മ്യാൻമറിൽ ഈയടുത്തിടെ ഉണ്ടായ ഭൂകമ്പത്തെ പഠന വിഷയമാക്കി കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (കാൽടെക്). അപകടകരമായ ഭ്രംശരേഖകൾ എങ്ങനെ പ്രവർത്തിക്കുമെന്നത് സംബന്ധിച്ചാണ് പഠനം. 

നെയ്‌പിഡോ: കാലിഫോർണിയയിലെ സാൻ ആൻഡ്രിയാസ് പോലുള്ള അപകടകരമായ ഭ്രംശരേഖകൾ ഭാവിയിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് പഠിക്കാൻ ഉതകുന്നതാണ് മ്യാൻമറിൽ ഈയടുത്തിടെയുണ്ടായ ശക്തമായ ഭൂകമ്പമെന്ന് ഗവേഷകര്‍. 2025 മാർച്ച് 28-നാണ് മ്യാന്‍മാറില്‍ ഭൂകമ്പം ഉണ്ടായത്. മ്യാൻമറിലെ വടക്ക് നിന്ന് തെക്കോട്ട് നീണ്ടു കിടക്കുന്ന സാഗിംഗ് ഫാൾട്ടിലായിരുന്നു 7.7 തീവ്രതയില്‍ ഭൂകമ്പം. ഭൂകമ്പത്തിൽ ആയിരക്കണക്കിന് ആളുകൾ മരിച്ചു. വ്യാപക നാശനഷ്ടങ്ങളുണ്ടായി. ഇതിന് ശേഷം, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (കാൽടെക്) യിൽ നടത്തിയ ഒരു പുതിയ പഠനത്തെ അതിശയത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. ശാസ്ത്രജ്ഞർ ഭൂകമ്പങ്ങളെ പ്രവചിക്കുന്ന രീതി തന്നെ മാറ്റിമറക്കാൻ കെല്‍പ്പുള്ളതാണ് ഈ കണ്ടെത്തലുകൾ. ഭൂകമ്പത്തിന് മുമ്പും ശേഷവും ഈ സ്ഥലം എങ്ങനെ മാറി എന്ന് മനസിലാക്കാനായി ഗവേഷകർ ഉപഗ്രഹ ചിത്രങ്ങളാണ് ഉപയോഗിച്ചത്. ശാസ്ത്രജ്ഞർ പ്രവചിച്ചിരുന്നത് 300 കിലോമീറ്റർ വരെയൊക്കെ ഭ്രംശരേഖ മാറിപ്പോകാമെന്നായിരുന്നു. എന്നാൽ ഭൂകമ്പത്തിന് ശേഷം 500 കിലോമീറ്ററിലധികം ഭ്രംശരേഖ വഴുതിമാറിയതായി കണ്ടെത്തി. ഭ്രംശരേഖയുടെ ഒരു വശം മറുവശവുമായി താരതമ്യം ചെയ്യുമ്പോൾ 3 മീറ്റർ തെക്കോട്ട് നീങ്ങിയെന്നും കണ്ടെത്തൽ.

താരതമ്യേന നീണ്ടു കിടക്കുന്ന, ശാസ്ത്ര ലോകം നന്നായി പഠിച്ച ഭ്രംശരേഖകളാണ് സാഗിംഗും കാലിഫോർണിയയിലെ സാൻ ആൻഡ്രിയാസുമെല്ലാം. എന്നാൽ ഇവയും കരുതിയതിലും സങ്കീർണ്ണവുമായ ഭൂകമ്പങ്ങൾക്ക് കാരണമാകാമെന്ന് മനസിലായതായി പഠനത്തിന്റെ മുഖ്യ രചയിതാവും കാൽടെക്കിലെ പോസ്റ്റ്ഡോക്ടറൽ ഗവേഷകയുമായ സോളീൻ ആന്റോയിൻ പറഞ്ഞു. തങ്ങളുടെ പുതിയ ഇമേജിംഗ് രീതികൾ പരീക്ഷിക്കുന്നതിന് ഭൂകമ്പങ്ങൾ കൃത്യമായ ഉദാഹരണങ്ങളായെന്നും പ്രതലം എത്രമാത്രം തെന്നിപ്പോയെന്ന് അളക്കാൻ പഴയതിനെ അപേക്ഷിച്ച് ഈ രീതികൾ ശാസ്ത്രജ്ഞ‍ർക്ക് ഏറെ സഹായകമാകുമെന്നും സോളീൻ ആന്റോയിൻ കൂട്ടിച്ചേർത്തു.

പ്രൊസീഡിംഗ്‌സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസ് എന്ന ജേണലിൽ ഓഗസ്റ്റ് 11 നാണ് ഈ ഗവേഷണ ലേഖനം പ്രസിദ്ധീകരിച്ചത്. പുതിയ കണ്ടെത്തലുകൾ ഭൂകമ്പ സാധ്യത പ്രവചിക്കാൻ ഉപയോഗിക്കുന്ന പരമ്പരാഗത മാതൃകകൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. നിലവിൽ ഭൂകമ്പ സാധ്യതകൾ പ്രവചിക്കുന്നത് ഭ്രംശരേഖ എത്രത്തോളം നീങ്ങിയിട്ടുണ്ട്, സമ്മർദത്തിന്റെ വ‍ർധനവ്, അടുത്ത 30 വർഷത്തിനുള്ളിൽ ഭൂകമ്പ സാധ്യതയുണ്ടോ എന്നൊക്കെയാണ്. എന്നാൽ പ്രവചിക്കുന്നതിനപ്പുറമാകാം ഭ്രംശരേഖകളുടെ റിയാക്ഷൻ സാധ്യതയെന്നതിന് ഉദാഹരണമാണ് മ്യാൻമർ ഭൂകമ്പം.

ലളിതമായ ഭ്രംശരേഖകളും ഭൂകമ്പങ്ങൾക്ക് കാരണമാകും

ഭാവിയിലെ ഭൂകമ്പങ്ങളെല്ലാം കഴിഞ്ഞവയെപ്പോലെ തന്നെ ആവർത്തിക്കണമെന്നില്ലെന്ന് പഠനത്തിന്റെ മുതിർന്ന രചയിതാവും കാൽടെക്കിലെ പ്രൊഫസറുമായ ജീൻ-ഫിലിപ്പ് അവോവാക് പറയുന്നു. സാഗിംഗ് അല്ലെങ്കിൽ സാൻ ആൻഡ്രിയാസ് പോലുള്ള സിംപിളായ ഭ്രംശരേഖകൾക്ക് പോലും സങ്കീർണ്ണമായ രീതിയിൽ പ്രവർത്തിക്കാനും പ്രതീക്ഷിച്ചതിലും കൂടുതൽ ഊർജ്ജം പുറത്തുവിടാനും കഴിയും. ഇനി എന്ത് സംഭവിക്കാൻ പോകുന്നുവെന്നത് മനസിലാക്കാൻ, നമുക്ക് ലഭ്യമായ ഭൂകമ്പത്തിന്റെ വിവരങ്ങളും ചരിത്രവും വളരെ ചെറുതാണെന്നും അദ്ദേഹം വിശദീകരിച്ചു. അതുകൊണ്ട് കൃത്യമായ പ്രവചനങ്ങൾ നടത്തുന്നതിന് ഉപഗ്രഹ ചിത്രങ്ങളും റിയൽ ടൈം ഡാറ്റയും ഉപയോഗിച്ച് ഭൗതികശാസ്ത്രത്തിൽ അധിഷ്ഠിതമായ ഗവേഷണം നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.

അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ ഒരു സംഘമാണ് ഈ പഠനത്തിൽ പങ്കാളികളായത്. ഇതിന് പുറമേ നാഷണൽ സയൻസ് ഫൗണ്ടേഷൻ, യുഎസ് ജിയോളജിക്കൽ സർവേ, സ്റ്റേറ്റ് വൈഡ് കാലിഫോർണിയ എർത്ത്ക്വേക്ക് സെന്റർ തുടങ്ങിയ സംഘടനകളുടെ പിന്തുണയും ഉണ്ട്. മ്യാൻമറിൽ നിന്ന് കണ്ടെത്തിയ കാര്യങ്ങൾ ഉൾപ്പെടുന്ന പഠനം ഭാവിയിൽ അപകടകരമായ ഭ്രംശരേഖകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് ആഗോള തലത്തിൽ ധാരണ ഉണ്ടാക്കിയെടുക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്