9 മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന ഗവേഷണ സഞ്ചാരികളാണ് സുനിത വില്യംസും ബുച്ച് വില്‍മോറും
കാലിഫോര്‍ണിയ: ഒരാഴ്ചത്തെ ദൗത്യത്തിനായി ഭൂമിയില്‍ നിന്ന് യാത്ര തിരിച്ച് ഒന്‍പത് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) കഴിയുകയാണ് നാസയുടെ ഗവേഷണ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും. ഇവരുടെ മടക്കയാത്രയെ കുറിച്ച് ഏറെ അനിശ്ചിതത്വങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. പലതവണ സുനിയുടെയും ബുച്ചിന്‍റെയും മടക്കയാത്ര നാസയ്ക്ക് നീട്ടിവെക്കേണ്ടിവന്നു. ഇത്രയും സുദീര്‍ഘമായ ബഹിരാകാശ വാസത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സുനിത വില്യംസും ബുച്ച് വില്‍മോറും.
ഐഎസ്എസിലെ ദീര്‍ഘമായ വാസം ഭൂമിയിലെ ആളുകള്‍ക്കിടയില്‍ ഉയര്‍ത്തുന്ന ആശങ്കകളില്‍ കഴമ്പില്ല എന്ന തരത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകരോട് സുനിത വില്യംസിന്‍റെയും ബുച്ച് വില്‍മോറിന്‍റെയും പ്രതികരണം. 'എപ്പോഴാണ് ഞങ്ങള്‍ തിരിച്ചെത്തുക എന്നത് സംബന്ധിച്ച് ഭൂമിയിലെ ആളുകള്‍ക്ക് കൃത്യമായി അറിയാത്തതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം എന്നാണ് എനിക്ക് തോന്നുന്നത്, അത്തരത്തിലുള്ള എല്ലാ അനിശ്ചിതത്വങ്ങളും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്'- എന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുനിത വില്യംസിന്‍റെ മറുപടി.
അതേസമയം, സുനിത വില്യംസിന്‍റെയും ബുച്ച് വില്‍മോറിന്‍റെയും ബഹിരാകാശ ജീവിതം ഇത്രയുമധികം നീളാന്‍ രാഷ്ട്രീയ കാരണങ്ങളുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ബുച്ചിന്‍റെ പ്രതികരണം. സുനിതയും ബുച്ചും ബഹിരാകാശ നിലയത്തില്‍ മുന്‍ നിശ്ചയിച്ചതില്‍ നിന്ന് വിപരീതമായി 9 മാസത്തോളം കഴിയേണ്ടിവന്നതിനെ രാഷ്ട്രീയവത്കരിക്കാന്‍ പുതിയ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും അദേഹത്തിന്‍റെ ഉപദേശകനും സ്വകാര്യ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സിന്‍റെ ഉടമയുമായ ഇലോണ്‍ മസ്കും ശ്രമിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ബുച്ചിന്‍റെ ഈ മറുപടി. ജോ ബൈഡന്‍ ഭരണകൂടം സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചില്ല എന്ന് ട്രംപ് മുമ്പ് ആഞ്ഞടിച്ചിരുന്നു.
വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി സുനിത വില്യംസും ബുച്ച് വില്‍മോറും 2024 ജൂണ്‍ അഞ്ചിനാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. എന്നാല്‍ ബോയിംഗിന്‍റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടത്തിലെ സാങ്കേതിക തകരാര്‍ കാരണം ഇരുവര്‍ക്കും ഭൂമിയിലേക്ക് പ്രതീക്ഷിച്ച സമയത്ത് മടങ്ങിവരാനായില്ല. ഇരുവരുമില്ലാതെയാണ് സ്റ്റാര്‍ലൈനറിനെ ലാന്‍ഡ് ചെയ്യിച്ചത്. ഇതോടെ ഐഎസ്എസില്‍ ദീര്‍ഘകാലമായി കഴിയേണ്ടിവന്ന സുനിതയും ബുച്ചും മാര്‍ച്ച് 19ന് സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ക്യാപ്‌സൂളില്‍ ഭൂമിയിലേക്ക് മടങ്ങിവരും. ഇതിനിടെ സുനിത വില്യംസിന്‍റെ ആരോഗ്യം സംബന്ധിച്ച് ഏറെ ആശങ്കകള്‍ ഉയര്‍ന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
