ലണ്ടന്‍: രാത്രിയിലെ അമിത സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം പുരുഷന്മാരുടെ പ്രത്യുല്‍പാദന ശേഷിയെ ബാധിക്കുമെന്ന് പഠനം. മൊബൈല്‍ സ്ക്രീനുകളുടെ അതിതീവ്ര വെളിച്ചം പുരുഷന്മാരുടെ ബീജത്തിന്‍റെ ഗുണനിലവാരത്തെ ബാധിക്കും എന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്. 

ഈ പഠനത്തില്‍ 21നും 59നും ഇടയില്‍ പെടുന്ന 116 പുരുഷന്മാരെയാണ് പഠനത്തിന് വിധേയരാക്കിയത്. ഇവര്‍ക്ക് അവരുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗവും, രാത്രിയിലെ നിദ്ര രീതികളും സംബന്ധിച്ച് വിശദമായ ചോദ്യവലി നല്‍കിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. 

രാത്രിയും വൈകുന്നേരങ്ങളിലും കൂടുതലായി സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ചവരില്‍ ബീജത്തിന്‍റെ ചലനശക്തി കുറവാണെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഫോണില്‍നിന്നുള്ള റേഡിയോ ഫ്രീക്വന്‍സി ഇലക്‌ട്രോ മാഗ്നറ്റിക് റേഡിയേഷന്‍ ആണ് ബീജത്തിന്‍റെ ഗുണനിലവാരത്തെ ബാധിക്കുന്നത് എന്നാണു ഗവേഷകരുടെ വിലയിരുത്തല്‍. ചൂട് വര്‍ധിപ്പിച്ച് ബീജോല്‍പാദനം മന്ദഗതിയിലാക്കുകയാണ് ചിലപ്പോള്‍ സംഭവിക്കുന്നത് എന്ന് പഠനം പറയുന്നു.

ഇതുവരെ ഷോര്‍ട്ട് വേവ് ലൈംഗ്ത്ത് ഉള്ള ലൈറ്റ് എമിറ്റഡ് സ്മാര്‍ട്ട്ഫോണും, ടാബും പോലുള്ള ഡിജിറ്റല്‍ മീഡിയ ഒരാളുടെ ബീജത്തിന്‍റെ ഗുണനിലവാരത്തെ ബാധിക്കും എന്ന് കണ്ടെത്തുന്ന ആദ്യത്തെ പഠനമാണ് ഇതെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഇസ്രയേലിലെ ടെല്‍ അവീവിലെ സ്ലീപ്പ് ആന്‍റ്  ഫാറ്റിഗ് ഇന്‍സ്റ്റ്യൂട്ടിലെ ഡോ. അമിറ്റ് ഗ്രീന്‍ പറയുന്നത്. ജേര്‍ണല്‍ സ്ലീപ്പില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.