കാലിഫോര്‍ണിയ: സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്‍റെ മകന്‍റെ പേര് വൈറലാവുന്നു. സ്പേസ് എക്സ്, ടെസ്ല, ന്യൂറാ എക്സ് എന്നീ വന്‍കിട കമ്പനികളുടെ സ്ഥാപകനായ ഇലോണ്‍ മസ്കിനും ഗായിക ഗ്രിംസിനും തിങ്കളാഴ്ചയാണ് മകന്‍ ജനിച്ചത്. അമ്മയും കുഞ്ഞിനും സുഖമെന്ന് ട്വീറ്റ് ചെയ്ത മസ്ക് കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്‍റെ പേര് വിശദമാക്കിയത്. 

എക്സാഷ് എ ട്വല്‍വ് മസ്ക്(X Æ A-12 Musk) എന്നാണ് മകന് പേരിട്ടതായി ട്വിറ്ററില്‍ ഇലോണ്‍ വിശദമാക്കിയത്. പേര് വിശദമാക്കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങള്‍ പേരിന്‍റെ അര്‍ത്ഥം കണ്ടെത്താനുള്ള പരക്കം പാച്ചിലിലായി. ഓരോ അക്ഷരത്തിനും പല വിശദീകരണങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് പ്രതികരിച്ചത്. പേരിന്‍റെ ഉച്ചാരണവും അര്‍ത്ഥവും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗിലെത്തി. ഒരുപേരിലെന്തിരിക്കുന്നുവെന്ന് അതിശയിക്കാന്‍ വരട്ടെ പേരുകൊണ്ട് നിരവധികാര്യങ്ങള്‍ വ്യക്തമാക്കാനുണ്ടെന്ന് ഗ്രിംസിന്‍റെ വിശദീകരണം വ്യക്തമാക്കും.

ഇന്നലെ കുഞ്ഞിന്‍റെ പേരിന്‍റെ പേരിലുള്ള ആശയക്കുഴപ്പങ്ങള്‍ക്ക് ഗ്രിംസ് തന്നെ മറുപടിയുമായി എത്തി.  ഇതിനുമുന്‍പും കുഞ്ഞിന്‍റെ പേരിലെ അക്ഷരങ്ങള്‍ ഗ്രിംസ് ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ആരാധകര്‍ക്ക് പേരിലെ ഉച്ചാരണത്തിലെ ആശയക്കുഴപ്പം അകറ്റാന്‍ ഗ്രിംസിന്‍റെ മറുപടിക്കും സാധിച്ചിട്ടില്ല. പേരിന്‍റെ നിയമ സാധുതയേക്കുറിച്ചും നിരവധിപ്പേരാണ് സംശയം ഉയര്‍ത്തുന്നത്.