Asianet News MalayalamAsianet News Malayalam

ചന്ദ്രന്‍റെ 'ചാഞ്ചാട്ടം', ഒപ്പം കാലവസ്ഥ വ്യതിയാനവും; കാത്തിരിക്കുന്നത് വലിയ പ്രളയമോ.!

 18.6 കൊല്ലത്തിനിടയില്‍ ചന്ദ്രന്‍ അതിന്‍റെ ഭ്രമണപഥത്തില്‍ ചാഞ്ചാട്ടം കാണിക്കാറുണ്ട്. അതില്‍ പകുതി സമയം വലിയ വേലിയേറ്റം ഉണ്ടാക്കാറുണ്ട്. 

NASA Study says A wobble in the moons orbit could result in record flooding in the 2030s
Author
NASA Mission Control Center, First Published Jul 13, 2021, 5:12 PM IST

ന്യൂയോര്‍ക്ക്: ഇപ്പോള്‍ തന്നെ കാലവസ്ഥ വ്യതിയാനം വലിയതോതിലുള്ള കാലവസ്ഥ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ലോകത്തെമ്പാടും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്. അതിനിടെയാണ് പുതിയ വാര്‍ത്ത എത്തുന്നത്.  2030 ൽ തീരദേശങ്ങളില്‍ റെക്കോർഡ് പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ നേതൃത്വത്തില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നത്. 

ചന്ദ്രന്റെ ചലനം മൂലം സമുദ്രനിരപ്പ് ഉയരുകയും ഇത് കാരണം 2030 ൽ റെക്കോർഡ് പ്രളയമുണ്ടാകുമെന്നുമാണ് പഠനം മുന്നോട്ട് വയ്ക്കുന്ന പ്രധാന കാര്യം. പഠന പ്രകാരം 2030 ന്റെ പകുതിയോടെ ഭൂമിയിൽ പ്രത്യേകിച്ച് അമേരിക്കന്‍ തീരങ്ങളില്‍ വൻ പ്രളയങ്ങൾ സംഭവിച്ചേക്കാമെന്നാണ് പറയുന്നത്. സമുദ്രത്തോട് അടുത്തുകിടക്കുന്ന താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാകുമെന്നാണ് പ്രവചനം.  കാലാവസ്ഥാ വ്യതിയാനം കാരണം 2019 ൽ യുഎസിൽ മാത്രം 600 ഓളം പ്രളയങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, ഈ പ്രതിഭാസം കാരണം ഇതിനേക്കാൾ കൂടുതൽ പ്രളയങ്ങൾ സംഭവിച്ചേക്കാം. 

തീരപ്രദേശങ്ങളിൽ വേലിയേറ്റം നിത്യം സംഭവിക്കുന്ന കാര്യമാണ്. ചന്ദ്രൻ ഭൂമിയുടെ അടുത്തേക്ക് വരുന്ന സമയത്താണ് കടലില്‍ ഈ മാറ്റങ്ങള്‍ സംഭവിക്കുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം. 18.6 കൊല്ലത്തിനിടയില്‍ ചന്ദ്രന്‍ അതിന്‍റെ ഭ്രമണപഥത്തില്‍ ചാഞ്ചാട്ടം കാണിക്കാറുണ്ട്. അതില്‍ പകുതി സമയം വലിയ വേലിയേറ്റം ഉണ്ടാക്കാറുണ്ട്. 

പുതിയ ആഗോള താപന കാലത്തെ സമുദ്രത്തിലെ മാറ്റങ്ങള്‍ കൂടി ചേരുമ്പോള്‍ ഇത് തീരങ്ങളില്‍ രണ്ടടി ഉയരത്തിലുള്ള വലിയ തിരമാലകള്‍ ഉണ്ടാകാന്‍ കാരണമാകും.  മാസത്തിൽ 10 മുതൽ 15 തവണ വരെ ഒരു പ്രദേശത്ത് പ്രളയസമാനമായ സാഹചര്യം ഉണ്ടാക്കും. ഇത് തീരങ്ങളില്‍ വസിക്കുന്നവരുടെ ജീവിതോപാധികള്‍ മുതല്‍ എല്ലാത്തിനും വലിയ നാശനഷ്ടം ഉണ്ടാക്കുന്ന പ്രളയമായി മാറും പഠനം പറയുന്നു. ജൂണ്‍ 21 ന്‍റെ നാച്യൂറല്‍ ക്ലൈമറ്റ് ചെയിഞ്ച് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രളയം കാരണം സമുദ്രനിരപ്പിനു സമീപമുള്ള താഴ്ന്ന പ്രദേശങ്ങൾ കൂടുതൽ അപകടത്തിലേക്കും ദുരിതത്തിലേക്കും പോയേക്കാം. ഇത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു. ചന്ദ്രന്റെ ഗുരുത്വാകർഷണം, സമുദ്രനിരപ്പ് ഉയരുന്നത്, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ സംയോജനമാണ് സംഭിവിക്കാന്‍ പോകുന്നത് എന്നാണ് നാസയും പഠനത്തിലൂടെ അടിവരയിടുന്നത്.
 

Follow Us:
Download App:
  • android
  • ios