ദില്ലി: ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും കേന്ദ്ര ബഹിരാകാശ, ആണവ വകുപ്പ് സഹമന്ത്രി ജിതേന്ദ്രസിംഗും ദില്ലിയിൽ പറഞ്ഞു. ഇന്ത്യയുടെ പുതിയ ചൊവ്വാ ദൗത്യം 2023ൽ യാത്ഥാർത്ഥ്യമാകുമെന്നും ഇന്നത്തെ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗൻയാൻ സ്വാതന്ത്രത്തിന്‍റെ 75ആം വാർഷികത്തോടെ യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് ഇസ്റോ. 2022 ഓടെയെങ്കിലും പദ്ധതി യാത്ഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്. നാഷണൽ അഡ്വൈസറി കമ്മിറ്റി പദ്ധതിയുടെ പുരോഗതി വിലയിരുത്തും. 

കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് പഠിക്കാനുള്ള പുതിയ ദൗത്യവും അടുത്ത വർഷമുണ്ടാകും. ആദിത്യ എൽ1 എന്ന പേരിൽ 2020ൽ പുതിയ പര്യവേക്ഷണ ദൗത്യം വിക്ഷേപിക്കും. രാജ്യത്തെ പൗരന്മാരുടെ സുരക്ഷയും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനാണ് ഐഎസ്ആർഒ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ചെയർമാൻ കെ ശിവൻ വ്യക്തമാക്കി. സ്വന്തം ബഹിരാകാശ നിലയത്തെക്കുറിച്ചും ആദിത്യ എൽ 1 ദൗത്യത്തെ പറ്റിയും ഇതാദ്യമായാണ് ഐഎസ്ആർഒ പരസ്യപ്പെടുത്തുന്നത്.