Asianet News MalayalamAsianet News Malayalam

കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു, ലാൻഡറും റോവറും എന്നുണരും; ശുഭവാർത്ത കേൾക്കുമെന്ന പ്രതീക്ഷയിൽ ഇസ്രോ

വിക്രമിന്റെയും പ്രഗ്യാന്റെയും ​ഗവേഷണങ്ങൾ ചന്ദ്രന്റെ മണ്ണിനെക്കുറിച്ചുള്ള അറിവ്, മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്‌ക്കാൻ ലക്ഷ്യമിടുന്ന പദ്ധതികൾ ഉൾപ്പെടെയുള്ള ഭാവി ദൗത്യങ്ങൾക്ക് ഉപയോഗപ്രദമാകുമെന്നാണ് വിലയിരുത്തൽ.

isro waits good news form Vikram lander and pragyan rover of Chandrayaan 3 prm
Author
First Published Sep 20, 2023, 8:47 AM IST

ബെം​ഗളൂരു: ചന്ദ്രയാൻ മൂന്നിന്റെ വിക്രം ലാൻഡറിൽ നിന്നും  പ്ര​ഗ്യാൻ റോവറിൽ നിന്നും ശുഭവാർത്ത പ്രതീക്ഷിച്ച് ഐഎസ്ആർഒയും ശാസ്ത്ര ലോകവും.  ലാൻഡറിന്റെയും റോവറിന്റെയും പുതിയ കണ്ടെത്തലുകൾക്കായി വിദ​ഗ്ധർ ഡാറ്റ പരിശോധിക്കാൻ തുടങ്ങി. വിക്രമിന്റെയും പ്രഗ്യാന്റെയും ​ഗവേഷണങ്ങൾ ചന്ദ്രന്റെ മണ്ണിനെക്കുറിച്ചുള്ള അറിവ്, മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്‌ക്കാൻ ലക്ഷ്യമിടുന്ന പദ്ധതികൾ ഉൾപ്പെടെയുള്ള ഭാവി ദൗത്യങ്ങൾക്ക് ഉപയോഗപ്രദമാകുമെന്നാണ് വിലയിരുത്തൽ. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ചന്ദ്രനിൽ സൂര്യോദയമുണ്ടാകും.

 രണ്ടാഴ്ചത്തെ സ്ലീപ് മോഡിന് ശേഷം ലാൻഡറും റോവറും ഉണരുമോ എന്നറിയാൻ വഴിയുണ്ടെങ്കിൽ എളുപ്പമായിരുന്നു. ചന്ദ്രനിലെ സൂര്യോദയത്തിന് ശേഷം സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കുമെന്ന് കാത്തിരുന്ന് കാണണമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. ചന്ദ്രനിലെ സൂര്യോദയം ബുധനാഴ്ചയാണ് പ്രതീക്ഷിക്കുന്നത്. സിസ്റ്റങ്ങൾ പ്രവർത്തിക്കാൻ ഏറ്റവും അനുയോജ്യമായ സമയം സൂര്യന്റെ എലവേഷൻ ആം​ഗിൾ 6° മുതൽ 9° വരെയാണ്. എന്നാൽ താപനില ഒരു നിശ്ചിത പരിധിക്ക് മുകളിൽ ഉയരണം. സെപ്റ്റംബർ 21-നോ 22-നോ ഉള്ളിൽ കാര്യങ്ങൾ അറിയുമെന്ന് ചന്ദ്രയാൻ -3 ലീഡ് സെന്ററായ യുആർ റാവു സാറ്റലൈറ്റ് സെന്റർ ഡയറക്ടർ എം ശങ്കരൻ പറഞ്ഞു.  

വിക്രമും പ്രഗ്യാനും ഉണർന്നിരിക്കുന്നത് ബോണസായിരിക്കുമെന്നും ഇരുവരും അയച്ച ഡാറ്റ പുതിയ വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷയെന്നും ​ഗവേഷകർ പറഞ്ഞു. ഇതുവരെ ധാരാളം വിവരം ശേഖരിച്ചു. പക്ഷേ ഫലങ്ങൾ വരാൻ ഏതാനും മാസങ്ങൾ എടുക്കും. ചിലത് വർഷങ്ങളെടുക്കും. ലഭിച്ച വിവരങ്ങൾ പുതിയ കാര്യങ്ങളിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിസ്റ്റങ്ങൾ വീണ്ടും ഉണർന്നാൽ, കൂടുതൽ ഡാറ്റ ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി.

 

അതിനിടെ, ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹമായ ആദിത്യ എൽ 1 ഭൂമിയുടെ ഭ്രമണപഥം വിട്ട് മുന്നോട്ട് കുതിച്ചു.. പേടകത്തെ ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്ക് അയക്കാനുള്ള ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios