യുഎസ് ബഹിരാകാശ ഏജന്‍സി ഒരു ചെറിയ കുന്നിന്റെ മധ്യഭാഗത്ത് ഒരു ദ്വാരം സൃഷ്ടിക്കപ്പെട്ട ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചുവെങ്കിലും അതില്‍ നിന്നും ഒരു സാമ്പിള്‍ ശേഖരിച്ച് ഒരു ട്യൂബില്‍ ഇടാനുള്ള ആദ്യ ശ്രമമാണ് പരാജയപ്പെട്ടത്. 

നാസയുടെ പെര്‍സെവറന്‍സ് റോവറിന് തിരിച്ചടി. അന്യഗ്രഹജീവിതത്തിന്‍റെ സാന്നിധ്യം തേടിയുള്ള അന്വേഷണമാണ് പരാജയപ്പെട്ടത്. ഇത്തരമൊരു തെളിവുകള്‍ ചൊവ്വയുടെ ഉപരിതലത്തിലെ പാറകളില്‍ ഉണ്ടാകുമെന്നായിരുന്നു ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടുല്‍. എന്നാല്‍, ശാസ്ത്രജ്ഞരുടെ വിശകലനത്തിനും ഭാവി ദൗത്യങ്ങള്‍ക്കുമായി പാറ സാമ്പിളുകള്‍ ശേഖരിക്കാനുള്ള ആദ്യ ശ്രമത്തില്‍ റോവര്‍ പരാജയപ്പെട്ടു. 

യുഎസ് ബഹിരാകാശ ഏജന്‍സി ഒരു ചെറിയ കുന്നിന്റെ മധ്യഭാഗത്ത് ഒരു ദ്വാരം സൃഷ്ടിക്കപ്പെട്ട ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചുവെങ്കിലും അതില്‍ നിന്നും ഒരു സാമ്പിള്‍ ശേഖരിച്ച് ഒരു ട്യൂബില്‍ ഇടാനുള്ള ആദ്യ ശ്രമമാണ് പരാജയപ്പെട്ടത്. ഇത്തരത്തിലൊരു ചിത്രം ഭൂമിയിലേക്ക് അയച്ചത് കിട്ടിയത് സൂക്ഷ്മ പരിശോധന നടത്തിയപ്പോഴാണ് പാറ ശേഖരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞതെന്ന് നാസയുടെ സയന്‍സ് മിഷന്‍ ഡയറക്ടറേറ്റിന്റെ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ തോമസ് സുര്‍ബുചെന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ശ്രമം ഇനിയും തുടരുമെന്നും ഉപരിതലം തുറന്ന് പാറ ശേഖരിക്കുകയെന്ന ദൗത്യത്തില്‍ നിന്നും റോവര്‍ പിന്നാക്കം പോകില്ലെന്നുമാണ് ശാസ്ത്രജ്ഞര്‍ അറിയിച്ചിരിക്കുന്നത്. പുരാതന കല്ലുകളില്‍ സൂക്ഷിച്ചിരിക്കാനിടയുള്ള പുരാതന സൂക്ഷ്മജീവികളുടെ അടയാളങ്ങള്‍ തേടുക എന്ന ലക്ഷ്യത്തോടെയാണ് ദൗത്യം ആരംഭിച്ചത്. ഇതിനായി 11 ദിവസമെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു സാമ്പിള്‍ പ്രക്രിയയുടെ ആദ്യപടിയായിരുന്നു ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഡ്രില്‍ ഹോള്‍. ഈ ദൗത്യത്തിലൂടെ ചൊവ്വയിലെ ജിയോളജി നന്നായി മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞരും പ്രതീക്ഷിക്കുന്നു.

3.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇപ്പോള്‍ കുഴിയെടുക്കുന്ന ഗര്‍ത്തത്തില്‍ ഒരു ആഴമേറിയ തടാകം ഉണ്ടായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഇവിടം അന്യഗ്രഹജീവികളുടെ തെളിവുകള്‍ അവശേഷിപ്പിക്കുമെന്നു തന്നെയാണ് നാസ കരുതുന്നത്. 2030 കളില്‍ ഏകദേശം 30 സാമ്പിളുകള്‍ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ദൗത്യമാണ് നാസ ആസൂത്രണം ചെയ്യുന്നത്. നിലവില്‍ ചൊവ്വയിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നതിനേക്കാള്‍ വളരെ നൂതനമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് റോവറില്‍ വച്ചു തന്നെ വിശകലനം ചെയ്യാനാണ് ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona