കേന്ദ്ര സർക്കാർ കാലാവധി നീട്ടി നൽകാത്തതിനെ തുടർന്ന് ഐ എസ് ആർ ഒയുടെ അഞ്ച് സുപ്രധാന കേന്ദ്രങ്ങളിലെ ഡയറക്ടർമാർ പടിയിറങ്ങി. ഗഗൻയാൻ ഉൾപ്പെടെയുള്ള സുപ്രധാന ദൗത്യങ്ങൾ പൂർത്തിയാക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം ഇനി പുതിയതായി വരുന്ന നേതൃത്വത്തിന്റെ ചുമലിലായി

തിരുവനന്തപുരം: ഐ എസ് ആർ ഒ നേതൃത്വത്തിൽ തലമുറ മാറ്റം. സുപ്രധാന കേന്ദ്രങ്ങളിലെല്ലാം ഡയറക്ടമാർ മാറുകയാണ്. തിരുവനന്തപുരം വിക്രംസാരാഭായ് സ്പേസ് സെന്ററിലും വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെൻ്ററിലും നിലവിലെ മേധാവിമാർ വിരമിച്ച ഒഴിവിൽ സ്ഥിരം നിയമനങ്ങൾ നടത്തിയിട്ടില്ല. ഡയറക്ടർമാരിൽ ചിലരുടെ കാലാവധി നീട്ടികിട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ സുപ്രധാന കേന്ദ്രങ്ങളെ നയിച്ചവർ വിശ്രമ ജീവിതത്തിലേക്ക് കടക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിക്രം സാരാഭായ് സ്പേസ് സെന്ററർ മേധാവി എ രാജരാജൻ, ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്റ‌ർ മേധാവി ഇ എസ് പത്മകുമാർ, ഇസ്രൊ ടെലിമെട്രി ആൻഡ് ട്രാക്കിംഗ് സെന്റർ മേധാവി ഡോ. എ കെ അനിൽകുമാർ എന്നിവ‌ർ മേയ് മുപ്പത്തിയൊന്നാം തീയതി പടിയിറങ്ങിയിരുന്നു. ഇത്തവണ ഒരു സെന്റ‌ർ മേധാവിക്കും കാലാവധി നീട്ടി നൽകിയില്ല. സ്പേസ് അപ്ലിക്കേഷൻ സെന്റ‌ർ മേധാവി നീലേഷ് ദേശായിയും, വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റ‌ർ മേധാവി എം മോഹനും ഏപ്രിൽ അവസാനം വിരമിച്ചിരുന്നു. ഫലത്തിൽ ഐ എസ് ആർ ഒയുടെ അഞ്ച് സുപ്രധാന കേന്ദ്രങ്ങളിൽ ഒറ്റയടിക്ക് തലവന്മാർ മാറുന്ന അവസ്ഥയായി.

സുപ്രധാന ദൗത്യങ്ങൾ പുതിയ ചുമലുകളിൽ

സ്പേസ് അപ്ലിക്കേഷൻ സെന്ററിൽ സൗമ്യ സർക്കാരാണ് പുതിയ മേധാവി. ഇദ്ദേഹം ജൂലൈയിൽ വിരമിക്കേണ്ടതാണ്. കാലാവധി നീട്ടി നൽകുമോ എന്നതിൽ വ്യക്തതയില്ല. എൽ പി എസ്‍ സിയിൽ അസോസിയേറ്റ് ഡയറക്ടർ എൻ ജയനും വി എസ് എസ്‍ സിയിൽ ആർ & ഡി വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഡോ. യു പി രാജീവിനും താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്. ഐ എസ് ആർ ഒയുടെ പ്രധാന വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ എസ് മുത്തുച്ചെഴിയാനാണ് പുതിയ മേധാവി. ഇസ്ട്രാക്കിൽ എം ആർ രാഘവേന്ദ്രയാണ് പുതിയ ഡയറക്ടർ. ബെംഗളൂരുവിലെ ലബോറട്ടറി ഫോർ ഇലക്ട്രോ ഒപ്റ്റിക്കൽ സിസ്റ്റംസ് മേധാവി ഡോ. എൻ ശ്രീറാമും മേയ് 31 ന് വിരമിച്ചു. ആർ വെങ്കടേശ്വരനാണ് പുതിയ ഡയറക്ടർ.

തിരുവനന്തപുരം ഇനേർഷ്യൽ സിസ്റ്റം യൂണിറ്റിലെയും മഹേന്ദ്രഗിരി ഐ എസ് ആർ ഒ പ്രൊപ്പൽഷൻ കോംപ്ലക്സിലെയും മേധാവിമാർ ഈ മാസം വിരമിക്കേണ്ടതാണ്. കാലാവധി നീട്ടിയില്ലെങ്കിൽ ഉപഗ്രഹ നിർമ്മാണ വികസന കേന്ദ്രമായ ബെംഗളൂരു യു ആർ റാവു സാറ്റലൈറ്റ് സെന്ററിന്റെ മേധാവി എം ശങ്കരനും ഓഗസ്റ്റിൽ വിരമിക്കും. നേതൃമാറ്റം സ്വാഭാവിക പ്രക്രിയയാണെങ്കിലും സുപ്രധാന കേന്ദ്രങ്ങളിലെല്ലാം ആളുകൾ ഒറ്റയിടിക്ക് മാറുന്നത് അത്യപൂർവ്വമായാണ്. നേതൃനിരയിൽ ചിലരെങ്കിലും അടുത്ത സംഘം തയ്യാറാകും വരെ കാലാവധി നീട്ടി തുടരുന്ന രീതി മുൻ വർഷങ്ങളിൽ കണ്ടിട്ടുണ്ട്. എ രാജരാജനും, ഇ എസ് പത്മകുമാറും, എം മോഹനും, നിലേഷ് ദേശായിയും ഇത്തരത്തിൽ രണ്ട് വർഷം കാലാവധി നീട്ടിക്കിട്ടിയവരാണ്. ഐ പി ആർ സി മേധാവി അസിർ പാക്കിരാജും എക്സ്റ്റൻഷനിലാണ്. ഡയറക്ടർമാരിൽ ചിലരുടെ കാലാവധി നീട്ടികിട്ടാൻ ഇത്തവണയും ശ്രമം നടന്നിരുന്നു, പക്ഷേ അത് നടപ്പായില്ല. തുടർ പി എസ് എൽ വി പരാജയങ്ങളിൽ നിന്ന് കരകയറാൻ ശ്രമം തുടരുന്നതിനിടെയാണ് നേതൃതലത്തിലെ സമ്പൂർണ്ണ മാറ്റം. പി എസ് എൽ വി സി 62 പരാജയത്തിന് ശേഷം ഒരു വിക്ഷേപണ ദൗത്യവും ഐ എസ് ആർ ഒ നടത്തിയിട്ടുമില്ല. ജി എസ് എൽ വി വിക്ഷേപണത്തിനായി തയ്യാറാണെങ്കിലും വിക്ഷേപണ തീയതി നീണ്ട് പോകുകയാണ്. അഭിമാന ദൗത്യമായ ഗഗൻയാന്‍റെ ആദ്യ ആളില്ലാ ദൗത്യവും വൈകുകയാണ്. എല്ലാം ട്രാക്കിലാക്കിയെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം ഇനി പുതിയ സംഘത്തിന്റെ ചുമലിലാണ്.

YouTube video player