Asianet News MalayalamAsianet News Malayalam

വരുന്നു ഗഗൻയാനും, ആദിത്യയും, ശുക്രയാനും; തളരാതെ ഇസ്രൊ മുന്നോട്ട്

ശുക്രയാൻ ദൗത്യവും, സൂര്യനിലേക്കുള്ള ഇസ്രൊയുടെ ആദ്യ ദൗത്യമായ ആദിത്യ എൽ 1 ഉം ഗവേഷണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. ജപ്പാനീസ് സ്പേസ് ഏജൻസി ജാക്സയുമായി ചേർന്ന് 2024ൽ മറ്റൊരു ചാന്ദ്ര ഗവേഷണ പദ്ധതി ഐഎസ്ആ‌ർഒ പദ്ധതിയിടുന്നുണ്ട്.

isro to move forward with its missions new moon mission under discussion with japan
Author
Bengaluru, First Published Sep 8, 2019, 1:04 PM IST

ബെംഗളൂരു: സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിന് മുമ്പ് വിക്രം ലാൻഡറുമായി ബന്ധം നഷ്ടപ്പെട്ടെങ്കിലും ഭാവി പദ്ധതികളെ ഇത് യാതൊരു തരത്തിലും ബാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രൊ. കാർട്ടോസാറ്റ് 3 ബി വിക്ഷേപണമാണ് ഇസ്രൊയുടെ മുന്നിലുള്ള അടുത്ത ദൗത്യം. ഒക്ടോബറിൽ നടക്കേണ്ട വിക്ഷേപണം മുൻനിശ്ചയിച്ചത് പോലെ തന്നെ നടക്കും. മേയ് 22ന് വിക്ഷേപിക്കപ്പെട്ട റിസാറ്റ് 2 ബി യായിരുന്നു ചന്ദ്രയാൻ രണ്ടിന് മുമ്പുള്ള വിക്ഷേപണം. 

ഹൈ റെസല്യൂഷൻ എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റാണ് കാർട്ടോസാറ്റ് 3 ബി, ഈ വിക്ഷേപണം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം റിസാറ്റ് 2ബിആർ1 വിക്ഷേപിക്കും. 2022ലെ ഗഗൻയാനാണ് ഇസ്രൊയുടെ മുന്നിലുള്ള അടുത്ത വലിയ ദൗത്യം. റഷ്യയുടെ കൂടി സഹകരണത്തോടെ പുരോഗമിക്കുന്ന പദ്ധതിയിലൂടെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുകയാണ് ലക്ഷ്യം. 

ഇതിന് പുറമേ ശുക്രനിലേക്കുള്ള ശുക്രയാൻ ദൗത്യവും, സൂര്യനിലേക്കുള്ള ഇസ്രൊയുടെ ആദ്യ ദൗത്യമായ ആദിത്യ എൽ 1 ഉം ഗവേഷണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. ജാപ്പനീസ് സ്പേസ് ഏജൻസി ജാക്സയുമായി ചേർന്ന് 2024ൽ മറ്റൊരു ചന്ദ്ര ഗവേഷണ പദ്ധതിയുമ ഐഎസ്ആ‌ർഒക്ക് മുന്നിലുണ്ട്. 2017ൽ പ്രഖ്യാപിക്കപ്പെട്ട ദൗത്യത്തിനായുള്ള സാധ്യതാ പഠനങ്ങൾ പുരോ​ഗമിക്കുകയാണ്. ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളെക്കുറിച്ചുള്ള ​ഗവേഷണമാണ് സംയുക്ത പദ്ധതി ലക്ഷ്യമിടുന്നത്. 

ചന്ദ്രയാൻ രണ്ട് ലക്ഷ്യമിട്ടത് പോലെ തന്നെ ചന്ദ്രോപരിതലത്തിൽ ഒരു റോവർ എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ക്ഷുദ്രഗ്രഹത്തിൽ ലാൻഡ് ചെയ്ത് സാമ്പിളുകളുമായി തിരിച്ചു വന്ന ഹയാബുസ അടക്കമുള്ള ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ള ചരിത്രമുണ്ട് ജാക്സയ്ക്ക്. 

Follow Us:
Download App:
  • android
  • ios