എട്ട് ദിവസത്തെ ദൗത്യം നീണ്ടത് 8 മാസം, ഒടുവില്‍ നാസ തിയതി കുറിച്ചു; സുനിത വില്യംസ് മാര്‍ച്ചില്‍ തിരിച്ചെത്തും

എട്ട് മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) കുടുങ്ങിയ സുനിത വില്യംസും ബുച്ച് വില്‍മോറും ഒടുവില്‍ ഭൂമിയിലേക്ക് മടങ്ങിവരുന്നു 

Sunita Williams and Butch Wilmore will back to earth by mid march

കാലിഫോര്‍ണിയ: എട്ട് ദിവസത്തെ ദൗത്യത്തിനായി പോയി എട്ട് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) കഴിയുന്ന ഇന്ത്യന്‍ വംശജയായ സുനിത വില്യംസിന്‍റെ മടക്കയാത്ര ഒടുവില്‍ തീരുമാനമായി. ഐഎസ്എസില്‍ കുടുങ്ങിയ സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും മാര്‍ച്ച് പകുതിയോടെ ഭൂമിയില്‍ മടങ്ങിയെത്തുമെന്ന് നാസ അറിയിച്ചു. മാര്‍ച്ച് അവസാനമോ ഏപ്രിലിലോ മാത്രമായിരിക്കും ഇരുവരെയും തിരികെ കൊണ്ടുവരാനാവുക എന്നായിരുന്നു നാസ നേരത്തെ കരുതിയിരുന്നത്. 

2024 ജൂൺ മാസം മുതൽ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ട്. ബോയിംഗിന്‍റെ സ്റ്റാർലൈനര്‍ പേടകത്തില്‍ കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു ഇരുവരും ഐഎസ്എസിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ സ്റ്റാർലൈനറിന്‍റെ പ്രൊപല്‍ഷന്‍ സംവിധാനത്തിലെ തകരാറും ഹീലിയും ചോര്‍ച്ചയും കാരണം എട്ട് ദിവസ ദൗത്യത്തിന് ശേഷം ഇരുവര്‍ക്കും നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് തിരികെ വരാനായില്ല. പലതവണ ഇരുവരെയും മടക്കികൊണ്ടുവരാന്‍ നാസ ശ്രമിച്ചുവെങ്കിലും സ്റ്റാര്‍ലൈനറിന്‍റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവച്ചു. തുടര്‍ന്ന് സ്റ്റാര്‍ലൈനറിനെ ആളില്ലാതെ ന്യൂ മെക്സിക്കോയില്‍ 2024 സെപ്റ്റംബര്‍ 7ന് ലാന്‍ഡ് ചെയ്യിക്കുകയാണ് നാസയും ബോയിംഗും ചെയ്തത്. ഇതോടെ സുനിത വില്യംസിനും ബുച്ച് വിൽമോറിനും 250 ദിവസത്തോളം ഐഎസ്എസിൽ തുടരേണ്ടിവരികയായിരുന്നു. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ വനിതയെന്ന ലോക റെക്കോര്‍ഡ് ഇതിനിടെ സുനിത വില്യംസ് സ്ഥാപിക്കുകയും ചെയ്തു.

Read more: പസഫിക് സമുദ്രത്തിന് 423 കിലോമീറ്റർ മുകളില്‍ വച്ച് ക്ലിക്ക്; എക്കാലത്തെയും മികച്ച സെല്‍ഫിയുമായി സുനിത വില്യംസ്

2025 മാര്‍ച്ച് പകുതിയോടെ സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വില്യമോറും മടങ്ങിയെത്തുക. ഇവര്‍ക്കൊപ്പം ക്രൂ-9 അംഗങ്ങളായ നിക്ക് ഹഗും അലക്സാണ്ടര്‍ ഗോര്‍ബുനോവും മടക്കയാത്രയില്‍ ഡ്രാഗണ്‍ ക്യാപ്‌സൂളിലുണ്ടാകും. മുമ്പ് ബഹിരാകാശ യാത്രക്കായി ഉപയോഗിച്ചിട്ടുള്ള ഡ്രാഗണ്‍ പേടകമാണിത് എന്നാണ് റിപ്പോര്‍ട്ട്. ഫ്ലോറിഡ‍യിലെ കാലാവസ്ഥ പരിഗണിച്ചായിരിക്കും പേടകത്തിന്‍റെ ലാന്‍ഡിംഗ് തിയതി സ്പേസ് എക്സുമായി ചേര്‍ന്ന് നാസ തീരുമാനിക്കുക. 

Read more: ആറ് മണിക്കൂര്‍ ബഹിരാകാശ നടത്തം; ഏഴ് മാസത്തിനിടെ ആദ്യമായി പുറത്തിറങ്ങി സുനിത വില്യംസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios