കൊച്ചി: ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമിക്കുന്ന ആദ്യത്തെ വിമാനവാഹിനി കപ്പൽ ഐഎന്‍എസ് വിക്രാന്ത് അടുത്ത വർഷം കമ്മീഷൻ ചെയ്യുമെന്ന് ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ.കെ ചൗള. നാല്‍പ്പതിനായിരം ടൺ ഭാരമുള്ള ഐഎൻഎസ് വിക്രാന്ത്രിന്‍റെ നിര്‍മ്മാണചെലവ് 3500 കോടി രൂപ. 30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലിക്പ്റ്ററുകളെയും ഒരേ സമയം കപ്പലിൽ ഉൾക്കൊളാനാവും. കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ ഉടൻ നടപടി ഉണ്ടാകുമെന്നും എ.കെ. ചൗള പറഞ്ഞു.

കമ്മിഷനിങ്ങിനു മുന്നോടിയായുള്ള സമുദ്ര സഞ്ചാരക്ഷമത പരിശോധന (സീ ട്രയൽസ്) വൈകാതെ നടക്കും. കൊച്ചി ഷിപ്‌യാഡിൽ നിർമാണം പുരോഗമിക്കുന്ന വിക്രാന്തിന്റെ ബേസിൻ ട്രയൽസാണ് കഴിഞ്ഞ മാസം അവസാനത്തിൽ നടന്നത്. നേരത്തെ ആസൂത്രണം ചെയ്ത പോലെ കാര്യങ്ങൾ മുന്നോട്ട് പോയാൽ ഈ മാസം അവസാനത്തിൽ തന്നെ സീ ട്രയൽസ് നടന്നേക്കും.

പ്രൊപ്പല്ലർ പ്രവർത്തിപ്പിച്ചു കപ്പലിന്റെ ചലനവും വൈദ്യുതി സംവിധാനങ്ങളുടെ പ്രവർത്തനക്ഷമതയുമാണു ബേസിൻ ട്രയൽസിലൂടെ പരിശോധിച്ചത്. അടുത്ത ഘട്ടത്തിലാണ് ഏറ്റവും നിർണായകമായ സീ ട്രയൽസ്. അടുത്ത വർഷം കമ്മിഷനിങ് ലക്ഷ്യമിട്ടാണു നിർമാണം പുരോഗമിക്കുന്നത്.  പുതിയ വിമാനവാഹിനി കപ്പിലിൽ നിന്ന് പറന്നുയരാൻ ഇന്ത്യയുടെ റാഫാൽ പോർവിമാനങ്ങളും ഉണ്ടായിരിക്കുമെന്നാണ് കരുതുന്നത്. വിവിധ പോര്‍വിമാനങ്ങൾക്ക് ടേക്ക് ഓഫിനും ലാൻഡിങ്ങിനും സാധ്യമാക്കുന്ന രീതിയിലാണ് വിക്രാന്ത് നിര്‍മിച്ചിരിക്കുന്നത്. 

പ്രതിരോധ പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥർ വിമാനവാഹിനിക്കപ്പലിന്റെ ഫോട്ടോകൾ ട്വിറ്ററിൽ പങ്കിട്ടു. ‘നിർമാണത്തിലിരിക്കുന്ന ഐ‌എസി 1 ന്റെ ബേസിൻ‌ ട്രയലുകൾ‌ നവംബർ 30 ന്‌ കൊച്ചിയിലെ സി‌എസ്‌എല്ലിൽ‌ വിജയകരമായി നടത്തി. വൈസ് അഡ്മിറൽ എ.കെ ചൗള, സി‌എൻ‌സി എസ്‌എൻ‌സി, കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡ് സിഎംഡി മധു നായര്‍‌ എന്നിവരുടെ സാന്നിധ്യത്തിൽ’ ഇതായിരുന്നു ട്വീറ്റ്.

കപ്പലിന്റെ പ്രൊപ്പൽ‌ഷൻ, ട്രാൻസ്മിഷൻ, ഷാഫ്റ്റിങ് സിസ്റ്റങ്ങൾ എന്നിവ പരിശോധിക്കുന്നതിനായാണ് ബേസിൻ ട്രയലുകൾ‌ നടത്തുന്നത്. കപ്പൽ 2021 ന്റെ അവസാനത്തിലോ 2022 ന്റെ തുടക്കത്തിലോ കമ്മിഷൻ ചെയ്യാനൊരുങ്ങുകയാണ്. 30 പോർവിമാനങ്ങൾ, പത്തോളം ഹെലികോപ്‌ടറുകൾ ഒരേസമയം ലാൻഡ് ചെയ്യിക്കാൻ വിക്രാന്തിന്‌ ശേഷിയുണ്ട്. അമേരിക്കൻ എം‌എച്ച് -60 ആർ, കമോവ് കെ -31, സീ കിങ് എന്നിവ ഉൾപ്പെടുന്ന പത്തോളം റോട്ടറി വിങ് വിമാനങ്ങൾക്കും ഇതിൽ ലാൻഡ് ചെയ്യാൻ കഴിയും. നാവികസേനയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററിന്റെ (ALH) ധ്രുവിന് വരെ ലാൻഡ് ചെയ്യാൻ കഴിയും.