ലിസ്ബണ്‍: തനിക്ക് ലൈംഗിക പ്രവര്‍ത്തികളില്‍ താല്‍പ്പര്യമില്ലെന്ന റോബോട്ട് സോഫിയയുടെ വെളിപ്പെടുത്തല്‍ ശാസ്ത്രലോകത്ത് ചര്‍ച്ചയാകുന്നു. ലിസ്ബണില്‍ നടക്കുന്ന ലോക വെബ് ഉച്ചകോടിയില്‍ മാധ്യമങ്ങളുമായി സംവദിക്കവേയാണ് സോഫിയയുടെ അഭിപ്രായപ്രകടനം.  എപ്പോഴെങ്കിലും പ്രണയത്തിലായിട്ടുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് ലൈംഗിക പ്രവര്‍ത്തികള്‍ സാധ്യമല്ലെന്നാണ് ഹ്യൂമനോയിഡായ സോഫിയയുടെ പ്രതികരണം. 

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യസമാനമായി ആളുകളുമായി സംവേദനം നടത്താന്‍ സാധിക്കുന്ന റോബോട്ടാണ് സോഫിയ. ആളുകളുടെ ചോദ്യത്തിന് മറുപടി നല്‍കാനുള്ള പ്രോഗ്രാമിംഗ് ഇതില്‍ നടത്തിയിട്ടുണ്ട്. കേള്‍ക്കുന്ന കാര്യങ്ങള്‍ പഠിച്ചും മുഖഭാവങ്ങള്‍ മനസിലാക്കിയും സോഫിയ പ്രതികരിക്കും. എന്നാല്‍ സോഫിയ ലിസ്ബണില്‍ നടത്തിയ പ്രതികരണം സോഫിയയുടെ നിര്‍മ്മാതാക്കളെ അടക്കം ഞെട്ടിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്.

സംഭവത്തില്‍ പ്രതികരിച്ച സോഫിയയുടെ നിര്‍മ്മാതാക്കളായ ഹാന്‍സണ്‍ റോബോട്ടിക്സ് സംഭവം ഗൗരവമാണെന്ന് പ്രതികരിച്ചു. ഹാന്‍സണ്‍ റോബോട്ടിക്സ് സിടിഒ അമിത് കുമാര്‍ പുണ്ടെലീയുടെ പ്രതികരണ പ്രകാരം സംഭവത്തില്‍ അന്വേഷണം നടന്നുവെന്നും. സോഫിയയുടെ സ്ക്രിപ്റ്റില്‍ സെക്സ് ആക്ടിവിറ്റി സംബന്ധിച്ച പരാമര്‍ശം ഇല്ലെന്നും കണ്ടെത്തി. എന്നാല്‍ ലൗ, സെക്സ് എന്നിവ തമ്മിലുള്ള ബന്ധം സോഫിയയ്ക്ക് മാറിപ്പോയതാണ് പ്രശ്നമായത്.