Asianet News MalayalamAsianet News Malayalam

എസ്എസ്എൽവി ആദ്യ വിക്ഷേപണം നാളെ, രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കും

ഭൗമ നിരീക്ഷണ ഉപഗ്രമായ ഇഒഎസ് 2, വിദ്യാർത്ഥികൾ നിർമിച്ച ആസാദി സാറ്റ് എന്നിവയാണ് ആദ്യവിക്ഷേപണത്തിൽ എസ്എസ്എൽവി ഭ്രമണപഥത്തിൽ എത്തിക്കുക.

ISRO to launch India s newest rocket SSLV tomorrow
Author
Chennai, First Published Aug 6, 2022, 4:41 PM IST

ചെന്നൈ: ഇന്ത്യയുടെ പുതിയ ഹ്രസ്വദൂര ബഹിരാകാശ പര്യവേഷണ വാഹനമായ സ്മോൾ സാറ്റ്‍ലൈറ്റ് ലോഞ്ച് വെഹിക്കിളിന്‍റെ ആദ്യ വിക്ഷേപണം നാളെ നടക്കും. 500 കിലോഗ്രാം വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനാകും എസ്എസ്എൽവി ഉപയോഗിക്കുക. ആദ്യ വിക്ഷേപണത്തിൽ വാഹനം രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കും.

ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവർ എർത്ത് ഓർബിറ്റുകളിൽ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാൻ ലക്ഷ്യമിട്ടാണ് എസ്എസ്എൽവി നിർമിച്ചിരിക്കുന്നത്. നമ്മുടെ അഭിമാന വാഹനമായ പിഎസ്എൽവിയുടെ ഒരു ചെറു പതിപ്പാണ് എസ്എസ്എൽവി. 34 മീറ്ററാണ് ഉയരം. രണ്ട് മീറ്റർ വ്യാസം. 500 കിലോമീറ്റ‍ർ വരെ ഉയരത്തിൽ 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ കൊണ്ടെത്തിക്കാൻ എസ്എസ്എൽവിക്കാകും. 

ISRO to launch India s newest rocket SSLV tomorrow

ഒരാഴ്ച കൊണ്ട് വാഹനം വിക്ഷേപണത്തിന് സജ്ജമാക്കാനാകും. പിഎസ്എൽവിയുടെ കാര്യത്തിൽ വാഹനം വിക്ഷേപണ സജ്ജമാകാൻ 40 ദിവസമെങ്കിലും വേണം. ഈ പ്രത്യേകതയെല്ലാം കൊണ്ട് വാണിജ്യ വിക്ഷേപണ രംഗത്ത് ഐഎസ്ആർഒയ്ക്ക് എസ്എസ്എൽവി പുതിയ മുതൽക്കൂട്ടാകും. നാളെ രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് ഇന്ത്യയുടെ പുതിയ ചെറു റോക്കറ്റ് കുതിച്ചുയരും.

Read More : ചാരക്കേസ്:സിബി മാത്യൂസിന്‍റെ ജാമ്യം റദ്ദാക്കണമെന്ന സിബിഐ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഭൗമ നിരീക്ഷണ ഉപഗ്രമായ ഇഒഎസ് 2, വിദ്യാർത്ഥികൾ നിർമിച്ച ആസാദി സാറ്റ് എന്നിവയാണ് ആദ്യവിക്ഷേപണത്തിൽ എസ്എസ്എൽവി ഭ്രമണപഥത്തിൽ എത്തിക്കുക. മൈക്രോസാറ്റ് ശ്രേണിയിൽപ്പെട്ട ഇഒഎസ് 2 ന്‍റെ ലക്ഷ്യം ഭൗമനിരീക്ഷണവും ഗവേഷണവുമാണ്. ഭാവിയിൽ ഈ ഓർബിറ്റിൽ നമ്മൾ സ്ഥാപിക്കാനുദ്ദേശിക്കുന്ന ദീർഘകാല ഉപഗ്രഹങ്ങൾക്കായുള്ള പഠനത്തിന് ഇഒഎസ് 2 ഉപകാരപ്പെടും. 

ISRO to launch India s newest rocket SSLV tomorrow

രാജ്യത്തെ 75  വിദ്യാലയങ്ങളിലെ 750 പെൺകുട്ടികൾ ചേർന്ന് നിർമിച്ചതാണ് ആസാദി സാറ്റ് എന്ന കുഞ്ഞൻ ഉപഗ്രഹം. എട്ട് കിലോഗ്രാം ആണ് ഭാരം. ഹാം റേ‍ഡിയോ ട്രാൻസ്മിറ്റർ, റേഡിയേഷൻ കൗണ്ടർ തുടങ്ങി 75 പേലോഡുകളാണ് ഇതിലുള്ളത്. ഓരോന്നിനും ശരാശരി 50 ഗ്രാം ഭാരമുണ്ട്. ഇന്ത്യയുടെ 75ആം സ്വാതന്ത്ര്യദിനത്തെ ആസാദി സാറ്റ് ബഹിരാകാശത്ത് അടയാളപ്പെടുത്തും. വിക്ഷേപണം തുടങ്ങി 12 മിനുട്ടും 36 സെക്കന്‍റും പിന്നിടുമ്പോൾ ഇഒഎസ് 2  ഭ്രമണപഥത്തിലെത്തും. അൻപത് സെക്കന്‍റുകൾ കൂടി പിന്നിടുമ്പോൾ ആസാദി സാറ്റും ഭ്രമണപഥത്തിലാകും. 
 

Follow Us:
Download App:
  • android
  • ios