കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു വമ്പൻ ഒരു കൂട്ടിയിടിയിൽ പൊട്ടിത്തെറിച്ച ചന്ദ്രന്‍റെ ഒരു ഭാഗമാണ് ഇതെന്ന് പല ശാസ്ത്രജ്ഞരും വിശ്വസിക്കുന്നു
ബെയ്‌ജിങ്: രഹസ്യമായി ബഹിരാകാശത്തേക്ക് വിക്ഷേപിച്ച് ആഴ്ചകൾക്ക് ശേഷം ചൈനയുടെ നിഗൂഢമായ 'ക്വാസി മൂൺ' പേടകത്തിന്‍റെ ആദ്യ ചിത്രം പുറത്തുവന്നു. വിക്ഷേപിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ചൈനീസ് ഉദ്യോഗസ്ഥർ ടിയാൻവെൻ 2 ബഹിരാകാശ പേടകത്തിന്‍റെ ആദ്യ ചിത്രം പുറത്തുവിട്ടത്. ചൈനയുടെ ബഹിരാകാശ പര്യവേക്ഷണ പരിപാടിയിലെ ഒരു പ്രധാന നാഴികക്കല്ലായ ടിയാൻവെൻ 2 ബഹിരാകാശ പേടകം, ഛിന്നഗ്രഹമായ കമോ ഒഅലേവയെ പഠിക്കാനുള്ള ദൗത്യത്തിലാണ്.
2025 മെയ് 28ന് വിക്ഷേപിച്ച ബഹിരാകാശ പേടകത്തിന്‍റെ യാത്ര ഇപ്പോൾ പുരോഗമിക്കുകയാണ്. ജൂൺ 7ന് പേടകം ഭൂമിയിലേക്ക് ആദ്യ ചിത്രങ്ങൾ അയച്ചു. ബഹിരാകാശ പേടകത്തിന്‍റെ സോളാർ പാനലുകളിൽ ഒരെണ്ണം കാണിക്കുന്ന ചിത്രമാണ് ഇപ്പോൾ ചൈന നാഷണൽ സ്‌പേസ് അഡ്മിനിസ്ട്രേഷൻ പുറത്തുവിട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
മെയ് 29ന് തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചാങ് സ്‌പേസ്‌പോർട്ടിൽ നിന്ന് പ്രാദേശിക സമയം പുലർച്ചെ 1:31ന് പറന്നുയർന്ന ലോംഗ് മാർച്ച് 3B റോക്കറ്റിലാണ് ടിയാൻവെൻ 2 പേടകം വിജയകരമായി ബഹിരാകാശത്തേക്ക് വിക്ഷേപിച്ചതെന്ന് സ്‌പേസ്.കോം മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വിക്ഷേപണം ചൈന നാഷണൽ സ്‌പേസ് അഡ്മിനിസ്ട്രേഷൻ (സിഎൻഎസ്എ) തത്സമയം സംപ്രേഷണം ചെയ്തില്ല. വിക്ഷേപണം നടന്ന് ഏകദേശം ഒരു മണിക്കൂറിന് ശേഷം വിജയകരമായ ലിഫ്റ്റ്-ഓഫ് പ്രഖ്യാപിക്കുകയായിരുന്നു. ടിയാൻവെൻ 2 നിലവിലെ നാസ ബഹിരാകാശ പേടകവുമായി ശ്രദ്ധേയമായ സാമ്യതകൾ പുലർത്തുന്നു എന്നാണ് റിപ്പോർട്ടുകൾ.
2026 ജൂലൈയിൽ, ടിയാൻവെൻ 2 ബഹിരാകാശ പേടകം ഒരു ചെറിയ ഛിന്നഗ്രഹമായ കമോ'ഒലേവയെ സമീപിച്ച് സാംപിളുകൾ ശേഖരിക്കാൻ ശ്രമിക്കും. ഹവായിയൻ ഭാഷയിൽ 'ചലിക്കുന്ന ആകാശവസ്തു' എന്നാണ് കമോ ഒഅലേവ എന്ന പേരിന് അർഥം. ഭൂമിയുടെ ഒരു അർദ്ധ-ഉപഗ്രഹമാണിത്. 40 മുതൽ 100 മീറ്റർ വരെ വീതിയുള്ള കമോ'ഒഅലേവ ഭൂമിയിൽ നിന്ന് കുറഞ്ഞത് 4.6 ദശലക്ഷം കിലോമീറ്റർ ദൂരത്തിലാണ്. ഈ ഉപഗ്രഹം ഏകദേശം 45 വർഷത്തിലൊരിക്കൽ നമ്മുടെ ഗ്രഹത്തിന് ചുറ്റും ഒരു പരിക്രമണം പൂർത്തിയാക്കുന്നു. അതായത് അത് ഭൂമിയോടൊപ്പം സൂര്യനെ പരിക്രമണം ചെയ്യുകയും നമ്മുടെ ഗ്രഹത്തെ ചുറ്റുകയും ചെയ്യുന്നു. എന്നാൽ ഗുരുത്വാകർഷണത്താൽ അതിനെ ഭൂമിയോട് ബന്ധിപ്പിച്ചിട്ടില്ല. അതായത് എന്നെങ്കിലും ഒരു ദിവസം അത് അകന്നുപോകും.
ഭൂമിയെ ചുറ്റിപ്പറ്റിയുള്ള വ്യത്യസ്‍തമായ പാത കാരണം കമോ'ഒഅലേവ വർഷങ്ങളായി ശാസ്ത്രജ്ഞരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നടന്ന വമ്പൻ ഒരു കൂട്ടിയിടിയിൽ പൊട്ടിത്തെറിച്ച ചന്ദ്രന്‍റെ ഒരു ഭാഗമാണ് ഇതെന്ന് പല ശാസ്ത്രജ്ഞരും വിശ്വസിക്കുന്നു. ഭൂമിയുടെ സമീപത്തായി തന്നെയുള്ള, എന്നാൽ ഒരിക്കലും ഒരു യഥാർത്ഥ ഉപഗ്രഹമാകാത്ത ഭ്രമണപഥം കാരണം കമോ ഒഅലേവ എന്ന ഛിന്നഗ്രഹത്തെ ഒരു "ക്വാസി-മൂൺ" ആയി കണക്കാക്കുന്നു.
ഭൂമിക്ക് ആറ് അർദ്ധചന്ദ്രന്മാർ കൂടിയുണ്ട്. അവയെല്ലാം നമ്മുടെ ഗ്രഹത്തിനൊപ്പം സൂര്യനെ ചുറ്റുന്നു. പക്ഷേ അവ സ്ഥിരമായി ഭൂമിയുമായി ബന്ധിപ്പിച്ചിട്ടില്ല. ഈ ബഹിരാകാശ ശിലകളെ സാധാരണയായി മിനിമൂണുകൾ എന്ന് വിളിക്കുന്നു. ഭൂമിക്കു ചുറ്റും ഇനിയും കണ്ടെത്താത്ത നിരവധി ക്വാസി മൂണുകളും മിനിമൂണുകളും ഉണ്ടെന്ന് ജ്യോതിശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ഗുരുത്വാകർഷണ ശക്തികൾ അവയെ വലിച്ചാൽ ഭാവിയിൽ ഭൂമിക്ക് ഭീഷണിയാകാൻ സാധ്യതയുണ്ട്. സമാനമായ സഹ-ഭ്രമണപഥങ്ങൾ ശുക്രനും ഉണ്ടാകാമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ കമോ ഒഅലേവയെക്കുറിച്ച് പഠിക്കുന്നത് ചന്ദ്രന്‍റെ ഘടനയെയും ചരിത്രത്തെയും കുറിച്ച് നിർണായകമായ ഉൾക്കാഴ്ചകൾ നൽകും. ചന്ദ്രനെ സന്ദർശിക്കാതെ തന്നെ ചന്ദ്രനെപ്പോലെയുള്ള ഒരു വസ്‍തുവിനെ വിശകലനം ചെയ്യാനുള്ള അപൂർവ അവസരവും ഇത് നൽകും.
ലോങ് മാർച്ച് 3B റോക്കറ്റിൽ വിക്ഷേപിച്ച ബഹിരാകാശ പേടകത്തിൽ ഛിന്നഗ്രഹത്തിന്‍റെ ഘടന, ആകൃതി, സവിശേഷതകൾ എന്നിവ പഠിക്കുന്നതിനായി രൂപകൽപ്പന ചെയ്ത വിവിധ ശാസ്ത്രീയ ഉപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. ടിയാൻവെൻ 2 കമോ'ഒലേവയെ ഭ്രമണപഥത്തിൽ നിരവധി മാസങ്ങൾ ചെലവഴിക്കും. 2027 അവസാനത്തോടെ ഭൂമിയിലേക്ക് മടങ്ങും. ഇതിന് മുമ്പായി സാംപിളുകൾ ശേഖരിക്കും. ചാങ്'ഇ 5 പോലുള്ള മുൻ ചാന്ദ്ര ദൗത്യങ്ങളുടെ വിജയങ്ങളെ അടിസ്ഥാനമാക്കി, ഛിന്നഗ്രഹ പര്യവേക്ഷണത്തിനായി പ്രത്യേകമായിട്ടുള്ള ചൈനയുടെ ആദ്യ ദൗത്യമാണിത്.

