ദില്ലി:  ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്‍റെ മറ്റൊരു ഘട്ടവും വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. തദ്ദേശീയമായി നിർമിച്ച ഇന്ത്യൻ നാവികസേനയുടെ സ്റ്റെൽത്ത് ഡിസ്ട്രോയറായ ഐ‌എൻ‌എസ് ചെന്നൈയിൽ നിന്ന് അറബിക്കടലിൽ വിന്യസിച്ച ടാർഗെറ്റിലേക്ക് ആക്രമണം യുദ്ധക്കപ്പലിൽ നിന്നുള്ള ക്രൂസ് മിസൈല്‍ വിക്ഷേപണം ഇന്ത്യ വിജയകരമാക്കിയത്.  പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി‌ആർ‌ഡി‌ഒ)യുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.

ഇന്ത്യയുടെ പ്രൈം സ്‌ട്രൈക്ക് മിസൈല്‍ എന്ന നിലയിൽ ബ്രഹ്മോസ് നാവിക, ഉപരിതല ആക്രമണത്തിന് മികച്ചതാണ്. മിസൈൽ വിജയകരമായി വിക്ഷേപിച്ചതിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഡിആർഡിഒ, ബ്രഹ്മോസ്, ഇന്ത്യൻ നേവി എന്നിവരെ അഭിനന്ദിച്ചു. 

ചെയർമാൻ ഡിആർഡിഒ ജി. സതീഷ് റെഡ്ഡി, ശാസ്ത്രജ്ഞരെയും ഡിആർഡിഒ, ബ്രഹ്മോസ്, ഇന്ത്യൻ നേവി, വ്യവസായ മേഖലയിലെ എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു. ഇന്ത്യയും റഷ്യയും ചേർന്നു വികസിപ്പിച്ചതാണു ബ്രഹ്മോസ് മിസൈൽ. ഇന്ത്യൻ നാവികസേനയുടെ ഐഎന്‍എസ് കൊൽക്കത്ത, രൺവീർ, തൽവാർ എന്നീ കപ്പലുകൾക്കും കരയാക്രമണ ബ്രഹ്മോസ് വിക്ഷേപിക്കാനുള്ള ശേഷിയുണ്ട്. യുഎസ്, റഷ്യ, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങളുടെ നാവികസേനയ്ക്കാണു സമാനമായ ആക്രമണശേഷിയുള്ള മിസൈലുകൾ സ്വന്തമായുള്ളത്.

യുദ്ധക്കപ്പലിൽ നിന്നുള്ള ക്രൂസ് മിസൈൽ യാഥാർഥ്യമായതോടെ സമുദ്രശക്തിയിൽ ഇന്ത്യയോടു മത്സരിക്കുന്ന ചൈനയുടെ സാമ്പത്തികേന്ദ്രമായ കിഴക്കൻ തീരത്ത് ഇന്ത്യൻ നാവികസേനയ്ക്കു വെല്ലുവിളി ഉയർത്താനാവുമെന്നാണ് പ്രതിരോധ ഗവേഷകര്‍ പറയുന്നത്.  നിലവില്‍ ബ്രഹ്മോസ് മിസൈലിന്‍റെ അഞ്ചോളം ആക്രമണ രീതികള്‍ ഇന്ത്യ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.

കരയിൽനിന്നു കരയിലേക്കു തൊടുത്തുവിടുന്ന കരസേനാ പതിപ്പ്, കരയിൽനിന്നു വിക്ഷേപിച്ചു കപ്പലിനെ തകർക്കുന്ന പതിപ്പ്, കപ്പലിൽനിന്നു തൊടുത്തുവിട്ട് മറ്റു കപ്പലിനെ തകർക്കുന്ന പതിപ്പ്,  മുങ്ങിക്കപ്പലിൽ നിന്നു വിക്ഷേപിച്ച് മറ്റു കപ്പലുകളെ തകർക്കുന്ന പതിപ്പ് ,വിമാനത്തിൽനിന്നു തൊടുത്തുവിട്ട് നിലത്തെ ലക്ഷ്യങ്ങൾ തകർക്കുന്ന പതിപ്പ്- എന്നിങ്ങനെയാണ് ഇവ.