2026-ലെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 17-ന് നടക്കും. ‘റിംഗ് ഓഫ് ഫയർ’ ഇന്ത്യയിൽ ദൃശ്യമാകില്ല. അന്‍റാർട്ടിക്കയിൽ പൂർണ്ണമായി ദൃശ്യമാകുന്ന ഈ പ്രതിഭാസം, തെക്കൻ ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ഭാഗികമായും കാണാൻ സാധിക്കും.

തിരുവനന്തപുരം: 2026ലെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 17 ചൊവ്വാഴ്ച നടക്കും. 'റിംഗ് ഓഫ് ഫയർ' അഥവാ വലയസൂര്യഗ്രഹണം എന്നറിയപ്പെടുന്ന ആകാശവിസ്‍മയമാണ് ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം. ഭൂമി, ചന്ദ്രൻ, സൂര്യൻ എന്നിവ ഒരേ രേഖയിൽ വരുമ്പോൾ, ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ കൂടി സഞ്ചരിച്ച് സൂര്യനെ ഭാഗികമായി മറയ്ക്കുന്നതാണ് സൂര്യഗ്രഹണം.

വരാനിരിക്കുന്നത് വലയസൂര്യഗ്രഹണം

ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള സ്ഥാനത്തോ അതിനടുത്തോ ഉള്ളപ്പോൾ ആണ് വലയസൂര്യഗ്രഹണം സംഭവിക്കുക. ഈ സമയത്ത് ചന്ദ്രൻ ചെറിയതായി തോന്നുന്നതിനാൽ സൂര്യനെ പൂർണമായി മറയ്ക്കാൻ കഴിയില്ല. ഫലമായി, ചന്ദ്രന്‍റെ ഇരുണ്ട വട്ടത്തിനുചുറ്റും തെളിഞ്ഞ സൂര്യപ്രകാശത്തിന്‍റെ ഒരു നേർത്ത വളയം കാണപ്പെടും. ഈ ദൃശ്യപ്രഭാവമാണ് 'റിംഗ് ഓഫ് ഫയർ' അഥവാ വലയസൂര്യഗ്രഹണം എന്ന് വിളിക്കപ്പെടുന്നത്. ഈ സൂര്യഗ്രഹണം ഫെബ്രുവരി 17ന് രാവിലെ 07:01 UTC-യ്ക്ക് ആരംഭിക്കും. പരമാവധി രണ്ട് മിനിറ്റ് 20 സെക്കൻഡ് വരെ വളയഘട്ടം നീണ്ടുനിൽക്കും. പരമാവധി ഘട്ടത്തിൽ ചന്ദ്രൻ സൂര്യന്‍റെ മധ്യഭാഗത്തിന്‍റെ ഏകദേശം 96 ശതമാനം മറയ്ക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫെബ്രുവരി 17ലെ സൂര്യഗ്രഹണം എവിടെയൊക്കെ കാണാം? 

അതേസമയം, ഇന്ത്യയിൽ നിന്നും ഈ സൂര്യഗ്രഹണം ദൃശ്യമാകില്ല. ഗ്രഹണത്തിന്‍റെ പ്രധാന പാത തെക്കൻ അർദ്ധഗോളത്തിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ ഗ്രഹണസമയത്ത് ഇന്ത്യയിൽ സൂര്യൻ ചക്രവാളത്തിന് താഴെയായിരിക്കും ഉണ്ടാകുക. അന്‍റാർട്ടിക്കയിലാണ് വളയസൂര്യഗ്രഹണത്തിന്‍റെ കാഴ്‌ച പരമാവധി ദൃശ്യമാകുക. പ്രത്യേകിച്ച് കോൺകോർഡിയ സ്റ്റേഷൻ, മിർനി സ്റ്റേഷൻ തുടങ്ങിയ ഗവേഷണകേന്ദ്രങ്ങളിൽ നിന്ന് ഈ അപൂർവ ദൃശ്യം കാണാനാകും. ഈ പ്രദേശങ്ങളിൽ എത്തിച്ചേരുക എന്നത് അത്യന്തം ദുർഗമമായതിനാൽ വളരെ കുറച്ച് ആളുകൾക്കേ നേരിട്ട് കാണാനാകൂ. വിനോദസഞ്ചാര സൗകര്യങ്ങൾ ഇവിടെ ലഭ്യമല്ല.

തെക്കൻ ആഫ്രിക്കയിലെ ദക്ഷിണാഫ്രിക്ക, ടാൻസാനിയ, സാംബിയ, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലും ഭാഗിക ഗ്രഹണം ദൃശ്യമാകും. ദക്ഷിണ അമേരിക്കയിലെ അർജന്‍റീനയും ചിലിയും ഉൾപ്പെടുന്ന ചില ഭാഗങ്ങളിലും ഈ സൂര്യഗ്രഹണം കാണാൻ സാധിക്കും. ഗ്രഹണം കാണുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. വലയ സൂര്യഗ്രഹണത്തിനിടയിലും സൂര്യനെ നേരിട്ട് നോക്കുന്നത് അപകടകരമാണ്. ഐഎസ്ഒ മാനദണ്ഡമുള്ള പ്രത്യേക കണ്ണടകൾ അല്ലെങ്കിൽ ശരിയായ സോളാർ ഫിൽറ്ററുകൾ ഉപയോഗിച്ചുതന്നെ ഈ സൂര്യഗ്രഹണം നിരീക്ഷിക്കണം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming