ഇത് കഴിഞ്ഞാലൊരു പൂർണ ചന്ദ്രഗ്രഹണം ഇന്ത്യയിൽ നിന്ന് കാണണമെങ്കിൽ 2028 ഡിസംബർ 31വരെ കാത്തിരിക്കണം

ചെഞ്ചുവപ്പണിയുന്ന ചന്ദ്രനെ കാണാൻ ലോകം കാത്തിരിക്കുകയാണ്. ചന്ദ്ര ഗ്രഹണം ഇടയ്ക്കിടെ സംഭവിക്കാറുള്ളതാണെങ്കിലും ഇന്നത്തെ ചന്ദ്ര ഗ്രഹണം നിങ്ങൾ തീർച്ചയായും കണ്ടിരിക്കണം. കാരണം ഇത് കഴിഞ്ഞാലൊരു പൂർണ ചന്ദ്രഗ്രഹണം ഇന്ത്യയിൽ നിന്ന് കാണണമെങ്കിൽ 2028 ഡിസംബർ 31വരെ കാത്തിരിക്കണം. തെളിഞ്ഞ കാലാവസ്ഥയിൽ മനോഹരമായി ചന്ദ്രനെ കാണാൻ ഇങ്ങനെ ഒരു അവസരത്തിന് ചുരുങ്ങിയത് മൂന്ന് വർഷം കാത്തിരിക്കണം. ലോക ജനസംഖ്യയുടെ അറുപത് ശതമാനത്തിനും നഗ്ന നേത്രങ്ങൾക്കൊണ്ട് ദൃശ്യമാകുന്നതാണ് ഈ രക്തചന്ദ്രൻ. ഏഷ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും ഇക്കുറി മികച്ച രീതിയിൽ രക്ത ചന്ദ്രനെ കാണാനാവും. സൂര്യഗ്രഹണവുമായി താരതമ്യം ചെയ്യുമ്പോൾ തികച്ചും സുരക്ഷിതമായ കാഴ്ചയായതിനാൽ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും. പ്രത്യേക രീതിയിലുള്ള കണ്ണടകളോ ബൈനോക്കുലറുകളോ ഒന്നും ബ്ലഡ് മൂൺ കാണാം വേണ്ടെന്ന് ചുരുക്കം.

എന്താണ് ചന്ദ്രഗ്രഹണം?

ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമിയെത്തുമ്പോള്‍, ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രൻ ഭൂമിയുടെ ഇരുണ്ട ഉൾഭാഗത്തിലൂടെ കടന്നുപോകുമ്പോൾ അത് മങ്ങുകയും ചുവപ്പായി മാറുകയും ചെയ്യുന്നു. ഭാഗിക ചന്ദ്രഗ്രഹണത്തില്‍ ഭൂമിയുടെ നിഴലിൽ ചന്ദ്രന്‍റെ ഒരു ഭാഗം മാത്രമേ മറയുകയുള്ളൂ. അതേസമയം, ‌സമ്പൂര്‍ണ ചന്ദ്രഗ്രഹണത്തില്‍ സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിലായിരിക്കും. ഈ സമയം ഭൂമിയുടെ നിഴലിന്‍റെ ഏറ്റവും ഇരുണ്ട ഭാഗം ചന്ദ്രനെ മൂടുന്നു. ഭൂമിയുടെ നിഴലിൽ ചന്ദ്രൻ പൂർണ്ണമായി മറയുകയും എന്നാല്‍ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികള്‍ ചന്ദ്രനെ ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിൽ ദൃശ്യമാക്കുകയും ചെയ്യുന്നു.

ചന്ദ്രന്‍റെ ചുവപ്പ് നിറത്തിന് കാരണം

ബ്ലഡ് മൂൺ ഇഫക്റ്റ് എന്നറിയപ്പെടുന്ന ഈ ചുവപ്പ് നിറം, ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശം ചെറിയ നീല തരംഗദൈർഘ്യങ്ങൾ ദൂരേക്ക് ചിതറുമ്പോൾ, കൂടുതൽ ചുവന്ന തരംഗദൈർഘ്യങ്ങൾ ചന്ദ്രനിലേക്ക് വളയുകയും കടും ചുവപ്പ് നിറത്തിൽ പ്രകാശിപ്പിക്കുകയും ചെയ്യുന്ന റെയ്‌ലീ വിസരണം മൂലമാണ് ഉണ്ടാകുന്നത്. ചുരുക്കിപ്പറ‌ഞ്ഞാൽ സമ്പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയുടെ അന്തരീക്ഷമാണ് ചന്ദ്രനെ രക്തചന്ദ്രനാക്കി മാറ്റുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രകീര്‍ണനത്തിന് വിധേയമാകും. ഇതോടെ ദൃശ്യപ്രകാശത്തിലെ പച്ച മുതൽ വയലറ്റ് തരംഗദൈർഘ്യം കുറഞ്ഞ കിരണങ്ങള്‍ ചിതറിത്തെറിക്കുകയും തരംഗദൈർഘ്യം കൂടിയ ചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ ചന്ദ്രനിലേക്കെത്തുകയും ചെയ്യും. ഇതുമൂലമാണ് ചന്ദ്രന്‍ രക്തചന്ദ്രനായി കാണപ്പെടുന്നത്. സാധാരണ സൂര്യോദയസമയത്തും സൂര്യാസ്തമയസമയത്തും കാണുന്ന ചുവന്ന ചക്രവാളദൃശ്യത്തിന് സമാനമായിരിക്കും ബ്ല‍ഡ് മൂണിന്റെ നിറം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം