ചെന്നൈ: തമിഴ്‌നാട്ടിലെ പെരമ്പലൂർ ജില്ലയിൽ ദിനോസർ മുട്ടകൾ കണ്ടെത്തി എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത് കഴിഞ്ഞ ദിവസമാണ്. സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്ത ഏറെ വൈറലാകുകയും ചെയ്തു.  എന്നാല്‍ സംഭവം പഠിക്കാന്‍ എത്തിയ  ജിയോളജിക്കൽ വിദഗ്ധർ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് മറ്റൊരു വസ്തുതയാണ്. 

ഇവ ദിനോസര്‍ മുട്ടയല്ലെന്നും ഫോസിലൈസ് ചെയ്ത അവശിഷ്ടങ്ങൾ മിക്കവാറും അമോണൈറ്റ് അവശിഷ്ടങ്ങളാണ് എന്നുമാണ് പഠന ശേഷം വിദഗ്ധ സംഘം പറയുന്നത്. കൂടുതൽ അന്വേഷണത്തിനായി വിദഗ്ധർ എല്ലാ ഫോസിൽ അവശിഷ്ടങ്ങളും ശേഖരിച്ചു.  2009 ലും സമാനമായ ഫോസിലൈസ് ചെയ്ത അവശിഷ്ടങ്ങൾ ഇതേ പ്രദേശത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഇതും അമോണൈറ്റിന്റെ അവശിഷ്ടങ്ങളായിരുന്നു.

അമോണൈറ്റുകൾ സമുദ്രത്തിലെ ഒരു ജീവിയായിരുന്നു. ഏകദേശം 41.6 കോടി വര്‍ഷങ്ങള്‍ക്ക് മുൻപ് ഡെവോണിയന്‍ കാലഘട്ടത്തില്‍ ഭൂമിയിലെ ഏറ്റവും വൈവിധ്യപൂര്‍ണമായ ജന്തുക്കളിലൊന്നായിരുന്ന സമുദ്ര ജീവിയായിരുന്നു അമോണൈറ്റുകള്‍. ഈ സൃഷ്ടികളുടെ കൂട്ടമായ അമോനോയിഡുകളുടെ സംസാര പദമാണ് അമോണൈറ്റ്. മൂന്ന് കൂട്ട വംശനാശങ്ങളെ അമോണൈറ്റുകാർ അതിജീവിച്ചു എന്നാണ് ഗവേഷകര്‍ പറയുന്നത്.