ഭൂമി അതിന്‍റെ ഭ്രമണപഥത്തിൽ നിന്നും തെന്നിമാറാനുള്ള സാധ്യതയുടെ പ്രധാന കാരണം ഭൂമിയുടെ സമീപത്തിലൂടെ കടന്നുപോകുന്ന നക്ഷത്രങ്ങളായിരിക്കുമെന്ന് മുന്നറിയിപ്പ്
അരിസോണ: സൗരയൂഥത്തിലെ ഏറ്റവും സുരക്ഷിതമെന്ന് നാം കരുതുന്ന ഗ്രഹമാണ് ഭൂമി. സൂര്യനെ കോടിക്കണക്കിന് വര്‍ഷങ്ങളായി ഒരു സ്ഥായിഭാവത്തില്‍ ചുറ്റുകയാണ് നമ്മുടെ ഗ്രഹം. ഗ്രഹാന്തര അന്വേഷണങ്ങള്‍ നടക്കുകയാണെങ്കിലും സൗരയൂഥത്തില്‍ ജീവന്‍റെ തുടിപ്പുള്ള ഏക ഗ്രഹം ആയി ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത് ഭൂമിയാണ്. വർഷങ്ങൾ നീണ്ട പരിണാമങ്ങളിലൂടെയാണ് ഇന്ന് കാണുന്ന രൂപത്തിലുള്ള ഭൂമിയുണ്ടായത്. എന്നാല്‍ അത്രയേറെ സേഫ് ആയ ഇടമെന്ന് നാം കരുതുന്ന ഭൂമിയെക്കുറിച്ച് പുറത്തുവരുന്ന വാർത്തകള്‍ അത്ര ശുഭമല്ല. കാരണം, പുതിയ പഠനങ്ങൾ അനുസരിച്ചു ഭൂമി അതിന്‍റെ ഭ്രമണപഥത്തിൽ നിന്ന് മാറി മറ്റൊരു ഗ്രഹത്തിലോ സൂര്യനിലോ പതിക്കാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്.
പ്ലാനറ്ററി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ നഥാൻ കൈബ്, ബോർഡോ സർവകലാശാലയിലെ ഗവേഷകനായ ഷോൺ റെയ്മണ്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആയിരക്കണക്കിന് സിമുലേഷനുകൾ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിനൊടുവില്‍ ഇക്കാറസ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. ഭൂമി അതിന്‍റെ ഭ്രമണപഥത്തിൽ നിന്നും തെന്നിമാറാനുള്ള സാധ്യതയുടെ പ്രധാന കാരണം ഭാവിയില്‍ ഭൂമിയുടെ സമീപത്തിലൂടെ കടന്നുപോകുന്ന നക്ഷത്രങ്ങളായിരിക്കുമെന്ന് പഠനം പറയുന്നു. അടുത്ത നാല് ബില്യൺ വർഷങ്ങൾക്കിടെ ഭൂമിയ്ക്ക് സമീപത്തിലൂടെ കടന്നുപോകുന്ന നക്ഷത്രങ്ങളാണ് ഭൂമിക്ക് പണി തരിക. സൗരയൂഥത്തിലൂടെ കടന്നുപോകുന്ന ഒരു നക്ഷത്രത്തിന് ഭൂമിയുടെ ഭ്രമണപഥം തെറ്റിക്കാമെന്നും, തൽഫലമായി ഭൂമി മറ്റൊരു ഗ്രഹവുമായി കൂട്ടിയിടിക്കുകയോ, സൂര്യനിൽ പതിക്കുകയോ, അല്ലെങ്കിൽ ബഹിരാകാശത്തിന്‍റെ ഏതെങ്കിലും ദിക്കിലേക്ക് എന്നെന്നേക്കുമായി തെറിച്ചുപോവുകയോ ചെയ്യാമെന്നാണ് ഇക്കാറസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.
സൗരയൂഥത്തിന്‍റെ അതിർത്തിയായി കണക്കാക്കപ്പെടുന്ന ഒർട്ട് ക്ലൗഡിന് സമീപത്തുകൂടി, അതായത് ഏകദേശം 10,000 അസ്ട്രോണമിക്കൽ യൂണിറ്റ് ദൂരത്തിൽ സൂര്യന് സമാനമായ പിണ്ഡമുള്ള ഒരു നക്ഷത്രം കടന്നു പോകുന്നത് വഴി സൗരയൂഥത്തിന്‍റെ സന്തുലിതാവസ്ഥ തകിടം മറിയുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.
ഭൂമിയെ മാത്രമല്ല സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളെയും നക്ഷത്രങ്ങളുടെ ഈ വരവ് കാര്യമായി തന്നെ ബാധിക്കും എന്ന് കണക്കാക്കുന്നു. അതിഥി നക്ഷത്രങ്ങളുടെ ഗുരുത്വാകർഷണം വ്യാഴം പോലുള്ള ഭീമൻ ഗ്രഹങ്ങളുടെ ഭ്രമണപഥത്തിൽ അപ്രതീക്ഷിത മാറ്റങ്ങള്‍ വരുത്തും. ഈ നക്ഷത്രങ്ങൾ മൂലമുണ്ടാകുന്ന ഗുരുത്വാകർഷണ വലിവ് ബുധന്‍റെ അസ്ഥിരതയ്ക്കുള്ള സാധ്യത 50-80 ശതമാനം വരെ വർധിപ്പിക്കാമെന്ന് പഠനം വ്യക്തമാക്കുന്നു. എന്നാൽ ഭൂമി മറ്റൊരു ഗ്രഹത്തിൽ കൂട്ടിയിടിക്കാനുള്ള സാധ്യത 0.2 ശതമാനമാണ് എന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ചൊവ്വ മറ്റൊരു ഗ്രഹവുമായി കൂട്ടിയിടിക്കാനോ പുറത്തേക്ക് തെറിച്ചുപോകാനോ 0.3 ശതമാനം സാധ്യതയുണ്ട് എന്നും ഗവേഷകരായ നഥാൻ കെയ്ബും ഷോൺ റെയ്മണ്ടും പറയുന്നു.
ഈ 0.2 % സാധ്യത പറയുമ്പോഴും മറ്റു ഗ്രഹങ്ങൾക്ക് സംഭവിക്കുന്ന പ്രത്യാഘാതങ്ങള്‍ ഭൂമിയെ കാര്യമായി ബാധിക്കും. ബുധന്‍റെ ഭ്രമണപഥം തെറ്റുന്നത് ചൊവ്വയെയോ ശുക്രനെയോ ഭൂമിയുമായി കൂട്ടിയിടിക്കാൻ കാരണമായേക്കാമെന്നും പഠനം പറയുന്നു. രണ്ടാമത്തെ സാധ്യതയായി പറയുന്നത്, ഭൂമി സൂര്യനിൽ ഇടിച്ചേക്കാം എന്നാണ്. അതുമല്ലെങ്കിൽ ശുക്രനും ചൊവ്വയും ചേർന്ന് ഭൂമിയെ വ്യാഴത്തിനടുത്തേക്ക് തട്ടിത്തെറിപ്പിക്കാമെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. വ്യാഴമെന്ന ഭീമൻ ഗ്രഹത്തിന്‍റെ ഗുരുത്വാകർഷണം ഭൂമിയെ സൗരയൂഥത്തിൽ നിന്ന് എന്നന്നേക്കുമായി പുറന്തള്ളിയേക്കാമെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. അതേസമയം, ഭൂമിക്ക് ഉടൻ തന്നെയോ അടുത്ത ഏതാനും ദശലക്ഷം വർഷങ്ങള്‍ക്കുള്ളിലോ വലിയൊരു ദുരന്തം സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്ന് വിശ്വസിക്കുന്ന ഗവേഷകരും ലോകത്തുണ്ട്.



