ഇന്ത്യയുടെ ബഹിരാകാശ യാത്രാ പദ്ധതി ​ഗ​ഗൻയാനിന്റെ ആദ്യ ഘട്ടത്തിൽ വനിതളുണ്ടാകില്ല. 2022ൽ യാഥാ‌‌ർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ​ഗഗൻയാൻ ദൗത്യത്തിനായി സേനാവിഭാ​ഗങ്ങളിലെ ടെസ്റ്റ് പൈലറ്റുമാരെയായിരിക്കും തെരഞ്ഞെടുക്കുകയെന്ന അറിയിപ്പ് വന്നതോടെയാണ് പ്രഖ്യാപിക്കപ്പെട്ടത് പോലെ വനിതാ സാന്നധ്യം ദൗത്യത്തിൽ ഉണ്ടാകില്ലെന്ന് വ്യക്തമായത്. 

ആദ്യ ദൗത്യത്തിൽ തന്നെ സ്ത്രീകളും ഉണ്ടാകുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നത്. ഐഎസ്ആ‌‌ർഒയിലെ മുതി‌ന്ന ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് പിടിഐയാണ് ആദ്യ ​ഗ​ഗൻയാൻ ദൗത്യത്തിൽ വനിതകൾ ഉണ്ടായിരിക്കില്ലെന്ന് റിപ്പോ‌‌ർട്ട് ചെയ്തിരിക്കുന്നത്. റഷ്യയാണ് ഇന്ത്യൻ ബ​ഹിരാകാശ സഞ്ചാരികളെ പരിശീലിപ്പിക്കുകയെന്ന് നേരത്തെ റിപ്പോ‌ർട്ടുകളുണ്ടായിരുന്നു. പരിശീലനത്തിനായുള്ള ആദ്യ ബാച്ചിൽ 12 പേരാണ് ഉണ്ടാകുക. ഈ പന്ത്രണ്ട് പേരും വ്യോമ, നാവിക, കര സേനകളിലെ ടെസ്റ്റ് പൈലറ്റുകളായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോ‌ർട്ട്. സേനയിൽ വനിതാ പൈലറ്റുമാ‌‌‌ർ ഉണ്ടെങ്കിലും നിലവിൽ സേനാവിഭാ​ഗങ്ങളിലൊന്നും വനിതാ ടെസ്റ്റ് പൈലറ്റുമാരില്ല. 

പരിശീലനത്തിനായി റഷ്യയിലേക്ക് പോകാൻ പോകുന്ന പന്ത്രണ്ടം​ഗ സംഘത്തിനായുള്ള തെര‌ഞ്ഞെടുപ്പ് ആരംഭിച്ചതായാണ് റിപ്പോ‌‌ർട്ട്. ‌മറ്റ് രാജ്യങ്ങളും ആദ്യ ദൗത്യത്തിനായി സേനാ വിഭാ​ഗങ്ങളിലെ ടെസ്റ്റ് പൈലറ്റുമാരെ തന്നെയാണ് തിരഞ്ഞെടുക്കാറെന്നും ഇതേ രീതി പിന്തുടരാൻ ഇസ്റോയും തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോ‌ർട്ട്. ​സ്വാതന്ത്യത്തിന്റെ 75ആം വാ‌‌‌‌ർഷികത്തിൽ ഭാരതീയനെ ബഹിരാകാശത്തെത്തിക്കുകയെന്നതാണ് ​ഗ​ഗൻയാൻ പദ്ധതിയുടെ ലക്ഷ്യം റഷ്യയുടെ സഹായത്തോടെയാണ് നിലവിൽ പദ്ധതി പുരോഗമിക്കുന്നത്. മോസ്കോയിൽ ഇസ്റോയുടെ ഓഫീസ് അടക്കം സജ്ജമാക്കാൻ കഴിഞ്ഞ മാസം മന്ത്രിസഭ അനുമതി നൽകിയിരിന്നു.