ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള ഐസ്പേസ് കമ്പനിയുടെ ലാന്‍ഡറിന്‍റെ ശ്രമം വീണ്ടും പരാജയപ്പെട്ടു

ടോക്കിയോ: ചന്ദ്രനില്‍ പേടകം ഇറക്കാനുള്ള ജാപ്പനീസ് കമ്പനിയായ ഐസ്പേസിന്‍റെ ശ്രമം വീണ്ടും പരാജയപ്പെട്ടു. റെസിലിയന്‍സ് ലാന്‍ഡര്‍ ഇന്ന് ചാന്ദ്ര ലാന്‍ഡിംഗിനിടെ തകരുകയായിരുന്നു എന്നാണ് കമ്പനിയുടെ വിശദീകരണം. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാംവട്ടമാണ് ഐസ്പേസിന്‍റെ ആളില്ലാ ചാന്ദ്ര ദൗത്യം പരാജയപ്പെടുന്നത്. ദൗത്യം പരാജയപ്പെട്ടതോടെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ആദ്യ ജാപ്പനീസ് സ്വകാര്യ പേടകം എന്ന നേട്ടം റെസിലിയന്‍സിന് കൈവരിക്കാനായില്ല. 2023ല്‍ ഐസ്പേസ് അയച്ച ആദ്യ ചാന്ദ്ര പേടകം (Hakuto-R) സോഫ്റ്റ്‌വെയര്‍ തകരാര്‍ മൂലം തകര്‍ന്നിരുന്നു.

ടോക്കിയോ ആസ്ഥാനമായുള്ള ഐസ്പേസാണ് റെസിലിയന്‍സ് ചന്ദ്ര ലാന്‍ഡറിന്‍റെ നിര്‍മ്മാതാക്കള്‍. 2025 ജനുവരി 15ന് സ്പേസ് എക്‌സിന്‍റെ കരുത്തുറ്റ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചായിരുന്നു റെസിലിയന്‍സ് ലാന്‍ഡര്‍ ചന്ദ്രനിലേക്ക് വിക്ഷേപിച്ചത്. ചന്ദ്രനെ കുറിച്ച് പഠിക്കാന്‍ 10 ശാസ്ത്രീയ ഉപകരണങ്ങള്‍ ലാന്‍ഡറിലുണ്ടായിരുന്നു. അഞ്ച് മാസം നീണ്ട യാത്രയ്‌ക്കൊടുവിലാണ് പേടകം ചന്ദ്രന്‍റെ വടക്കേ അർദ്ധഗോളത്തിലുള്ള Mare Frigoris-ല്‍ സോഫ്റ്റ് ലാന്‍ഡിംഗ് ശ്രമം ജൂണ്‍ ആറിന് നടത്തിയത്. എന്നാല്‍ റെസിലിയന്‍സിന്‍റെ ലാന്‍ഡിംഗ് വിജയമാക്കാന്‍ ഐസ്പേസിനായില്ല. പ്രൊപല്‍ഷ്യന്‍ സംവിധാനത്തിലോ സോഫ്റ്റ്‌വെയറിലോ ഹാര്‍ഡ്‌വെയറിലോ വന്ന തകരാറാകാം റെസിലിയെന്‍സിന്‍റെ തകര്‍ച്ചയ്ക്ക് കാരണം എന്നാണ് വിലയിരുത്തല്‍.

റെസിലിയന്‍സില്‍ ടെനാസിറ്റി എന്ന് പേരുള്ള ചെറിയ റോവറും അടങ്ങിയിരുന്നു. റെസിലിയന്‍സിലുള്ള റോവര്‍ ചന്ദ്രനിലെ റെഗോലിത്ത് ശേഖരിക്കുമെന്നാണ് കരുതിയിരുന്നത്. റെസിലിയന്‍സ് ലാന്‍ഡറിനൊപ്പം ഫയര്‍ഫ്ലൈ എയ്‌റോസ്പേസിന്‍റെ ബ്ലൂ ഗോസ്റ്റ് എന്ന പേടകവും സ്പേസ് എക്‌സ് ജനുവരി 15ന് വിക്ഷേപിച്ചിരുന്നു. ചരിത്രത്തിലാദ്യമായായിരുന്നു രണ്ട് ലാന്‍ഡറുകള്‍ ഒറ്റ വിക്ഷേപണത്തില്‍ ബഹിരാകാശത്തേക്ക് അയക്കുന്നത്.

മാര്‍ച്ച് രണ്ടിന് ബ്ലൂ ഗോസ്റ്റ് മേർ ക്രിസിയം ഗർത്തത്തില്‍ വിജയകരമായി ഇറങ്ങി. ലാന്‍ഡിംഗ് സമ്പൂര്‍ണ വിജയമാക്കുന്ന ആദ്യത്തെ സ്വകാര്യ ചാന്ദ്ര ലാന്‍ഡര്‍ എന്ന നേട്ടം ബ്ലൂ ഗോസ്റ്റ് ലാൻഡർ അന്ന് സ്വന്തമാക്കി. ബ്ലൂ ഗോസ്റ്റ് ചന്ദ്രനില്‍ നിന്ന് സൂര്യോദയം അടക്കമുള്ള അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. സ്വകാര്യ ലാൻഡറുകളെ കരാറടിസ്ഥാനത്തിൽ ചന്ദ്രനിലേക്ക് അയക്കുന്ന നാസയുടെ സിഎൽപിഎസ് പദ്ധതിയുടെ ഭാഗമായാണ് ബ്ലൂ ഗോസ്റ്റും റെസിലിയന്‍സും സ്പേസ് എക്‌സിന്‍റെ സഹായത്തോടെ നാസ അയച്ചത്.

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News