സൂര്യന്‍റെ ഉപരിതലത്തിന്‍റെ ഏറ്റവും തെളിഞ്ഞ ചിത്രം പുറത്ത് വിട്ട് നാസ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജചിത്രം. ഏതാനും ദിവസങ്ങളായി ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വൈറലാണ് ഈ ചിത്രം. സൂര്യന്‍റെ ഉപരിതലത്തിലെ കിരണങ്ങള്‍ കൃത്യമായി കാണുന്ന ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. 

തിളങ്ങുന്ന രേഖകള്‍ ഇളകുന്നത് പോലെ തോന്നിപ്പിക്കുന്ന രീതിയിലുള്ളതാണ് ചിത്രം.ഒരു നക്ഷത്രത്തിന്‍റെ ഉപരിതലം ഇപ്രകാരമായിരിക്കും എന്നടക്കമുള്ള കുറിപ്പുകളോടെയാണ് ചിത്രം വ്യാപക പ്രചാരണം നേടിയത്. ഇത്തരത്തില്‍ ഉപരിതലം കാണുന്നതിന് കാന്തിക ബലം ഉള്‍പ്പെടെയുള്ള തത്വങ്ങളുടെ പിന്തുണയോടെയാണ് പലരും ചിത്രം പങ്കുവച്ചിരിക്കുന്നത്. 

എന്നാല്‍ നാസയുമായി ഒരു ബന്ധവുമില്ലാത്ത മിഷിഗണിലുള്ള ഒരു ഫോട്ടോഗ്രാഫറുടേതാണ് ഈ ചിത്രം. ജനുവരി 13ന് ഇതേ ചിത്രം ജേസണ്‍ ഗുന്‍സേല്‍ എന്ന മിഷിഗണ്‍ ഫോട്ടോഗ്രാഫര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സോളാര്‍ ക്രോംസ്ഫിയറിന്‍റെ ഡിജിറ്റലി എഡിറ്റ് ചെയ്ത ചിത്രം എന്ന കുറിപ്പോടെയാണ് ജേസണ്‍ ഇത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നത്. സയന്‍സിനും കലയ്ക്കും ഇടയിലുള്ള നേര്‍ത്ത രേഖയിലൂടെ നീങ്ങാനുള്ള ശ്രമം. അതില്‍ ഇത്തിരി മങ്ങിയ ചിത്രം എന്നും ജേസണ്‍ ചിത്രത്തെക്കുറിച്ച് വിശദമാക്കിയിരുന്നു. തന്‍റെ വീടിന് പിന്നില്‍ നിന്ന് സോളാര്‍ ടെലിസ്കോപ് വഴിയാണ് ജേസണ്‍ ഇതിന്‍റെ യഥാര്‍ത്ഥ ചിത്രം എടുത്തത്. 

ഈ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ നാസ പുറത്തുവിട്ട ചിത്രമെന്ന നിലയില്‍ വ്യാപക പ്രചാരണം നേടുന്നത്. ഈ പ്രചാരണം തെറ്റാണ്.