പറക്കും തളികകൾ മനുഷ്യന്റെ ആകാംക്ഷയ്ക്ക് പാത്രമായിട്ട് ദശാബ്ദങ്ങൾ പിന്നിട്ടു കഴിഞ്ഞു. 1947 ജൂൺ 24 -ന് കെന്നത്ത് അർണോൾഡ് എന്ന അമേരിക്കൻ പൈലറ്റ് ആദ്യമായി ഒരു 'അൺഐഡന്റിഫൈഡ്‌ ഫ്ളയിങ് ഒബ്ജക്റ്റ്' അഥവാ UFO കണ്ടതായി നടത്തിയ വെളിപ്പെടുത്തൽ തൊട്ടിങ്ങോട്ട് ഇടയ്ക്കിടെ ലോകത്തിന്റെ പലഭാഗങ്ങളിൽ  നിന്നായി, എന്തിന് ഇന്ത്യയുടെ  ആകാശങ്ങളിൽ നിന്നുവരെ അത്തരത്തിലുള്ള വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ശാസ്ത്ര ലോകത്തിന് ഇന്നുവരെ ഈ പ്രതിഭാസത്തെ വേണ്ടുംവിധം വിശദീകരിക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അന്യഗ്രഹങ്ങളിൽ നിന്ന് ഭൂമി സന്ദർശിക്കാനെത്തിയ 'എക്സ്ട്രാ ടെറസ്ട്രിയൽ'(ET) ജീവികളുടെ വാഹനങ്ങളാണിവ എന്ന പ്രചാരണം ഇന്നും സജീവമാണ്.

 

 

UFO 'കളുടെ കാര്യത്തിലെ ആ നിഗൂഢത നിലനിൽക്കെയാണ് ഇന്നലെ പെന്റഗൺ ഔപചാരികമായിത്തന്നെ മൂന്നു വീഡിയോകൾ 'അൺക്ലാസ്സിഫൈ' പൊതുജനങ്ങൾക്കുവേണ്ടി റിലീസ് ചെയ്തിരിക്കുന്നത്. ഇവ ഷൂട്ടുചെയ്തത് നേവി പൈലറ്റുമാരാണ്. കഴിഞ്ഞ പത്തുപതിനഞ്ചു വർഷമായി വൈറലായിരുന്ന മൂന്നു വീഡിയോകൾ തന്നെയാണ് പെന്റഗൺ ഇപ്പോൾ 'ഒഫീഷ്യലി' റിലീസ് ചെയ്തിരിക്കുന്നത്.

ഇതിൽ ആദ്യത്തേത് 2004 -ൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യമാണ്. രണ്ടും മൂന്നും വീഡിയോകൾ ഷൂട്ട്‌ ചെയ്തിട്ടുള്ളത് 2015 ജനുവരിയിലാണ്. ഇവ 2007 ,2017 വർഷങ്ങളിലായി അനധികൃതമായി ലീക്ക് ചെയ്യപ്പെട്ട വീഡിയോസ് തന്നെയാണെന്നും, ഇപ്പോൾ വന്നിരിക്കുന്നത് അവയുടെ ഒഫീഷ്യൽ റിലീസ് ആണെന്നും പ്രതിരോധ വക്താവ് സ്യൂ ഗഫ് പറഞ്ഞു. "ഈ വീഡിയോ ദൃശ്യങ്ങൾ അമേരിക്കൻ പ്രതിരോധ രഹസ്യങ്ങൾ ഒന്നും തന്നെ വെളിപ്പെടുത്തുന്നവയല്ല എന്നും, ഈ UFO -കളെക്കുറിച്ചുള്ള അന്വേഷണത്തിന് തടസ്സം നിൽക്കുന്നവയല്ല എന്നും തെളിഞ്ഞതുകൊണ്ടാണ് ദൃശ്യങ്ങൾ ഔദ്യോഗികമായിത്തന്നെ റിലീസ് ചെയ്യാനുള്ള തീരുമാനം പെന്റഗൺ എടുത്തത്" അവർ പറഞ്ഞു. എന്നാൽ പെന്റഗൺ ഇവയെ വിളിക്കുന്ന പേര് UFO എന്നോ പറക്കും തളിക (Flying Saucer) എന്നോ ഒന്നുമല്ല. അത് അൺഐഡന്റിഫൈഡ് ഏരിയൽ ബിഹേവിയർ(Unidentified Aerial Phenomena ) എന്നാണ്. 

 

 

പസിഫിക് സമുദ്രതീരത്തു നിന്ന് 100 മൈൽ അകലെയായാണ് ആദ്യ ദൃശ്യം റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇങ്ങനെ ഒരു സംഗതി ആദ്യമായി റെക്കോർഡ് ചെയ്യുന്നത് 2017 -ൽ ന്യൂയോർക്ക് ടൈംസ് ആണ്. പതിവ് പരിശീലനപ്പറക്കലിനിടെ രണ്ടു നേവി ടെസ്റ്റ് പൈലറ്റുകളാണ് ആഴ്ചകൾ മുമ്പ് ഒരു നേവി ക്രൂസറിന്റെ ശ്രദ്ധയിൽ പെട്ട ഒരു UFO -യെപ്പറ്റി അന്വേഷിക്കാനുള്ള ദൗത്യത്തിനിടെ ഈ വീഡിയോ പകർത്തുന്നത്. ദീർഘചതുരാകൃതിയിലുള്ള, ഏകദേശം 40 അടി നീളത്തിലുള്ളൊരു പറക്കും തളിക, വെള്ളത്തിൽ നിന്ന് 50 അടി ഉയരത്തിലായി വളരെ വേഗത്തിൽ നീങ്ങുന്നതായി അവരുടെ ശ്രദ്ധയിൽ പെട്ടു. പൈലറ്റുമാർ അടുത്തെത്തിയതോടെ പെട്ടെന്ന് പറന്നു പൊങ്ങി അതിവേഗം അപ്രത്യക്ഷമാവുകയായിരുന്നു അത്. അതിന്റെ ത്വരണം(acceleration) താൻ ഇന്നോളം കണ്ടതിൽ ഏറ്റവും വേഗത്തിലുള്ളതായിരുന്നു എന്ന് പൈലറ്റ് അന്ന് റിപ്പോർട്ട് ചെയ്യുകയുണ്ടായിരുന്നു.

രണ്ടുവിമാനങ്ങളിലായി ദൗത്യത്തിനിറങ്ങിയ ആ പൈലറ്റുമാർ പിന്നീട് അവിടെനിന്ന് 60 മൈൽ ദൂരെയുള്ള  മറ്റൊരു പോയന്റിൽ വെച്ച് പരസ്പരം സന്ധിക്കാം എന്നുറപ്പിച്ചു. ആ പോയന്റിലെത്താൻ വിമാനങ്ങൾക്ക് 40 മൈൽ ബാക്കി നിൽക്കെത്തന്നെ, അവർ തേടിക്കൊണ്ടിരുന്ന UFO പ്രസ്തുത പോയിന്റ് താണ്ടിക്കഴിഞ്ഞതായുള്ള റേഡിയോ അറിയിപ്പ് നേവി വിമാനങ്ങൾക്ക് കിട്ടിയിരുന്നു എന്ന് അന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

രണ്ടും മൂന്നും വീഡിയോകൾ 2015 -ൽ ഷൂട്ട് ചെയ്യപ്പെട്ടവയാണ്. രണ്ടാമത്തെ വീഡിയോയിൽ, ആകാശത്തിലൂടെ വളരെ വേഗത്തിൽ നീങ്ങുന്ന ഒരു പറക്കും തളിക സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നതായും വീഡിയോയിൽ കാണാം. "അതൊരു ഡ്രോണാണെന്നു തോന്നുന്നു.." എന്ന് ഒരു പൈലറ്റ് പറയുന്നത് കേൾക്കാം. "ഒന്നല്ല, ഒരു പടതന്നെയുണ്ട്..." എന്ന് മറ്റൊരു ശബ്ദം.

"ചുരുങ്ങിയത് 120 നോട്ട്സ് എങ്കിലും വേഗതയിൽ, കാറ്റിന്റെ എതിർദിശയിലാണ് അതിന്റെ പോക്ക്..." ആദ്യത്തെ പൈലറ്റിന്റെ ശബ്ദം വീണ്ടും,"നോക്ക് ഡ്യൂഡ്... അത് കിടന്നു കറങ്ങുന്നത് കണ്ടോ?"

2015 -ൽ തന്നെയുള്ള മൂന്നാമത്തെ വീഡിയോയിൽ കടലിനു മുകളിലൂടെ അതിവേഗത്തിൽ നീങ്ങുന്ന പറക്കും തളിക കണ്ട് നേവി പൈലറ്റ് ആശ്ചര്യത്തോടെ," വാട്ട് ദ ഫ്*## ഈസ് ദാറ്റ്..." എന്ന് പറഞ്ഞു പോകുന്നത് വീഡിയോയിൽ കാണാം. അന്ന് ഈ വീഡിയോ റെക്കോർഡ് ചെയ്ത പൈലറ്റുമാർ ടൈംസിനോട് പറഞ്ഞത്, 2014-15 കാലത്ത് തങ്ങൾ ഇങ്ങനെയുള്ള UFO -കൾ നിരവധിതവണ കണ്ടിട്ടുണ്ടെന്നാണ്. പെന്റഗൺ ഈ വിഷയത്തിൽ 2007 തൊട്ടു 2012 വരെ ഒരു പഠനം പോലും സംഘടിപ്പിച്ചിരുന്നു.

 

 

ഇപ്പോൾ ഈ വീഡിയോകൾ റിലീസ് ചെയ്യുന്നത് പ്രസ്തുത വീഡിയോകൾ വ്യാജമാണ് എന്നതരത്തിലുള്ള പ്രചാരണങ്ങൾക്ക് വിരാമമിടാൻ വേണ്ടി മാത്രമാണ് എന്ന് സ്യൂ ഗഫ് പറഞ്ഞു. "ഇങ്ങനെ ഒരു വീഡിയോ കഴിഞ്ഞ കുറെ കാലമായി മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പലരും ഈ വീഡിയോകൾ വ്യാജമാണ് എന്നുപോലും പറഞ്ഞുകൊണ്ട്. അക്കാര്യത്തിൽ ഒരു വ്യക്തത വരുത്താൻവേണ്ടിയാണ് ഇപ്പോൾ ഈ റിലീസ്. അതെ, ആ വീഡിയോകൾ വ്യാജമല്ല. പക്ഷേ, അതിൽ കാണിക്കുന്ന UFO -കൾ സംബന്ധിച്ച് ഇന്നും യാതൊരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല. അവ ഇന്നും 'അൺഐഡന്റിഫൈഡ്‌ ഫ്ളയിങ് ഒബ്ജെക്ട്സ്' ആയിത്തന്നെ തുടരുന്നു.