Asianet News MalayalamAsianet News Malayalam

സിഎംഎസ് 01 വിക്ഷേപണം വിജയകരം; അടുത്ത പിഎസ്എൽവി വിക്ഷേപണം പുതിയ യുഗത്തിൻ്റെ തുടക്കമെന്ന് ഡോ കെ ശിവൻ

ചന്ദ്രയാൻ 3, ആദിത്യ എൽ 1, ഗഗൻയാൻ എന്നീ അഭിമാന പദ്ധതികൾ പുരോഗമിക്കുകയാണെന്നും ഇവ എത്രയും പെട്ടന്ന് പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു.

PSLV C 50 LAUNCH SUCCESSFULL NEXT LAUNCH WILL USHER IN NEW ERA SAYS ISRO CHAIRMAN K SIVAN
Author
Bengaluru, First Published Dec 17, 2020, 4:42 PM IST

ബെംഗളൂരു: ഐഎസ്ആർഒയുടെ വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് 01 വിജയകരമായി വിക്ഷേപിച്ചു. പിഎസ്എൽവി സി 50 ആയിരുന്നു വിക്ഷേപണ വാഹനം. ജിയോ ട്രാൻസ്ഫർ ഓർബിറ്റിലുള്ള ഉപഗ്രഹത്തിന്റെ പ്രവർത്തനം തൃപ്തികരമാണെന്ന് ഇസ്രൊ അറിയിച്ചു. പതിനൊന്ന് വർഷം മുമ്പ് വിക്ഷേപിച്ച ജിസാറ്റ് 12ന് പകരക്കാരനായാണ് സിഎംഎസ് 01 വരുന്നത്. ഇസ്രൊയുടെ ഇന്ത്യയുടെ നാൽപ്പത്തിരണ്ടാം വാർത്താവിനിമയോപഗ്രഹമാണ് ഇത്. നാല് ദിവസത്തിന് ശേഷം ഉപഗ്രഹം നിർദ്ദിഷ്ട ഭ്രമണപഥത്തിലേക്ക് ഉയർത്തും.

പുതിയ യുഗത്തിലേക്ക് 

പിഎസ്എൽവിയുടെ അടുത്ത ദൗത്യം ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ടതായിരിക്കുമെന്ന് ഇസ്രൊ ചെയർമാൻ ഡോ കെ ശിവൻ അറിയിച്ചു. സ്വകാര്യ സ്റ്റാർട്ടപ്പായ പിക്സൽ ഇന്ത്യയുടെ ആനന്ദ് എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം ഇസ്രൊ പിഎസ്എൽവി സി 51 ഉപയോഗിച്ച് വിക്ഷേപിക്കും. ഇതാദ്യമായാണ് ഒരു ഇന്ത്യൻ സ്വകാര്യ കമ്പനി ഭൗമനിരീക്ഷണ ഉപഗ്രഹം നിർമ്മിക്കുന്നതും, അത് ഇസ്രൊ വിക്ഷേപിക്കുന്നതും. പുതിയ ബഹിരാകാശ നയമനുസരിച്ച് ഇൻസ്പേസ് മാനദണ്ഡങ്ങളനുസരിച്ചാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. പിക്സലിൻ്റെ ഭൗമ നിരീക്ഷണ ഉപഗ്രഹ ശ്രേണിയിയാ ഫയർഫ്ലൈയിലെ ആദ്യ ഉപഗ്രഹമായിരിക്കും ഇത്. സതീഷ് സാറ്റ്, യൂണിറ്റ് സാറ്റ് എന്നീ ഉപഗ്രഹങ്ങളും ഇസ്രൊ ബഹിരാകാശത്തെത്തിക്കും. പിഎസ്എൽവി സി 51 ഇന്ത്യൻ ബഹിരാകാശ രംഗത്തെ പുതിയ യുഗത്തിന്റെ തുടക്കമായിരിക്കുമെന്ന് കെ ശിവൻ പറഞ്ഞു. 

രാജ്യത്തെ ആദ്യ സ്വകാര്യ സാറ്റലൈറ്റ് ഇമേജിംഗ് സ്റ്റാർട്ടപ്പാണ് പിക്സൽ. ഇൻസ്പേസ് നിലവിൽ വന്നതിന് ശേഷം ഒരു ഇന്ത്യൻ കമ്പനിയുമായി ഉപഗ്രഹ വിക്ഷേപണത്തിന് ഉണ്ടാക്കുന്ന ആദ്യം കരാറാണ് ഇത്. ചന്ദ്രയാൻ 3, ആദിത്യ എൽ 1, ഗഗൻയാൻ എന്നീ അഭിമാന പദ്ധതികൾ പുരോഗമിക്കുകയാണെന്നും ഇവ എത്രയും പെട്ടന്ന് പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും ഐഎസ്ആർഒ ചെയർമാൻ അറിയിച്ചു. ടീം ഇസ്രൊ സന്ദർഭത്തിനൊത്ത് ഉയരുകയും സർക്കാരിന്‍റെ ആവശ്യങ്ങൾ പൂർത്തീകരിക്കുകയും ചെയ്യുമെന്നും ഡോ ശിവൻ കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios