ടോക്കിയോ: പശുവിന്‍റെ ദേഹത്ത് സീബ്ര ലെയിന്‍ വരച്ചാല്‍ പശുവിനെ പ്രാണികളും, പാറ്റകളും, കൊതുകുകളും എന്നിവ കടിക്കുന്നത് കുറയും എന്ന് പഠനം. ജപ്പാനീസ് ശാസ്ത്രകാരന്മാരാണ് ഇത്തരം ഒരു പഠനം നടത്തിയത്. ഇതിന്‍റെ പഠന റിപ്പോര്‍ട്ട് പബ്ലിക്ക് ലൈബ്രറി ഓഫ് സയന്‍സ് ജേര്‍ണലായ പോള്‍സ് വണ്ണില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജപ്പാനീസ് ഗവേഷകന്‍ കൊജീമ.ടിയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. പഠനത്തില്‍ ആറ് ജപ്പാനീസ് കറുത്ത പശുക്കളുടെ ദേഹത്ത് സീബ്ര രീതിയില്‍ പെയ്ന്‍റ് ചെയ്തും, അല്ലാതെയും മൂന്ന് ദിവസം വീതം നിരീക്ഷിച്ചു. ഒരോ ദിവസത്തിന് ശേഷവും ഹൈ റെസല്യൂഷന്‍ ക്യാമറ വച്ച് പശുവിന്‍റെ ശരീരം പരിശോധിച്ച് എത്രത്തോളം മറ്റ് പ്രാണികള്‍ പശുവിന്‍റെ ശരീരത്തെ ആക്രമിച്ചിട്ടുണ്ടെന്ന് ഇവര്‍ രേഖപ്പെടുത്തി.

ഇതില്‍ നിന്നും സീബ്ര ലൈനുകള്‍ വരച്ച പശുക്കാളെക്കാള്‍ പ്രാണി ആക്രമണം കൂടുതല്‍ നേരിട്ടത് സീബ്ര ലെയിന്‍ വരയ്ക്കാത്ത പശുക്കളിലാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കി. പെയിന്‍റ് ചെയ്യാത്ത പശുവിന് നേരിട്ട പ്രാണി ആക്രമണത്തെക്കാള്‍ 50 ശതമാനം കുറവാണ് പെയിന്‍റ് ചെയ്ത പശുക്കളില്‍ ഏറ്റത് എന്നാണ് പഠനം കണ്ടെത്തിയത്.

ഇതിനൊപ്പം തന്നെ പ്രാണി ആക്രമണം കുറയുന്നതോടെ പശുക്കളിലെ ആക്രമണ സ്വഭാവത്തിലും വലിയ വ്യത്യാസം വന്നുവെന്നും പഠനം പറയുന്നു. പശുവിന്‍റെ പുറത്ത് വരച്ച സീബ്രലെയിനുകള്‍ പ്രാണികളുടെ ഇരയെ കണ്ടെത്താനുള്ള മോഷന്‍ ട്രാക്കിംഗ് സംവിധാനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഉതകുന്നതാണ് ഈ കൗതുകരമായ പ്രതിഭാസത്തിന് പിന്നില്‍ എന്നാണ് പഠനം പറയുന്നത്.

കീടനാശിനിയും മറ്റും ഉപയോഗിക്കാതെ തന്നെ പ്രാണി ആക്രമണങ്ങളില്‍ നിന്നും കന്നുകാലികളെ സംരക്ഷിക്കാനും, അതിലൂടെ അവയുടെ ആരോഗ്യവും അവയെ ഉപയോഗപ്പെടുത്തുന്ന മനുഷ്യ ആരോഗ്യവും മെച്ചപ്പെടുത്താം എന്നാണ് പഠനം നടത്തിയ ഗവേഷകര്‍ പറയുന്നത്.