ഇത്രയും വലിയ റിഫ്ലക്‌ടർ ആന്‍റിന നാസയോ, ഐഎസ്ആർഒയോ ഇതിന് മുമ്പ് ബഹിരാകാശത്ത് വച്ച് വിടർത്തിയിട്ടില്ല
തിരുവനന്തപുരം: നാസ- ഐഎസ്ആർഒ സംയുക്ത ദൗത്യം NISAR (എൻ ഐ സാര്‍) ഉപഗ്രഹത്തിന്‍റെ കമ്മീഷനിംഗ് ജോലികൾ പുരോഗമിക്കുന്നു. ഉപഗ്രഹത്തിന്‍റെ പന്ത്രണ്ട് മീറ്റർ വ്യാസമുള്ള റിഫ്ലക്‌ടർ ആന്‍റിന വിടർത്തുന്ന പ്രക്രിയ ഇന്നലെയോടെ വിജയകരമായി പൂർത്തിയാക്കി. ഇത്രയും വലിയ റിഫ്ലക്‌ടർ ആന്‍റിന, നാസയോ ഐഎസ്ആർഒയോ ഇതിന് മുമ്പ് ബഹിരാകാശത്ത് വച്ച് വിടർത്തിയിട്ടില്ല. ജൂലൈ മുപ്പതിന് വിക്ഷേപിച്ച ഉപഗ്രഹത്തിന്‍റെ ആന്‍റിന വിടർത്തുന്ന ജോലി ഓഗസ്റ്റ് 9നാണ് തുടങ്ങിയത്. 30 മീറ്റർ നീളമുള്ള ആന്‍റിനയുടെ കൈ നിവർത്തിയെടുക്കാൻ തന്നെ ആറ് ദിവസമെടുത്തു. കുട പോലെ മടക്കിവച്ചിരുന്ന ആന്‍റിന ഇതിന് ശേഷമാണ് വിടർത്തിയത്. ഉപഗ്രഹം പൂർണമായി പ്രവർത്തനസജ്ജമാകാൻ ഇനിയും രണ്ട് മാസത്തിനടുത്ത് സമയമെടുക്കും.
ലോകത്തിലെ എറ്റവും മികച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് പതിമൂവായിരം കോടി രൂപയ്ക്കടുത്ത് ചെലവഴിച്ച് ഇസ്രൊയും നാസയും ചേര്‍ന്ന് യാഥാർഥ്യമാക്കിയ നൈസാര്‍ അഥവാ എന്‍ ഐ സാര്‍. 2025 ജൂലൈ 30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് ജിഎസ്എല്‍വി-എഫ്16 റോക്കറ്റ് ഉപയോഗിച്ചാണ് നൈസാര്‍ സാറ്റ്‌ലൈറ്റ് വിക്ഷേപിച്ചത്. രണ്ട് സാർ റഡാറുകളുള്ള ലോകത്തിലെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് എന്‍ ഐ സാര്‍. നൈസാര്‍ ഉപഗ്രഹത്തിന്‍റെ മുതല്‍മുടക്ക് ഇസ്രൊയും നാസയും പങ്കുവെക്കുന്നു. 2,400 കിലോഗ്രാം ഭാരമുള്ള എന്‍ ഐ സാര്‍ ഉപഗ്രഹം ഭൂമിയില്‍ നിന്ന് 747 കിലോമീറ്റര്‍ അകലത്തിലൂടെ ഭ്രമണം ചെയ്യും. പ്രകൃതി ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കാനും, ദുരന്ത നിവാരണത്തിനും, കാലാവസ്ഥാ നിരീക്ഷണത്തിനും, കാര്‍ഷിക മേഖലയിലും നൈസാര്‍ കൃത്രിമ ഉപഗ്രഹത്തിലെ വിവരങ്ങള്‍ സഹായകമാകും.
ഉരുൾപ്പൊട്ടലുകളും, മണ്ണിടിച്ചിലുകളും, അഗ്നിപർവ്വത വിസ്ഫോടനങ്ങളും, ഭൂകമ്പങ്ങളുമെല്ലാം നൈസാറിന്‍റെ റഡാർ ദൃഷ്‌ടിയിൽ കൃത്യമായി പതിയും. കടലിലെ മാറ്റങ്ങളും പുഴകളുടെ ഒഴുക്കും തീരശോഷണവും മണ്ണൊലിപ്പും റഡാറുകള്‍ ഒപ്പിയെടുക്കും. ഇതിന് പുറമെ കാട്ടുതീകളും ഹിമാനികളുടെ ചലനവും മഞ്ഞുപാളികളിലെ മാറ്റവും തിരിച്ചറിയും. കൃഷിഭൂമിയിലെ മണ്ണിന്‍റെ ഈർപ്പവും വിളകളുടെ വളർച്ചയും വനങ്ങളിലെ പച്ചപ്പുമെല്ലാം നിരീക്ഷിക്കാനും നൈസാര്‍ ഉപഗ്രഹത്തിന് ശേഷിയുണ്ട്. പന്ത്രണ്ട് ദിവസത്തിലൊരിക്കലെങ്കിലും ഭൂമിയിലെ ഓരോ ഇഞ്ചും എൻ ഐ സാര്‍ സാറ്റ്‌ലൈറ്റിലെ റഡാറുകള്‍ സൂക്ഷ്‌മമായി പകര്‍ത്തും. ഈ പരിശോധനയില്‍ തെളിയുന്ന കണ്ടെത്തലുകള്‍ പ്രകൃതി ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കാന്‍ സഹായകമാകും. നൈസാര്‍ ശേഖരിക്കുന്ന വിവരങ്ങൾ പൊതു ഉപയോഗത്തിനായി സൗജന്യമായി ഇസ്രൊയും നാസയും ലഭ്യമാക്കും.


