28000 ടണ്ണോളം ഭാരമാകും കുഞ്ഞ് സൂര്യനുണ്ടാവുമെന്നാണ് കണക്കുകൂട്ടുന്നത്. ആദ്യമായാണ് ഒരു ശാസ്ത്രപരീക്ഷണത്തിനായി ഇന്ത്യ ഇത്രവലിയ തുക മുടക്കുന്നത്. 

ദില്ലി: 2000 കോടി രൂപ ചെലവില്‍ സൂര്യന്‍റെ ചെറു പതിപ്പൊരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയും. ഫ്രാന്‍സില്‍ നടക്കുന്ന പ്രോജക്ടിന് വേണ്ടി ഇന്ത്യ ചെലവിടുക 1750 കോടി രൂപയാണ്. ഈ നൂറ്റാണ്ടില്‍ നടക്കുന്ന ഏറ്റവും ചെലവേറിയ ഗവേഷണമായാണ് കൃത്രിമ സൂര്യന്‍റെ നിര്‍മ്മാണം കണക്കാക്കുന്നത്. 

പദ്ധതിയ്ക്കായുള്ള വന്‍ ചെലവുകള്‍ നല്‍കുന്ന രാജ്യമായതിനാല്‍ ഇതിന്‍റെ സാങ്കേതിക നേട്ടങ്ങള്‍ ഇന്ത്യക്ക് സ്വന്തമാകും. തെര്‍മ്മോ ന്യൂക്ലിയര്‍ പരീക്ഷണ ശാലയിലാണ് കൃത്രിമ കുഞ്ഞ് സൂര്യനായുള്ള പരീക്ഷണങ്ങള്‍ നടക്കുക. ഇന്‍റർനാഷണല്‍ തെർമോന്യൂക്ലിയാർ എക്സ്പെരിമെന്‍റൽ റിയാക്ടേർസ് എന്നാണ് പദ്ധതിയുടെ പേര്. 28000 ടണ്ണോളം ഭാരമാകും കൃത്രിമ കുഞ്ഞ് സൂര്യനുണ്ടാവുമെന്നാണ് കണക്കുകൂട്ടുന്നത്. ആദ്യമായാണ് ഒരു ശാസ്ത്രപരീക്ഷണത്തിനായി ഇന്ത്യ ഇത്രവലിയ തുക മുടക്കുന്നത്. 

പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ പദ്ധതിയെക്കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യക്ക് പുറമേ യുഎസ്, റഷ്യ, ദക്ഷിണകൊറിയ, ചൈന, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവരും ഈ മെഗാ ശാസ്ത്രപരീക്ഷണത്തില്‍ പങ്കാളികളാണ്. 150 ദശലക്ഷം സെല്‍ഷ്യസ് വരെ ചൂടില്‍ പരീക്ഷണം നടന്നേക്കുമെന്നാണ് സൂചനകള്‍. 

സൂര്യന്‍റെ മാതൃകയിലൂടെ ഊര്‍ജ്ജം നിര്‍മിക്കുകയാണ് പരീക്ഷണത്തിന്‍റെ പ്രധാന ലക്ഷ്യം. ഈ കൃത്രിമ കുഞ്ഞ് സൂര്യനില്‍ നിന്നുയരുന്ന താപം നിയന്ത്രിക്കാനുള്ള കവചം ഇന്ത്യയിലാണ് നിര്‍മ്മിക്കുക. ഗുജറാത്തിലെ എല്‍ ആൻഡ് ടി പ്ലാന്‍റിലായിരിക്കും ഇത് നിര്‍മിക്കുക. 3800 ടണ്‍ ഭാരമുള്ള ഈ കവചത്തിന് കുത്തബ്മീനാറിന്‍റെ മുകള്‍ഭാഗത്തിന്റെ പകുതി വലുപ്പം വരുമെന്നാണ് നിരീക്ഷണം.