ടു. എന്നാല്‍ ആശങ്കകള്‍ സൃഷ്‌ടിക്കുന്ന തോതിലുള്ള നാശനഷ്ടമോ ആണവ വികിരണമോ ഇസ്രയേല്‍ വ്യോമാക്രമണം സൃഷ്ടിച്ചില്ല എന്നാണ് വിദഗ്ധരുടെ പക്ഷം.
ഇറാനിലെ പ്രധാനപ്പെട്ട ന്യൂക്ലിയര്‍ പദ്ധതികളും സൈനികതാവളങ്ങളും ലക്ഷ്യമിട്ടായിരുന്നു വെള്ളിയാഴ്‌ച പുലര്‍ച്ചെ മുതല്‍ അതിശക്തമായ വ്യോമാക്രമണം എന്നായിരുന്നു ഇസ്രയേലിന്‍റെ വിശദീകരണം. മുതിര്‍ന്ന ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്‍മാരെയും സൈനിക മേധാവികളെയും 'റൈസിംഗ് ലയണ്‍' എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നീക്കത്തില്‍ ഇസ്രയേല്‍ സേന ലക്ഷ്യമിട്ടു. ഇറാന്‍റെ വ്യോമ പ്രതിരോധത്തെ നിഷ്‌ഭ്രമാക്കി 200-ലേറെ യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ഈ ആക്രമണം. ഇതില്‍ ഇറാന്‍റെ ആണവായുധ പദ്ധതികളുടെ ഹൃദയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നഥാന്‍സും ഇസ്രയേല്‍ സേന ആക്രമിച്ചു. നഥാന്‍സ് ആണവ സമ്പുഷ്‌ടീകരണ പ്ലാന്‍റിന്‍റെ മുകള്‍ ഭാഗത്ത് നാശം വിതയ്ക്കാനായെങ്കിലും തുടര്‍ ആക്രമണങ്ങളില്‍ ഇസ്‌ഫഹാനിനും ഫോര്‍ഡോയിലും കാര്യമായ പ്രത്യാഘാതം ഇസ്രയേല്‍ സേനയ്ക്ക് സൃഷ്ടിക്കാനായില്ലെന്ന് ആണവോര്‍ജ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.
ഇസ്രയേല്‍ വ്യോമാക്രമണം ഇറാനിലെ ന്യൂക്ലിയര്‍ പ്ലാന്‍റുകളില്‍ വലിയ തകര്‍ച്ച ഉണ്ടാക്കിയിട്ടില്ലെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്ത് ആണവോര്‍ജ വിദഗ്ധര്‍ വ്യക്തമാക്കിയെന്നാണ് റോയിട്ടേഴ്സിന്‍റെ റിപ്പോര്‍ട്ട്. 'ഫോര്‍ഡോയിലോ ഇസ്‌ഫഹാനിലോ പ്രകടമായ നാശനഷ്ടം ഇസ്രയേല്‍ സേന വരുത്തിയതായി നമുക്ക് കാണാനാവുന്നില്ല, അതേസമയം നഥാന്‍സില്‍ നാശനഷ്ടങ്ങളുണ്ട്, എങ്കിലും നഥാന്‍സിന്‍റെ ഭൂഗര്‍ഭ നിലയം തകര്‍ത്തതായി തെളിവുകളില്ല'- എന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ഇന്‍റര്‍നാഷണല്‍ സെക്യൂരിറ്റിയിലെ ന്യൂക്ലിയര്‍ വിദഗ്ധനായ ഡേവിഡ‍് ഓള്‍ബ്രൈറ്റ് വ്യക്തമാക്കി.
നഥാന്‍സ് ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിന്‍റെ പുറമേയ്ക്ക് കാണുന്ന ഭാഗത്ത് നാശനഷ്ടമുണ്ടായതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ റഫേല്‍ ഗ്രോസി യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിനെ അറിയിച്ചിട്ടുണ്ട്. ഫോര്‍ഡോ, ഇസ്‌ഫഹാന്‍ എന്നീ മറ്റ് രണ്ട് ആണവാലയങ്ങളും ആക്രമിക്കപ്പെട്ടെന്ന് ഇറാന്‍ അറിയിച്ചതായും ഗ്രോസി വ്യക്തമാക്കി. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടത് നഥാന്‍സിലെ സെൻട്രിഫ്യൂജുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. അതേസമയം ഭൂഗര്‍ഭ അറകളിലെ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾക്ക് തകരാറുകള്‍ സംഭവിച്ചതായി സൂചനകളില്ലെന്നും റഫേല്‍ ഗ്രോസി കൂട്ടിച്ചേര്‍ത്തു. ഇറാന്‍റെ ഏറ്റവും പ്രധാന ആണവ സമ്പുഷ്‌ടീകരണ കേന്ദ്രമായ നഥാന്‍സില്‍ വിശാലമായ ഭൂഗര്‍ഭ യുറേനിയം പ്ലാന്‍റ് സ്ഥിതി ചെയ്യുന്നു. ഈ നിലയത്തിന്‍റെ ചെറിയൊരു ഭാഗം മാത്രമാണ് തറനിരപ്പിന് മുകളില്‍ ദൃശ്യമാകൂ.



