കാതടപ്പിക്കുന്ന ശബ്‌ദം, ഭൂകമ്പം എന്ന് കരുതി ഭയന്നുവിളിച്ച് നാട്ടുകാര്‍, ക്യാമറയില്‍ പതിഞ്ഞത് ഉല്‍ക്കാശില
ജോര്‍ജിയ: അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ പകല്‍വെട്ടത്തില്‍ ഞെട്ടല്‍ സമ്മാനിച്ച് ഉല്‍ക്കാശില പതിച്ചു. ജൂണ്‍ 26ന് ഉച്ചയോടെയായിരുന്നു ഉല്‍ക്കാജ്വലനം എന്നാണ് യുഎസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ജോര്‍ജിയ, സൗത്ത് കരോലിന, നോര്‍ത്ത് കരോലിന, ടെന്നസി സംസ്ഥാനങ്ങളില്‍ അഗ്നിഗോളമായ ഉല്‍ക്കാശില നിരവധിയാളുകള്‍ കണ്ടതായാണ് റിപ്പോര്‍ട്ട്. സൗത്ത് കരോലിനയില്‍ ഡാഷ് ക്യാമറയില്‍ പതിഞ്ഞത് അടക്കം സംഭവത്തിന്‍റെ അനേകം ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉല്‍ക്ക കണ്ടതായി നിരവധിയാളുകള്‍ അമേരിക്കന്‍ മെറ്റിയോര്‍ സൊസൈറ്റിയെ അറിയിച്ചു. അതേസമയം ഈ ഉല്‍ക്കയുടെ അവശിഷ്ടങ്ങള്‍ ജോര്‍ജിയയിലെ ഒരു വീട്ടില്‍ പതിച്ചതായി സംശയിക്കുന്നു.
പട്ടാപ്പകലില്‍ കണ്ണഞ്ചിക്കുന്ന തെളിച്ചത്തോടെയാണ് ദൃശ്യമായ ഉല്‍ക്കാശില 'ബോളിഡ്' ആണെന്നാണ് അനുമാനം. കാതടപ്പിക്കുന്ന ശബ്ദത്തോടെയായിരുന്നു ഉല്‍ക്ക കത്തിയമര്‍ന്നത്. ശബ്‌ദം കേട്ട് ഇത് ഭൂകമ്പമാണെന്ന് തെറ്റിദ്ധരിച്ചവരേറെയന്ന് യുഎസില്‍ നിന്നുള്ള വാര്‍ത്തകളില്‍ പറയുന്നു. എന്നാല്‍ പ്രദേശത്ത് ഭൂകമ്പ സംഭവങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. എന്നാല്‍ ഈ സംഭവത്തിന്‍റെ നിരവധി വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നതോടെ യാഥാര്‍ഥ്യം വ്യക്തമാവുകയായിരുന്നു. ഈ ഉല്‍ക്കാശില ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തിയപ്പോള്‍ അഗ്നിഗോളമായി സഞ്ചരിച്ചതിന്‍റെ ശബ്ദമാണ് കേട്ടത് എന്നാണ് അനുമാനം. സൗത്ത് കരോലിനയിലെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നീലാകാശത്ത് നിന്ന് വേഗത്തിലൊരു അഗ്നിഗോളം പതിക്കുന്നത് വ്യക്തമാണ്. തെക്കുകിഴക്കൻ യുഎസ് സംസ്ഥാനങ്ങളില്‍ ഉല്‍ക്കാശില പതിച്ചതായി ഉപഗ്രഹ ചിത്രങ്ങളും വ്യക്തമാക്കുന്നു. അപൂര്‍വമായാണ് പകല്‍ ഇത്തരത്തില്‍ ഉല്‍ക്കാ ജ്വലനം ദൃശ്യമാകുന്നത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഈ ഉല്‍ക്കശിലയുടെ അവശിഷ്ടം എന്ന് സംശയിക്കുന്നവ ജോര്‍ജിയയിലെ ഒരു വീടിന് മുകളില്‍ പതിച്ചതായി പറയപ്പെടുന്നു. വീടിനകത്ത് തറയില്‍ പൊട്ടിച്ചിതറിക്കിടക്കുന്ന ശിലകളുടെയും ചിത്രങ്ങള്‍ പുറത്തുവന്നു. വീടിന്‍റെ മേല്‍ക്കൂരയ്ക്കും സീലിങിനും കേടുപാടുകള്‍ സംഭവിച്ചതായി ഒരു വീട്ടുടമ പരാതി ഉദ്യോഗസ്ഥരെ അറിയിച്ചതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തെക്കുകിഴക്കൻ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ കണ്ട ഉല്‍ക്കാജ്വലനത്തെ കുറിച്ച് വിശദമായി പഠിക്കുകയാണ് ശാസ്ത്രജ്ഞരും വിദഗ്‌ധരും. സംഭവത്തിന്‍റെ കൂടുതല്‍ ചിത്രങ്ങളും വീഡിയോകളും സാക്ഷിമൊഴികളും ശേഖരിക്കുകയാണ് അമേരിക്കന്‍ മെറ്റിയോര്‍ സൊസൈറ്റി. സാധാരണയായി ഉല്‍ക്കാശിലകള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ പൂര്‍ണമായും കത്തിയമരാറാണ് പതിവ്. അപൂര്‍വമായി മാത്രമേ വലുപ്പത്തിലുള്ള അവശിഷ്‌ടങ്ങള്‍ ഭൂമിയില്‍ പതിക്കാറുള്ളൂ.

