ചൊവ്വയുടെ ഉപരിതലത്തിൽ കാണപ്പെടുന്ന കറുത്ത വരകളെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു

കാലിഫോര്‍ണിയ: ചൊവ്വ ഗ്രഹത്തിന്‍റെ ഉപരിതലത്തിലെ നീണ്ട, ഇരുണ്ട വരകൾ ജലപ്രവാഹത്തിന്‍റെ തെളിവുകളാണെന്ന് പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നു. 1976-ൽ നാസയുടെ വൈക്കിംഗ് ദൗത്യം ആദ്യമായി കണ്ടെത്തിയ ഈ വരകൾ, ചുവന്ന ഗ്രഹത്തിന് കുറുകെ പുരാതന ദ്രാവക ജലം ഒഴുകുന്നതിന്‍റെ തെളിവുകൾ വെളിപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയ്ക്ക് കാരണമായി. എന്നാൽ ഒരു പുതിയ കൃത്രിമ ബുദ്ധി (AI) വിശകലനം ഈ സിദ്ധാന്തത്തെയാകെ തലകീഴായി മാറ്റിയിരിക്കുന്നു. ഈ വരകൾ വെള്ളത്താൽ രൂപപ്പെട്ടത് അല്ല എന്നാണ് പുതിയ പഠനം പറയുന്നത്.

ചൊവ്വയുടെ ഉപരിതലത്തിൽ കാണപ്പെടുന്ന കറുത്ത വരകളെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. ചരിവുകളിൽ പ്രത്യക്ഷപ്പെടുകയും ഋതുക്കൾക്കനുസരിച്ച് മാറുകയും ചെയ്ത ഈ വരയുടെ അടയാളങ്ങൾ ജലപ്രവാഹത്തിന്‍റെ തെളിവായിരിക്കാമെന്ന് വിശ്വസിക്കപ്പെട്ടു. അവയെ റിക്കറിംഗ് സ്ലോപ്പ് ലീനിയ (RSL) എന്ന് നാമകരണം ചെയ്തു. ഒരുപക്ഷേ ഇവ ഉപ്പുവെള്ളത്തിന്‍റെ അല്ലെങ്കിൽ ഉരുകുന്ന ഐസ് പ്രവാഹത്തിന്‍റെ അടയാളങ്ങളാണെന്ന് ശാസ്ത്രജ്ഞർ അനുമാനിച്ചു. വേനൽക്കാലത്ത് ചൊവ്വയുടെ ചരിവുകളിൽ പ്രത്യക്ഷപ്പെടുകയും ശൈത്യകാലത്ത് അപ്രത്യക്ഷമാവുകയും ചെയ്യുന്ന വരകളാണ് ആർ‌എസ്‌എൽ. ചില ശാസ്ത്രജ്ഞർ ഇവ ജലപ്രവാഹത്തിന്‍റെ തെളിവായിരിക്കാമെന്ന് കരുതി. ചൊവ്വയ്ക്കുള്ളിൽ എവിടെയെങ്കിലും വെള്ളം ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന ചോദ്യങ്ങളും ഈ വരകൾ ഉയർത്തി.

എന്നാൽ ഇപ്പോൾ ഒരു പുതിയ ഗവേഷണം ഈ വിശ്വാസത്തെയാകെ പൊളിച്ചുമാറ്റിയിരിക്കുന്നു. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ചൊവ്വയുടെ ഈ ചരിവുകളിൽ കാണപ്പെടുന്ന കറുത്ത വരകൾ വെള്ളത്താൽ നിർമ്മിക്കപ്പെട്ടതല്ല എന്നാണ് പറയുന്നത്. സ്വിറ്റ്സർലൻഡിലെ യൂണിവേഴ്സിറ്റി ഓഫ് ബേൺ സയന്‍റിസ്റ്റ് വാലന്റൈൻ ബിക്കൽ, അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകൻ അഡോമസ് വാലന്റീനാസ് എന്നിവരുടേതാണ് ഈ പുതിയ കണ്ടെത്തൽ.

ചൊവ്വയുടെ ഉപരിതലത്തിൽ നിന്നുള്ള ഒരു വലിയ ഡാറ്റ ശേഖരം വിശകലനം ചെയ്യുന്നതിനായി ഗവേഷകർ ഒരു നൂതന എഐ അൽഗോരിതം ഉപയോഗിച്ചു. ഈ പുതിയ ഗവേഷണത്തിൽ ശാസ്ത്രജ്ഞർ ഏകദേശം അഞ്ചുലക്ഷം ചരിവ് വരകൾ മാപ്പ് ചെയ്ത് താരതമ്യം ചെയ്തു. അതിൽ 13,026 എണ്ണം പ്രകാശ വരകളും 4,84,019 എണ്ണം ഇരുണ്ട വരകളുമായിരുന്നു. ഡാറ്റയുടെ സമഗ്രമായ വിശകലനം നടത്തിയപ്പോൾ പൊടിപടലങ്ങൾ, പാറക്കെട്ടുകൾ, താപ ചക്രങ്ങൾ എന്നിവയൊന്നും ഈ വരകളുടെ രൂപീകരണത്തിൽ കാര്യമായ പങ്ക് വഹിക്കുന്നില്ല എന്നും മഞ്ഞോ ഐസോ ഉരുകുന്നതിന് ശക്തമായ തെളിവുകളൊന്നുമില്ല എന്നും കണ്ടെത്തി. ജലപ്രവാഹത്തിന്‍റെ നേരിട്ടോ അല്ലാതെയോയുള്ള സൂചനകൾ എവിടെയും കണ്ടെത്തിയില്ല എന്നും പഠനം പറയുന്നു.

അതേസമയം മറ്റ് ചില കാര്യങ്ങള്‍ ഗവേഷകർ തിരിച്ചറിഞ്ഞു. താരതമ്യേന പുതിയ ഉൽക്കാശിലകൾ പതിച്ച സ്ഥലങ്ങൾക്ക് സമീപമാണ് ഈ വരകൾ കൂടുതലായി കണ്ടെത്തിയത്. ഈ പ്രദേശങ്ങളിൽ ശരാശരിയേക്കാൾ കൂടുതൽ ഉപരിതല കാറ്റിന്‍റെ വേഗത രേഖപ്പെടുത്തി.വടക്കൻ ശൈത്യകാലത്ത് ഈ പ്രദേശങ്ങളിൽ ഉയർന്ന പൊടി ശേഖരണവും നിരീക്ഷിക്കപ്പെട്ടു.

ഈ കറുത്ത വരകൾ പരിശോധിച്ചതിൽ തങ്ങൾക്ക് ഒരു രൂപത്തിലും വെള്ളവുമായി യാതൊരു ബന്ധവും കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് പഠനത്തിലെ പ്രധാന ഗവേഷകനായ അഡോമസ് വാലന്റിനാസ് പറഞ്ഞു. വരണ്ട പ്രക്രിയകളിലൂടെയാണ് അവ രൂപം കൊള്ളുന്നതെന്ന് തങ്ങളുടെ മോഡൽ വ്യക്തമായി പറയുന്നുവെന്നും ചൊവ്വ ഇപ്പോഴും വരണ്ടതും മരുഭൂമിയുമായ ഒരു ഗ്രഹമാണെന്നാണ് ഇതിനർത്ഥമെന്നും ഈ കറുത്ത വരകളിൽ ജീവന് ഒരു പ്രതീക്ഷയുമില്ല എന്നും അദേഹം വ്യക്തമാക്കി.

അതേസമയം ഈ പുതിയ കണ്ടെത്തൽ ചൊവ്വയിലേക്കുള്ള ദൗത്യങ്ങളിൽ മാറ്റങ്ങൾ വരുത്തും. ഇതുവരെ ചൊവ്വയിലെ വരയുള്ള പ്രദേശങ്ങളിലേക്ക് റോവറുകളോ മറ്റ് ദൗത്യങ്ങളോ അയയ്ക്കുന്നതിന് മുമ്പ് കർശനമായ ഗ്രഹ സംരക്ഷണ നിയമങ്ങൾ പാലിച്ചിരുന്നു. ഈ സ്ഥലങ്ങളിൽ നനവുണ്ട് എങ്കിൽ ഭൂമിയിൽ നിന്നുള്ള ബാക്ടീരിയകൾക്ക് അവിടെ എത്താൻ കഴിയും എന്നതായിരുന്നു ഇതിന്‍റെ കാരണം. എന്നാൽ ഇപ്പോൾ ഇവ വരണ്ടതാണെന്ന് തെളിയിക്കപ്പെട്ടതിനാൽ, ശാസ്ത്രജ്ഞരുടെ ഇത്തരത്തിലുള്ള ആശങ്കകളും ഒരു പരിധി വരെ കുറയും.

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News