Asianet News MalayalamAsianet News Malayalam

ചരിത്ര ദൗത്യത്തിന് തുടക്കം; നാസ ശാസ്ത്രജ്ഞരെയും വഹിച്ച് സ്പേസ് എക്സ് യാത്ര തിരിച്ചു

നാസയിലെ മുതിർന്ന ശാസ്ത്രജ്ഞരായ റോബർട്ട് ബെഹ്ൻകെനും, ഡൗഗ്ലസ് ഹർലിയുമാണ് 'ഡ്രാഗൺ കാപ്സ്യൂൾ' എന്ന ഈ റോക്കറ്റിലെ മനുഷ്യർക്കിരിക്കാനുള്ള ഇടത്തിൽ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്.

NASA and SpaceX Launch Astronauts to Space
Author
Washington D.C., First Published May 31, 2020, 1:38 AM IST

വാഷിംഗ്ടൺ: രണ്ട് നാസ ശാസ്ത്രജ്ഞരെയും വഹിച്ച് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലേക്ക് നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ക്യാപ്സൂള്‍ പേടകത്തിന്‍റെ  യാത്ര തുടങ്ങി. മനുഷ്യരെ വഹിച്ചുള്ള നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം സ്പേസ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന്  മാർച്ച് 31ന് ഇന്ത്യന്‍ സമയം 12.55 ഓടെയാണ് പറന്നുയര്‍ന്നത്. നേരത്തേ കാലാവസ്ഥ വെല്ലുവിളിയായതിനാൽ മാറ്റി വച്ചിരുന്ന ചരിത്രദൗത്യം പ്രതിസന്ധികളെ മറിടന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് കുതിച്ചു. ഇന്ത്യന്‍ സമയം നാളെ രാത്രി എട്ട് മണിയോടെ ഡ്രാഗണ്‍ സ്പേസ് സ്റ്റേഷനിലെത്തും. 

നാസയിലെ മുതിർന്ന ശാസ്ത്രജ്ഞരായ റോബർട്ട് ബെഹ്ൻകെനും, ഡൗഗ്ലസ് ഹർലിയുമാണ് 'ഡ്രാഗൺ കാപ്സ്യൂൾ' എന്ന ഈ റോക്കറ്റിലെ മനുഷ്യർക്കിരിക്കാനുള്ള ഇടത്തിൽ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്.   49-കാരനായ ബെഹ്ൻകെനും 53-കാരനായ ഹർലിയും മുൻ യുഎസ് വായുസേനാ ടെസ്റ്റ് പൈലറ്റുമാരായിരുന്നു. ഇരുവരും നാസയിലെത്തുന്നത് 2000-ത്തിലാണ്. നീൽ ആംസ്ട്രോങ് അപ്പോളോ 11 എന്ന ചന്ദ്രനിലേക്കുള്ള 1969-ലെ ചരിത്രദൗത്യത്തിന് പുറപ്പെട്ടത് ഇവിടെ നിന്നാണ്.  

നാസയുമായി കൈകോർത്ത്​ സ്വകാര്യവാഹനത്തില്‍ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ച്​ (ഇൻറ‍ർനാഷണൽ സ്പേസ് സ്റ്റേഷൻ) ചരിത്രം രചിക്കാനായിരുന്നു പ്രമുഖ വ്യവസായി ഇലോൺ മാസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിൻറെ ലക്ഷ്യം. എന്നാല്‍ ടേക്കോഫിന് ഇരുപത് മിനിറ്റ് മുൻപ് കാലാവസ്ഥാ വെല്ലുവിളിയെ തുടര്‍ന്ന് ദൗത്യം മാറ്റിവയ്ക്കുകയായിരുന്നു. 

ഒൻപത് വ‍ർഷത്തിന് ശേഷമാണ്  അമേരിക്ക  ബഹിരാകാശ സഞ്ചാരികളെ സ്വന്തം രാജ്യത്ത് നിന്നും കൊണ്ടു പോകുന്നത്. 2011-ന് ശേഷം റഷ്യയുടെ സോയൂസ് പേടകത്തിലാണ് സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ചിരുന്നത്. 
 

Follow Us:
Download App:
  • android
  • ios