1.8 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യകാല മനുഷ്യ പൂര്‍വ്വികര്‍ ചൂടുള്ള ഭക്ഷണം കഴിച്ചിരുന്നുവെന്നു ശാസ്ത്രം തെളിയിക്കുന്നു. അതായത്, തീ കണ്ടെത്തുന്നതിനു വളരെ മുന്‍പായിരുന്നു ഇത്. ഇതിനായി അവര്‍ ചൂടു നീരുറവകളില്‍ ഭക്ഷണം തിളപ്പിച്ചിരിക്കാമെന്നു ശാസ്ത്രജ്ഞര്‍ കരുതുന്നു. വടക്കന്‍ ടാന്‍സാനിയയിലെ ഓള്‍ഡുവായ് ഗോര്‍ജ്, ആദ്യകാല മനുഷ്യ പൂര്‍വ്വികരുടെ ഏറ്റവും പഴയ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സൈറ്റില്‍, അവര്‍ ഉപയോഗിച്ച ചില ഉപകരണങ്ങള്‍ ഇപ്പോള്‍ കണ്ടെത്തി. അതിന്റെ സിമുലേഷന്‍ വികസിപ്പിച്ചതില്‍ നിന്നാണു പുതിയ നിഗമനത്തിലേക്കു നരവംശ ശാസ്ത്രജ്ഞര്‍ എത്തിയത്. ഇവിടുത്തെ ബാക്ടീരിയകളെ വേര്‍തിരിക്കാന്‍ കഴിഞ്ഞതോടെയാണ് ഈ ഭാഗങ്ങളുടെ ചൂടുനീരുറവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

ആദ്യകാല മനുഷ്യരുടെ പ്രദേശങ്ങള്‍ക്കു സമീപം വിള്ളലുകള്‍ നിറഞ്ഞ താഴ്വരയില്‍ ധാരാളം ചൂട് നീരുറവകള്‍ ഉണ്ടായിരുന്നു എന്നതിന് സ്‌പെയിനില്‍ നിന്നും യുഎസില്‍ നിന്നുമുള്ള ഗവേഷകര്‍ ഇപ്പോള്‍ തെളിവുകള്‍ കണ്ടെത്തി. ഈ നീരുറവകള്‍ മുതലെടുത്ത് കാട്ടുമൃഗങ്ങളെയും വേരുകളെയും കിഴങ്ങുവര്‍ഗ്ഗങ്ങളെയും വേവിച്ചു കഴിക്കാനുള്ള സാധ്യത നിലനിര്‍ത്തുന്നു. ''നമുക്ക് പറയാന്‍ കഴിയുന്നിടത്തോളം, ജലമൊരു വിഭവമായി ആളുകള്‍ ഉപയോഗിക്കുന്നുവെന്നതിന് ഗവേഷകര്‍ ഇതാദ്യമായാണ് വ്യക്തമായ തെളിവുകള്‍ നല്‍കുന്നത്,'' എംഐടിയുടെ ജിയോബയോളജിസ്റ്റ് റോജര്‍ സമന്‍സ് പറഞ്ഞു.

ഓള്‍ഡുവായ് ഗോര്‍ജിലെ 1.9 മൈല്‍ (3 കിലോമീറ്റര്‍) പുറം ഭാഗത്തെ 1.7 ദശലക്ഷം വര്‍ഷം പഴക്കമുള്ള പാറയുടെ മണല്‍ പാളി 1.8 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഇരുണ്ട കളിമണ്‍ പാളിയില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന ഗവേഷകരുടെ പഠനമാണ് ഇത്തരമൊരു കണ്ടെത്തലിലേക്ക് നയിച്ചത്. ''പരിസ്ഥിതിയില്‍ എന്തോ മാറ്റം സംഭവിക്കുന്നു, എന്താണ് സംഭവിച്ചതെന്നും അത് മനുഷ്യരെ എങ്ങനെ ബാധിച്ചുവെന്നും മനസിലാക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു,'' എംഐടിയുടെ പുരാവസ്തു ഗവേഷകന്‍ ഐനാര സിസ്റ്റിയാഗ പറഞ്ഞു.

ഇവര്‍ ചൂടുനീരുറവയില്‍ നിന്ന് പാറ സാമ്പിളുകള്‍ ശേഖരിച്ചു, ചില ലിപിഡുകളുടെ സാന്നിധ്യം വിശകലനം ചെയ്തു (ഒരു തരം വലിയ ജൈവ തന്മാത്ര) അക്കാലത്ത് ഈ പ്രദേശത്ത് വളരുന്ന സസ്യങ്ങളുടെ അടയാളങ്ങള്‍ അതില്‍ കണ്ടെത്തി. ഏകദേശം 1.7 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് - കിഴക്കന്‍ ആഫ്രിക്ക ക്രമേണ വരണ്ടുപോയതായി മുന്‍പ് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ ഫലമായി ഹരിതാഭമായ അന്തരീക്ഷത്തില്‍ നിന്ന് വരണ്ട പുല്‍മേടുകള്‍ സൃഷ്ടിക്കപ്പെട്ടതായി കരുതുന്നു. 'കാര്‍ബണ്‍ നമ്പറുകളും ഐസോടോപ്പുകളും ഉപയോഗിച്ച് അവിടെ ഉണ്ടായിരുന്ന സസ്യങ്ങളെ പുനര്‍നിര്‍മ്മിക്കാന്‍ കഴിഞ്ഞു, പ്രൊഫസര്‍ സമന്‍സ് പറഞ്ഞു.

യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിനുള്ളിലെ ചൂടുനീരുറവകളില്‍ സൂക്ഷ്മാണുക്കള്‍ പുറത്തുവിടുന്ന ലിപിഡുകളോട് സാമ്യമുള്ളതാണ് ഇവിടുത്തെ ലിപിഡുകള്‍. ഇതു സസ്യങ്ങള്‍ കൊണ്ടല്ല, ബാക്ടീരിയകള്‍ കൊണ്ടാണ് വേര്‍തിരിക്കുന്നത്. ഓള്‍ഡുവായ് ഗോര്‍ജിലെ ഈ മണല്‍ പാളിയില്‍ നിന്ന് ഐനാര തിരികെ കൊണ്ടുവന്ന ചില സാമ്പിളുകളില്‍ ബാക്ടീരിയല്‍ ലിപിഡുകളുടെ സമാന സമ്മേളനങ്ങളുണ്ടായിരുന്നു, ഇത് ഉയര്‍ന്ന താപനിലയുള്ള വെള്ളത്തെ സൂചിപ്പിക്കുന്നുവെന്ന് ഞങ്ങള്‍ കരുതുന്നു, പ്രൊഫസര്‍ സമന്‍സ് വിശദീകരിച്ചു. 

അത്തരത്തിലുള്ള ഒരു ബാക്ടീരിയയെ 'തെര്‍മോക്രിനിസ് റുബര്‍' എന്ന് വിളിക്കുന്നു - ഇത് സാധാരണ ചൂടുള്ള നീരുറവകളുടെ ഒഴുക്കുള്ള ഭാഗങ്ങളില്‍ വസിക്കുന്നു. 'താപനില 80 ഡിഗ്രി സെല്‍ഷ്യസ് കവിയുന്നില്ലെങ്കില്‍ അവ വളരുകയുമില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു - ഭൂമിശാസ്ത്രപരമായി സജീവമായ പ്രദേശമായി അറിയപ്പെടുന്ന ഓള്‍ഡുവായ് ഗോര്‍ജില്‍ ചൂടുനീരുറവകള്‍ ഉണ്ടാകാന്‍ അതു കൊണ്ടു തന്നെ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.