Asianet News MalayalamAsianet News Malayalam

ഐഎസ്ആര്‍ഒയുടെ സ്വാതന്ത്ര്യദിന സമ്മാനം, എസ്എസ്എല്‍വി-ഡി3 വിക്ഷേപണം വിജയം; ഇഒഎസ്-08നെ ബഹിരാകാശത്തെത്തിച്ചു

വിക്ഷേപണത്തിന്‍റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു

ISRO Small Satellite Launch Vehicle 03 SSLV D3 EOS 08 launched
Author
First Published Aug 16, 2024, 9:31 AM IST | Last Updated Aug 16, 2024, 12:04 PM IST

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി-ഡി3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് എസ്എസ്എല്‍വി-ഡി3 വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ്-08നെ എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചു. വിക്ഷേപണത്തിന്‍റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇതോടെ EOS-08 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ സ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒയ്ക്കായി. 

ഇന്‍ഫ്രാറെഡ് ചിത്രങ്ങളെടുക്കാന്‍ കഴിവുള്ള ചെറിയ ഉപഗ്രഹമായ ഇഒഎസ്-08നെ ഐഎസ്ആര്‍ഒ ഏറ്റവും കുഞ്ഞന്‍ വിക്ഷേപണ വാഹനം (എസ്എസ്എല്‍വി-ഡി3) ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിച്ചത്. ഏകദേശം 13 മിനുറ്റ് സമയം കൊണ്ട് വിക്ഷേപണം പൂര്‍ത്തിയായി. കാലാവസ്ഥാ നിരീക്ഷണത്തിനും ദുരന്തനിവാരണത്തിനും ഇഒഎസ്-08ന് വിവരങ്ങള്‍ നല്‍കാന്‍ കഴിയും. പകല്‍-രാത്രി വ്യത്യാസമില്ലാതെ ഇഒഎസ്-08 പകര്‍ത്തുന്ന ഇന്‍ഫ്രാറെഡ് ചിത്രങ്ങള്‍ ഭൗമനിരീക്ഷണത്തിന് ഏറെ സഹായകമാകും എന്ന് കണക്കാക്കപ്പെടുന്നു. ഒരു വർഷത്തെ ദൗത്യകാലാവധിയാണ് ഈ ഉപഗ്രഹത്തിന് നിശ്ചയിച്ചിട്ടുള്ളത്.

എസ്ആർ 0 എന്ന ഡെമോസാറ്റിനെയും റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്. എസ്എസ്എൽവി എന്ന ഇസ്രൊയുടെ എറ്റവും ചെറിയ വിക്ഷേപണ വാഹനത്തിന്‍റെ മൂന്നാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. ദൗത്യവിജയത്തോടെ എസ്എസ്എൽവി വികസനം പൂർത്തിയായതായി ഇസ്രൊ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു. ഇനി വിക്ഷേപണ വാഹന നിർമ്മാണം സ്വകാര്യമേഖലയ്ക്ക് കൈമാറും. ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും ഇസ്രൊ ചെയർമാൻ അഭിനന്ദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios