ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഒരു മൃഗത്തെയും കൊല്ലാതെ മാംസം നിര്‍മ്മിച്ചു. സ്പൈസ് ബീഫ് എന്നാണ് ഇതിനെ വിളിക്കുന്നത്. ഇസ്രയേല്‍ ആസ്ഥാനമാക്കിയുള്ള അലഫ് ഫാംസ് ആണ് ഈ പരിശ്രമത്തിന് പിന്നില്‍. ഒക്ടോബര്‍ 7 ന് തങ്ങളുടെ പരിശ്രമം വിജയം കണ്ടതായി ഇവര്‍ ഔദ്യോഗികമായി ലോകത്തെ അറിയിച്ചു. ഇത് ആദ്യമായാണ് ബഹിരാകാശത്ത് ഒരു മാംസം ഉത്പാദിപ്പിക്കുന്നത്.

മാംസം വളര്‍ത്തുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന കമ്പനിയാണ് അലഫ് ഫാംസ്. റഷ്യയിലെ 3ഡി പ്രിന്‍റിംഗ് കമ്പനിയുടെയും അമേരിക്കയിലെ മാംസോല്‍പാദന രംഗത്തുള്ള രണ്ട് കമ്പനികളും ചേര്‍ന്നാണ് ബഹിരാകാശത്ത് ഈ പരീക്ഷണം നടത്തിയത്. കൃഷി ചെയ്ത ഗോമാംസം വളർത്തുന്നതിനോ അല്ലെങ്കിൽ വെറും രണ്ട് സെല്ലുകളിൽ നിന്ന് യഥാർഥവും ഭക്ഷ്യയോഗ്യമായതുമായ മാംസം വളർത്തുന്നതിലുമാണ് ഇസ്രയേല്‍ ഫാം കമ്പനി ഗവേഷണം നടത്തുന്നത്.

സെപ്തംബര്‍ 23നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഗവേഷകര്‍ ഭൂമിയില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം 3ഡി ബയോപ്രിന്‍റിംഗ് സാങ്കേതിക ഉപയോഗിച്ച് ണ്ട് സെല്ലുകളിൽ നിന്ന് പശുവിന്‍റെ മസില്‍ കലകളുടെ ചെറിയ ഭാഗം ഉണ്ടാക്കിയത്. ഗോക്കളുടെ കോശങ്ങളെപ്പോലെ ബയോമെറ്റീരിയലുകളും വളർച്ചാ ഘടകങ്ങളും ‘ബയോഇങ്ക്’ പ്രിന്‍റഡ് വസ്തുക്കളും ഉപയോഗിച്ച് വസ്തുക്കളും അടരുകളായി സംയോജിപ്പിക്കുന്ന പ്രവര്‍ത്തിയാണ് ബയോപ്രിന്റിങ്.

എന്തിനാണ് ബഹിരാകാശത്ത് ഈ പ്രവര്‍ത്തനം നടത്തിയത് എന്നതിന് കൃത്യമായ വിശദീകരണം കമ്പനി നല്‍കുന്നുണ്ട്. ഭൂമിയെ ഗുരുത്വാകര്‍ഷണ അവസ്ഥയിലുള്ളതിനേക്കാള്‍ വേഗതയില്‍ കൃത്രിമ മാംസ നിര്‍മ്മാണം പൂജ്യം ഗുരുത്വാകര്‍ഷണത്തില്‍ നടക്കും. ഇത് ഭാവിയിലേക്ക് ഗുണകരമായ മാറ്റമാണ്. ബഹിരാകാശത്ത് കൃത്രിമ മാംസ നിര്‍മ്മാണ ശാലകള്‍ എന്ന ആശയത്തിലേക്കാണ് ഇത് നീങ്ങുന്നത്. 

ഇതിലൂടെ ഭാവിയില്‍  മാംസം ഉത്പദാനത്തിന് വേണ്ടുന്ന ചിലവുകളും, ഒപ്പം അത് ഭൂമിയില്‍ ഉണ്ടാക്കുന്ന കാലവസ്ഥ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കാന്‍ സാധിക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്.